കേരളം

kerala

ETV Bharat / state

ബിജെപിക്ക് കേരളത്തിൽ ഒന്നും കിട്ടില്ലെന്നിരിക്കെ മോദി പറഞ്ഞ സീറ്റേതെന്ന് എം വി ഗോവിന്ദൻ - Mv govindan About BJP

കോൺഗ്രസ് എപ്പോള്‍ വേണമെങ്കിലും ബി ജെ പി യിലേക്ക് പോകുന്ന സ്ഥിതി - എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ  Lok Sabha Election  CPIM  ബിജെപി
Mv govindan About BJP Seats in Lok Sabha Election

By ETV Bharat Kerala Team

Published : Mar 8, 2024, 10:59 PM IST

ബിജെപിക്ക് കേരളത്തിൽ ഒന്നും കിട്ടില്ലെന്നിരിക്കെ മോദി പറഞ്ഞ സീറ്റേതെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം : കേരളത്തിൽ രണ്ടക്കം കിട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിന്‍റെ പൊരുൾ ഇപ്പോഴാണ് മനസിലായതെന്നും ബിജെപിക്ക് കേരളത്തിൽ ഒരു സീറ്റും കിട്ടില്ലെന്നിരിക്കെ ആരുടെ സീറ്റിനെ കുറിച്ചാണ് മോദി പറഞ്ഞതെന്ന് കൗതുകപൂർവം പരിശോധിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

കെപിസിസി പ്രസിഡന്‍റ് പോലും ബിജെപിയിലേക്ക് പോകുമോ എന്ന കാര്യം ഉറപ്പിച്ച് പറയാൻ കഴിയുന്നില്ല. ബിജെപിയിലേക്ക് പോകുന്ന സാഹചര്യം തള്ളാത്തയാളാണ് കോൺഗ്രസിനെ നയിക്കുന്ന കെപിസിസി പ്രസിഡന്‍റ്. നിലവിൽ 200ഓളം മുൻ കോൺഗ്രസ് എംഎൽഎമാരും എം.പിമാരും ഇപ്പോൾ ബി.ജെ.പിയിലാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

വർഗീയ ശക്തിക്കെതിരെ പോരാടുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നുപറഞ്ഞാൽ ആരെങ്കിലും ഇപ്പോള്‍ വിശ്വസിക്കുമോ? കോൺഗ്രസ് എപ്പോള്‍ വേണമെങ്കിലും ബി ജെ പി യിലേക്ക് പോകുന്ന സ്ഥിതിയാണ്. കോൺഗ്രസിന് പ്രവർത്തകരെ പാർട്ടിയിൽ നിലനിർത്താൻ പറ്റുന്നില്ല. മതനിരപേക്ഷതയ്ക്ക് സ്വാധീനമുള്ള കേരളത്തിൽ പോലും കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് പോകുന്നു. കെ.മുരളീധരൻ വടകരയിൽ നിന്നും പോയത് തോൽക്കുമെന്ന് ഉറപ്പായത് കൊണ്ടാണ്.

എന്നാൽ തൃശൂരിൽ പോയാലും അദ്ദേഹം തോൽക്കുമെന്ന കാര്യം തീർച്ചയാണ്. കെ മുരളീധരന് അവസരവാദ നിലപാടാണ്. വിളിച്ചാൽ ഞാനും ഉണ്ണാൻ പോകുമെന്ന് പറഞ്ഞ ആളാണ്. ഉണ്ടവരെല്ലാം ബിജെപിയിലേക്ക് പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം പത്മജ വേണുഗോപാൽ പ്രതാപന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു.

അവരാണ് ഇപ്പോൾ കാല് മാറി ബിജെപിയിൽ ചേർന്നത്. ഇടുക്കിയിലെ സിപിഎം നേതാവ് ബിജെപിയിലേക്ക് പോകുമെന്ന വാർത്തയിലും അദ്ദേഹം പ്രതികരിച്ചു. രാജേന്ദ്രൻ ബിജെപിയിലേക്ക് പോകില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും രാജേന്ദ്രനുമായി താൻ സംസാരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്‍റെ നടപടി കാലാവധി കഴിഞ്ഞാൽ പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിപ്പിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

അതേസമയം ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീർ സിപിഎമ്മിൽ ചേർന്നു. ന്യൂനപക്ഷ മോർച്ച ദേശീയ ഭാരവാഹി ആയിരുന്നു. കഴിഞ്ഞ 30 വർഷമായി ബിജെപിയിൽ പ്രവർത്തിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഷാളണിയിച്ച് സ്വീകരിച്ചു. അഭിമന്യു കേസ് വിചാരണ തുടങ്ങാനിരിക്കെയാണ് രേഖകൾ കാണാതായത്. ഒന്നാം പ്രതിയെ കിട്ടാനും വൈകി. അതും വിചാരണ വൈകാൻ കാരണമായി. പ്രതികളെ എല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിദ്ധാർഥിന്‍റെ മരണത്തിൽ സർക്കാർ പ്രതികൾക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിക്കും. സിദ്ധാർത്ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ പറയുന്ന ഏത് അന്വേക്ഷണത്തിനും സർക്കാർ തയാറാണ്. ഒരു കെ.എസ്.യുക്കാരനെയും എസ്എഫ്ഐക്കാർ ക്യാംപസിൽ കൊന്നിട്ടില്ല. കൊല്ലപ്പെട്ടിട്ടുള്ളത് എസ്എഫ്ഐക്കാർ മാത്രമാണ്.

വന്യജീവി ആക്രമണത്തിൽ പുതിയ ഓർഡിനൻസ് കേന്ദ്ര സർക്കാർ കൊണ്ടുവരണം. അല്ലെങ്കിൽ
കേന്ദ്രസർക്കാർ 1972-ലെ നിയമം ഭേദഗതി ചെയ്‌താലേ ഇതിനൊരു പരിഹാരമുള്ളൂ. കേരള സർക്കാർ ഇതുമായി ബന്ധപ്പെട്ട ഒരു പദ്ധതി കേന്ദ്രസർക്കാരിന് അയച്ചിരുന്നു. എന്നാൽ ഇതിനൊരു മറുപടി കേന്ദ്രം നൽകിയിട്ടില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ABOUT THE AUTHOR

...view details