തിരുവനന്തപുരം:പിവി അന്‍വറിന്‍റെ പരാതി പരിശോധിക്കേണ്ടത് സര്‍ക്കാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അന്‍വര്‍ പി ശശിക്കെതിരെയടക്കം ഉന്നയിച്ച ആരോപണങ്ങളില്‍ നിലവില്‍ പാര്‍ട്ടിയില്‍ പരിശോധനയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്‍വറിനെ പൂര്‍ണമായും പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കൈക്കൊണ്ടത്.
അന്‍വര്‍ എഴുതി നല്‍കിയ പരാതിയില്‍ പി ശശിയെക്കുറിച്ച് പരാമര്‍ശമില്ല. പി ശശിക്കെതിെര നിലവില്‍ പരിശോധനയില്ല. റിപ്പോര്‍ട്ടിന് ശേഷം പാര്‍ട്ടി പരിശോധിക്കേണ്ടതുണ്ടെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തിന് ഒരു മാസത്തെ സമയം നല്‍കിയിട്ടുണ്ട്. അതിന് ശേഷം കാര്യങ്ങള്‍ തീരുമാനിക്കും.
അന്‍വറിന്‍റെ പരാതി ഉയര്‍ത്തി പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. മാധ്യമങ്ങളുടെയും ബൂര്‍ഷ്വ പാര്‍ട്ടികളുടെയും അത്തരം ശ്രമങ്ങള്‍ വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോപണങ്ങളെല്ലാം തികച്ചും രാഷ്‌ട്രീയമാണെന്ന് കെ സുധാകരന്‍റെ പ്രസ്‌താവനയിലൂടെ വ്യക്തമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കാന്‍ അന്‍വറിനെ ഉപയോഗിക്കുന്നു. പിന്തിരിപ്പനായ രാഷ്‌ട്രീയക്കാരനായി അന്‍വറിനെ ചിത്രീകരിക്കാന്‍ ശ്രമിച്ചു. ആരോപണം മെറിറ്റില്‍ പരിശോധിക്കാന്‍ പ്രതിപക്ഷം തയാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും