കണ്ടൽക്കാടുകളുടെ സംരക്ഷകൻ, കല്ലേൻ പൊക്കുടൻ്റെ വഴിയേ മുരുകേശനും (ETV Bharat) എറണാകുളം: പ്രകൃതി സരംക്ഷണമാണ് അതിജീവനത്തിൻ്റെ ഏകവഴിയെന്ന തിരിച്ചറിവാണ് വൈപ്പിൻ സ്വദേശിയായ മുരുകേശനെ കണ്ടൽ സ്‌നേഹിയാക്കിയത്. തീരത്തിൻ്റെ ജൈവമതിലുകൾ എന്ന് വിശേഷിപ്പിക്കുന്ന കണ്ടൽക്കാടുകളുടെ ഉത്പാദനത്തിലും വ്യാപനത്തിലും മുഴുകിയാണ് മുരുകേശന്‍റെ ജീവിതം. കണ്ടൽ ചെടികളിലൂടെ ലോകമറിഞ്ഞ കണ്ണൂർക്കാരനായ കല്ലേൻ പൊക്കുടൻ്റെ വഴിയിലൂടെയാണ് മുരുകേശന്‍റെയും യാത്ര.
ഇതിനകം ഒരു ലക്ഷത്തിലേറെ കണ്ടൽ ചെടികളാണ് ഇദ്ദേഹം വിത്ത് മുളപ്പിച്ച് നടീലിനായി തയ്യാറാക്കിയത്. ഇതിൽ അരലക്ഷത്തോളം ചെടികൾ സ്വന്തമായി തന്നെ വച്ച് പിടിപ്പിച്ചതാണ്. അരക്ഷത്തിലേറെ ചെടികൾ വനം വകുപ്പും പ്രകൃതി സംഘടനകൾ വഴിയുമാണ് നട്ടതെന്നാണ് മുരുകേശൻ പറയുന്നത്. ഇത്രയേറെ കണ്ടൽ ചെടികൾ ഒരു വ്യക്തിയിലൂടെ പ്രകൃതി സംരക്ഷണത്തിനായി ലഭിച്ചുവെന്നത് തന്നെ ഏറെ ശ്രദ്ധേയമാണ്.
കാലാവസ്ഥ വ്യതിയാനമുൾപ്പടെ തീരപ്രദേശങ്ങളിൽ സൃഷ്‌ടിക്കുന്ന വെല്ലുവിളികളെ കുറിച്ച് ബോധവാനാണ് മുരുകേശൻ. ആരെയും കാത്തിരിക്കാതെ കണ്ടൽകാടുകളുടെ വ്യാപനത്തിനായി അദ്ദേഹം മുന്നിട്ടിറങ്ങുകയായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ കണ്ടൽകാടുകളുടെ കേന്ദ്രമായി വൈപ്പിൻകരയെ മാറ്റുകയാണ് മുരുകേശൻ്റെ ലക്ഷ്യം.
ഭാവിയിൽ സമുദ്രജലനിരപ്പ് ഉയർന്ന് വലിയ ഭീഷണി നേരിടാൻ സാധ്യതയുള്ള വൈപ്പിൻ ദ്വീപിനായി ഇപ്പോഴേ സംരക്ഷണമൊരുക്കുകയാണ് ഈ സാധാരണക്കാരൻ. ഒരു പതിറ്റാണ്ട് മുമ്പ് കണ്ടൽ കാടുകളുടെ സംരക്ഷണത്തിനായി ഇറക്കിയപ്പോൾ പലരും ഭ്രാന്തനെന്ന് വിളിച്ചു. നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് കണ്ടൽ നടീലുകൾ മുടങ്ങിയ സംഭവങ്ങളുമേറെ. ഇതിൽ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ വരെ ഉണ്ടായിരുന്നുവെന്ന് മുരുകേശൻ പറയുന്നു.
കഴിഞ്ഞ അമ്പത് വർഷത്തിലേറെയായി കണ്ടൽകാടുകളുടെ പ്രാധാന്യം ലോകം തിരിച്ചറിഞ്ഞിരുന്നു. എന്നാൽ സുനാമിയെ തുടർന്നാണ് കണ്ടലിൻ്റെ പ്രതിരോധവും പ്രാധാന്യവും ലോകം കൂടുതൽ തിരിച്ചറിഞ്ഞത്. എന്നിരുന്നാലും നമ്മുടെ നാട്ടുകാർ വേണ്ട രീതിയിൽ കണ്ടലിനെ മനസിലാക്കിയിട്ടില്ലെന്നാണ് മുരുകേശൻ്റെ അഭിപ്രായം.
