കേരളം

kerala

കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ അടിമുടി ദുരൂഹത ; വീടിന്‍റെ തറയടക്കം പൊളിച്ചു പരിശോധിക്കുമെന്ന് പൊലീസ്

By ETV Bharat Kerala Team

Published : Mar 9, 2024, 4:40 PM IST

കട്ടപ്പനയിലെ ഇരട്ടക്കൊലപാതകത്തില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ്. വീടിന്‍റെ തറയടക്കം പൊളിച്ച് പരിശേധിക്കും.

Kattappana Double Murder  ഇടുക്കി കട്ടപ്പന  ആഭിചാര കൊല  police case
കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ അടിമുടി ദുരൂഹത

കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ അടിമുടി ദുരൂഹത

ഇടുക്കി :കട്ടപ്പനയിൽ മോഷണ കേസിലെ പ്രതികൾ ഇരട്ടകൊലപാതകം നടത്തിയെന്ന കേസിൽ പ്രതികളെ ഇന്ന് കസ്‌റ്റഡിയിൽ കിട്ടുമെന്ന കണക്കുകൂട്ടലിൽ പൊലീസ്. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നതിനാലാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. റിമാൻഡിലുള്ള പ്രതി നിതീഷിനെ കസ്‌റ്റഡിയിൽ വിട്ടു കിട്ടിയാൽ വിശദമായി ചോദ്യം ചെയ്യും. അതിന് ശേഷം തെളിവെടുപ്പ് നടത്തിയേക്കും.

കസ്‌റ്റഡിയിൽ കിട്ടിയാൽ വൃദ്ധനെ കൊലപ്പെടുത്തി കുഴിച്ചുമുടിയെന്ന് സംശയിക്കുന്ന കാഞ്ചിയാറിലെ വീട്ടിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പ്രതി വിഷ്‌ണുവിനെയും കസ്‌റ്റഡിയിൽ വാങ്ങുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾ താമസിച്ചിരുന്ന വീട്ടിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. കൊലപാതകം നടന്നോയെന്ന് കണ്ടെത്താൻ വീടിന്‍റെ തറയടക്കം പൊളിച്ചു പരിശോധിക്കാനാണ് പൊലീസിന്‍റെ തീരുമാനം.

ഇടുക്കി കട്ടപ്പനയിൽ ആഭിചാര കൊലയെന്നാണ് സംശയം. നവജാത ശിശുവിനെയും വൃദ്ധനെയും കൊലപ്പെടുത്തിയതായാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. മോഷണ കേസിലെ പ്രതികളെ കുറിച്ചുള്ള അന്വേഷണത്തനിടിയിലാണ് ഇരട്ടക്കൊലപാതകം സംബന്ധിച്ച സൂചനകൾ ലഭിച്ചത്.

കട്ടപ്പനയിലെ വർക്ക്‌ഷോപ്പിൽ മോഷണം നടന്നതുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണിപ്പോൾ വഴിത്തിരിവിലെത്തിയിരിക്കുന്നത്. കട്ടപ്പന സ്വദേശികളായ വിഷ്‌ണു വിജയൻ, നിതീഷ് എന്നിവരാണ് മോഷണക്കേസിൽ അറസ്‌റ്റിലായത്. മോഷണവുമായി ബന്ധപ്പെട്ട് കക്കാട്ടുകടയിൽ താമസിക്കുന്ന വിഷ്‌ണുവിന്‍റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഈ സമയത്ത് വിഷ്‌ണുവിന്‍റെ അമ്മയെയും സഹോദരിയെയും വീട്ടിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇവരെ മോചിപ്പിച്ച ശേഷം പൊലീസ് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

വീട്ടിലെ അസ്വാഭാവികമായ സാഹചര്യവും പൊലീസിൽ സംശയം ജനിപ്പിച്ചു. ഈ വീട്ടിൽ താമസിച്ചിരുന്ന വിഷ്‌ണുവും നിതീഷും അമ്മയും സഹോദരിയും നാട്ടുകാരുമായി ബന്ധം സ്ഥാപിച്ചിരുന്നില്ല. വിഷ്‌ണുവിന്‍റെ സഹോദരിയിൽ നിന്നാണ് കൊലപാകതം സംബന്ധിച്ച സൂചനകൾ ലഭിച്ചത്. ആറുമാസം മുമ്പ് നിതീഷുമായുണ്ടായ അടിപിടിയിലാണ് ഇവരുടെ അച്‌ഛൻ വിജയൻ മരിച്ചുതെന്നാണ് മൊഴി. സംഭവം ആരെയും അറിയിക്കാതെ മൃതദേഹം വീട്ടിനുള്ളിൽ കുഴിച്ചിട്ടുവെന്നും വിഷ്‌ണുവിന്‍റെ സഹോദരി മൊഴി നൽകിയിട്ടുണ്ട്.

വിഷ്‌ണുവിന്‍റെ സഹോദരിക്ക് നിതീഷുമായുണ്ടായ ബന്ധത്തിൽ 2016 ൽ ഒരു കുഞ്ഞ് ജനിച്ചിരുന്നു. കുഞ്ഞിനെ നാലു ദിവസം പ്രായമുള്ളപ്പോൾ കഴുത്തുഞെരിച്ചു കൊന്നു എന്നാണ് വിവരം. ഇത് ആഭിചാരത്തിന്‍റെ ഭാഗമണെന്നും സംശയമുണ്ട്. പരിക്കേറ്റ് വിഷ്‌ണു മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പീരുമേട് സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന നിതീഷിനെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌ത ശേഷം വീടിനകം കുഴിച്ച് പരിശോധിക്കാനാണ് പൊലീസിന്‍റെ തീരുമാനം. നിതീഷ് പൂജാരിയാണ്. നിതീഷിനെ കസ്‌റ്റഡിയിൽ വിട്ടു കിട്ടാൻ പൊലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details