കേരളം

kerala

ETV Bharat / state

ട്രിപ്പിൾ ഇനി വേണ്ട, എംവിഡി പണി തരും: ലൈസൻസ് റദ്ദാക്കും, ഇൻഷുറൻസും ഇല്ല; മുന്നറിയിപ്പുമായി എംവിഡി - ഇരുചക്രവാഹനങ്ങളിൽ ട്രിപ്പിൾ

ലൈസൻസ് റദ്ദാക്കുക, ഇൻഷുറൻസ് തടയുക എന്നിവ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് എംവിഡി.

മോട്ടോർ വാഹനവകുപ്പ്  Motor Vehicle Department  ട്രാഫിക് നിയമലംഘനങ്ങൾ  Triple riding on two wheelers
MVD Has Taken Strict Action On Triple Riding On Two Wheelers; License Will Be Revoked, No Insurance

By ETV Bharat Kerala Team

Published : Mar 10, 2024, 9:11 PM IST

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിൽ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്യുന്ന നിയമലംഘനങ്ങൾക്ക് നടപടി കടുപ്പിച്ച് മോട്ടോർ വാഹനവകുപ്പ്. ഇത്തരം നിയമലംഘനങ്ങൾക്ക് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ നേരിടേണ്ടിവരുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. മാത്രമല്ല ഇൻഷുറൻസ് അടക്കം തടയുമെന്നും മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകി.

നിയമപരമായി ഇരുചക്ര വാഹനങ്ങളിൽ ഡ്രൈവർക്കൊപ്പം ഒരാൾക്കേ യാത്ര ചെയ്യാനാവൂ. എങ്കിലും പലരും ഇക്കാര്യത്തിൽ വീഴ്‌ച വരുത്തുന്നതായി എംവിഡിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ഇരുചക്ര വാഹനങ്ങളിൽ ട്രിപ്പിൾ റൈഡ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകിയത്.

മോട്ടോർ വാഹനവകുപ്പിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:

"ട്രിപ്പിൾ ട്രിപ്പ് ട്രബിളാണ് ചങ്ങായി: ഇരുചക്രവാഹനങ്ങളിൽ ഓടിക്കുന്ന വ്യക്തി തന്നെ ഒട്ടും സുരക്ഷിതനല്ല. നമ്മുടെ പ്രത്യേക സാഹചര്യത്തിൽ ഇരുചക്രവാഹനങ്ങളിൽ ഡ്രൈവർക്കൊപ്പം പരമാവധി ഒരു റൈഡറെ കൂടി മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ ഈ രണ്ട് സീറ്റ് വാഹനത്തിൽ മൂന്നുപേർ കയറിയ ട്രിപ്പിൾ റൈഡിംഗ് സർക്കസ് അഥവാ സാഹസം നമ്മുടെ റോഡുകളിലെ ഒരു നിത്യകാഴ്‌ചയാണ്.

ചിലപ്പോഴൊക്കെ അതിൽ കൂടുതലും കാണാറുണ്ട്. ഈ നിരോധിതശീലം അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തിൽ കൈത്താങ്ങ് ആകേണ്ട ഇൻഷുറൻസ് പരിരക്ഷ നിഷേധിക്കപ്പെടാനും കാരണമാകാം. അതിനാൽ തന്നെ ഈ 'വീരകൃത്യം' ശിക്ഷാർഹവുമാണ്. ഇത്തരത്തിൽ രണ്ടിൽ കൂടുതൽ പേർ ഒരു ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ നേരിടേണ്ടിവരും.

ട്രിപ്പിൾ ട്രിപ്പുകൾ ഒരു പക്ഷെ നിയമനടപടികൾ നേരിടാൻ പോലും അവശേഷിക്കാതെയാകും അവസാനിക്കുക. ദയവായി ഇരുചക്ര വാഹനങ്ങളിൽ ഒരു തരത്തിലുമുള്ള സാഹസങ്ങൾക്ക് മുതിരാതിരിക്കുക."

Also read: ഡ്രൈവിങ് ടെസ്റ്റ്; സ്ഥലമൊരുക്കാൻ എംവിഡി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം, പരിഷ്‌കരണം മെയ്‌ 1 മുതൽ

ABOUT THE AUTHOR

...view details