തിരുവനന്തപുരം: ഗാന്ധിയെ വധിക്കാൻ ഗോഡ്‌സെ ചെയ്‌തതിനേക്കാൾ വലിയ വധമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്‌തതെന്ന രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബ്രിട്ടീഷ് സംവിധായകൻ റിച്ചാർഡ് ആറ്റൻബറോയുടെ 'ഗാന്ധി' സിനിമ 1982 പുറത്തിറങ്ങുന്നതുവരെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ലോകം അറിഞ്ഞിരുന്നില്ലെന്ന മോദിയുടെ വിചിത്ര വാദത്തിനെതിരെയായിരുന്നു എംവി ഗോവിന്ദന്‍റെ വിമർശനം.
സമനില തെറ്റിയ രീതിയിലാണ് മോദിയുടെ ക്യാമ്പയിൻ. പച്ചയായ രീതിയിൽ മുസ്ലിം വിരുദ്ധത മോദി പ്രചരിപ്പിച്ചു. ദൈവത്തിന്‍റെ നേരവകാശിയാണ് താനെന്ന പ്രഖ്യാപനവും നടത്തി. കന്യാകുമാരി വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കുന്ന മോദി നാലാം തീയതിക്ക് ശേഷം താൻ തന്നെ ദൈവമെന്ന് പറയുമോയെന്ന് കണ്ടറിയണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പരിഹസിച്ചു.
അധികാരത്തിൽ വരുമെന്ന് വീരവാദം മുഴക്കിയ ബിജെപി വലിയ തിരിച്ചടി നേരിടും. മോദി ഗ്യാരന്‍റി എന്ന ചെപ്പടി വിദ്യ ജനങ്ങൾ ഉൾക്കൊള്ളില്ല. വർഗീയ രൂപീകരണ പ്രശ്‌നങ്ങളെ ജനകീയമായി ചെറുക്കുക എന്നത് ഈ തെരഞ്ഞെടുപ്പിൽ കണ്ടു. ന്യൂനപക്ഷങ്ങൾക്കെതിരായി 70 ഓളം അഭിമുഖങ്ങളാണ് മോദി നൽകിയത്. പ്രധാനമന്ത്രിയായി പ്രവർത്തിക്കുന്ന ഒരാൾ ബോധമില്ലാത്ത രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത് രാജ്യത്തിന് അപമാനകരമാണ്.
ഡി കെ ശിവകുമാറിന് ഭ്രാന്ത്:കേരളത്തിലെ രാജരാജേശ്വരി ക്ഷേത്രത്തെ സംബന്ധിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉന്നയിച്ച ആരോപണങ്ങളിൽ ഡി കെ ശിവകുമാറിന് ഭ്രാന്താണെന്നായിരുന്നു എം വി ഗോവിന്ദന്‍റെ പ്രതികരണം. കേരളത്തിലെ സാംസ്‌കാരിക ജീവിതത്തെ പരിഹസിക്കുന്ന പ്രസ്‌താവനയാണ്. അങ്ങനെ ഒരു ഇടമല്ല രാജരാജേശ്വരി ക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ നടത്തുന്നത് അപവാദം പ്രചാരണം
അബുദാബി കൊമേഷ്യൽ ബാങ്കിൽ എക്‌സാലോജികിന് അക്കൗണ്ട് ഉണ്ടെന്നും പിഡബ്ല്യൂസി, എസ്എൻസി ലവലിൻ കമ്പനികളിൽ നിന്നും ഇതിലേക്ക് കോടികളെത്തിയെന്നുമുള്ള ഷോൺ ജോർജിന്‍റെ ആരോപണത്തിനെതിരെയും എംവി ഗോവിന്ദൻ പ്രതികരിച്ചു.