കോഴിക്കോട് : ദേശീയപാത 66ന്‍റെ വികസനം പ്രാവർത്തികമാകുന്നതോടെ ചുങ്കവും ഏർപ്പെടുത്തും. കാസര്‍കോട് തലപ്പാടി മുതല്‍ തിരുവനന്തപുരം കാരോടുവരെ 645 കിലോമീറ്റര്‍ നീളത്തിലാണ് ദേശീയപാത 66. പാത കടന്നുപോകുന്ന പതിനൊന്നിടത്ത് പുതിയ ടോള്‍ കേന്ദ്രങ്ങൾ വരും. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ രണ്ടുവീതവും ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓരോ കേന്ദ്രങ്ങളിലുമാണ് ചുങ്കം പിരിക്കുക.
11 ഇടത്ത് പിരിവ് ; ദേശീയപാത 66ന്‍റെ വികസനം പൂര്‍ത്തിയാവുന്നതോടെ ടോള്‍ ഏർപ്പെടുത്തും - ദേശീയപാത 66 ടോള്‍ കേന്ദ്രങ്ങൾ വരും
ദേശീയപാത 66 കടന്നുപോകുന്ന പതിനൊന്നിടത്ത് പുതിയ ടോള്‍ കേന്ദ്രങ്ങൾ വരും
Published : Feb 10, 2024, 9:34 PM IST
2008ലെ, ദേശീയപാതകളില്‍ ചുങ്കം പിരിക്കാനുള്ള നിയമം അടിസ്ഥാനമാക്കിയാണ് ടോള്‍ നിരക്കുകള്‍ നിശ്ചയിക്കുക. ഇതുപ്രകാരം കാറില്‍ ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 65 പൈസയാണ് നല്‍കേണ്ടത്. ചെറിയ ചരക്കുവാഹനങ്ങള്‍, മിനി ബസുകള്‍ തുടങ്ങിയവയ്ക്ക് 1.05 രൂപയും ബസുകള്‍ക്കും ട്രക്കുകള്‍ക്കും 2.20 രൂപയും മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് 3.45 രൂപയുമാണ് നിരക്ക് വരിക. ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് ചുങ്കം ബാധകമല്ല.
ദേശീയപാത 66ന്‍റെ വികസനം പൂര്‍ത്തിയാകുന്നതോടെ ചുങ്കം പിരിവ് ഉപഗ്രഹാധിഷ്‌ഠിതമാക്കാന്‍ തയ്യാറെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതേ കുറിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി സൂചന നൽകിയിരുന്നു. നിലവില്‍ ചുങ്കം പിരിക്കുന്ന കേന്ദ്രങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മാത്രമാണ് തുക ഈടാക്കുന്നത്. ഉപഗ്രഹ സംവിധാനം നടപ്പായാല്‍ ചെറിയദൂരം യാത്ര ചെയ്‌താലും തുക നല്‍കണം. അതേസമയം ചുങ്കം പിരിക്കുന്നതിനെ എതിർക്കുന്ന ഇടത് യുവജന സംഘടനകളുടെ നീക്കം എന്തായിരിക്കും എന്നും കണ്ടറിയണം.