തിരുവനന്തപുരം : മുതലപ്പൊഴിയിൽ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് തുടരെ അപകടങ്ങൾ. രാവിലെ 6.45 ഓടെയായിരുന്നു ആദ്യ അപകടം. അഞ്ചുതെങ്ങ് സ്വദേശി ഔസേപ്പിന്‍റെ (60) ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന ജിത്തു, റൂബൺ, അഭിലാഷ്, പ്രവിൺ എന്നിവരെ കോസ്‌റ്റൽ പൊലീസ് എത്തി രക്ഷപ്പെടുത്തി. അതേസമയം വള്ളം കടലിലേക്ക് ഒഴുകി പോയി. മാത്രമല്ല എഞ്ചിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വള്ളത്തിലുണ്ടായിരുന്ന മീനും നഷ്‌ടമായി.
ഇതിന് പിന്നാലെയാണ് അടുത്ത അപകടം ഉണ്ടായത്. നേരത്തെ മറിഞ്ഞ വള്ളം തീരത്തേക്ക് എത്തിക്കാൻ പോയി തിരികെ വന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട് നിയന്ത്രണം നഷ്‌ടപ്പെട്ട വള്ളം പുലിമുട്ടിലേക്ക് ഇടിച്ചു കയറി. വള്ളത്തിൽ ഉണ്ടായിരുന്ന 60 വയസ്സുകാരൻ ഔസേപ്പ് കടലിലേക്ക് തെറിച്ച് വീണു. അപകടത്തിൽ അദ്ദേഹത്തിന്‍റെ തലയ്ക്ക് പരിക്കേറ്റു. ഔസേപ്പിനെ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം ഇന്നലെ പൂവാർ മുതൽ പൂന്തുറ വരെയുള്ള പ്രദേശങ്ങളിലുണ്ടായ കടലാക്രമണത്തിൽ ഇരുന്നൂറോളം വീടുകളിലാണ് വെള്ളം കയറിയത്. വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ ക്യാമ്പിലേക്ക് മാറ്റി. ദുഃഖവെള്ളിയും ഈസ്‌റ്റർ ആഘോഷവും കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങാത്തത് കടലാക്രമണത്തിന്‍റെ ആഘാതം കുറച്ചു. ഇന്നലെ ഉച്ചയോടെയാണ് കടൽ കരയിലേക്ക് കയറാൻ തുടങ്ങിയത്. കാലാവസ്ഥ വ്യതിയാനം കൊണ്ടുണ്ടായ കള്ളക്കടൽ പ്രതിഭാസമാണ് ഇന്നലെ ഉണ്ടായതെന്നാണ് കാലാവസ്ഥ വിദഗ്‌ധർ പറയുന്നത്.