കണ്ടൽ ചെടി മുളപ്പിക്കുന്നത് എപ്പോൾ, എവിടെ?
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കണ്ടൽ വിത്തുകൾ ശേഖരിച്ചാണ് കണ്ടൽ ചെടികൾ മുളപ്പിക്കുന്നത്. വല്ലാർപ്പാടം, മുളവുകാട്, പുതുവൈപ്പിൻ, വളന്തക്കാട് എന്നിവിടങ്ങളിൽ നിന്നാണ് മുരുകേശൻ കണ്ടൽ വിത്തുകൾ ശേഖരിക്കുന്നത്. ഒമ്പത് ഇഞ്ച് വലിപ്പത്തിൽ മുളവെട്ടിയെടുത്ത് ഉൾഭാഗം വൃത്തിയാക്കി ഇതിൽ തോട്ടിൽ നിന്നും ശേഖരിക്കുന്ന ചെളി നിറച്ചു കെട്ടി ഇതിൽ വിത്ത് പാകിയാണ് കണ്ടൽ ചെടി മുളപ്പിച്ചെടുക്കുന്നത്. അനുയോജ്യമായ ഉയരത്തിൽ ചെടി വളർന്ന ശേഷം ജലാശയങ്ങളിൽ ചെടി വച്ചുപിടിപ്പിക്കും.
2013 മുതലാണ് വൈപ്പിൻ മാലിപ്പുറത്തെ വീടിനോട് ചേർന്ന് ഇദ്ദേഹം കണ്ടൽ നഴ്‌സറി തുടങ്ങിയത്. സോഷ്യൽ ഫോറസ്‌ട്രി യുടെ സഹകരണത്തോടെയായിരുന്നു ഇത്. കണ്ടൽ ചെടികൾ വിൽപന നടത്തി വരുമാനമുണ്ടാക്കുകയെന്ന ലക്ഷ്യം മുരുകേശനില്ല. പലപ്പോഴും സൗജന്യമായാണ് ചെടികൾ വിതരണം ചെയ്യാറുള്ളത്.
സാമ്പത്തിക പ്രയാസമുണ്ടെങ്കിലും ഉപേക്ഷിച്ച് പോകൻ തയ്യാറല്ല ഈ പ്രകൃതി സ്‌നേഹി. നഴ്‌സറി സ്ഥാപിക്കുന്നതിന് സ്വമാനാഥൻ ഫൗണ്ടേഷൻ സഹായം നൽകിയിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് വരെ മുരുകേശൻ്റെ കണ്ടൽ ചെടികളെ കുറിച്ച് അറിയാൻ നിരവധി പേരാണ് ഒരോ ദിവസവും വിളിക്കുന്നത്. ഇതിനകം നിരവധി പുരസ്‌കാരങ്ങളും മുരുകേശനെ തേടിയെത്തിയിട്ടുണ്ട്.
കണ്ടൽ ചെടികളുടെ പ്രത്യേകത
ഭൂമിയിലെ ഏറ്റവും ജൈവസമ്പന്ന ആവാസവ്യവസ്ഥയാണ് കണ്ടൽകാടുകൾ സൃഷ്‌ടിക്കുന്നത്. ഉഷ്‌ണ മേഖല കാടുകൾ ആഗിരണം ചെയ്യുന്ന കാർബണിനേക്കാൾ അമ്പതിരട്ടി കാർബൺ വലിച്ചെടുക്കാനുള്ള ശേഷി കണ്ടൽക്കാടുകൾക്കുണ്ട്. അന്തരീക്ഷ മലിനീകരണം തടയുന്നതിലും ഇവ പ്രധാന പങ്ക് വഹിക്കുന്നു.
വിവിധയിനം മത്സ്യങ്ങളടക്കമുള്ള ജലജീവികൾക്ക് സുരക്ഷിതമായി പ്രജനനം നടത്താനുള്ള അനുയോജ്യമായ ഇടം കൂടിയാണ് കണ്ടൽ വനങ്ങൾ. സുനാമി ഉൾപ്പടെയുള്ള പ്രകൃതി ദുരന്തങ്ങളെ ചെറുക്കാനും ഇവയ്‌ക്ക് ശേഷിയുണ്ട്. അഴിമുഖങ്ങളും ചതുപ്പുകളും കായലോരങ്ങളും, പുഴയും കടലും ചേരുന്നിടത്തുള്ള ഉപ്പു കലർന്ന വെള്ളവും കണ്ടൽ ചെടികൾ വളരാൻ അനുയോജ്യമാണ്.
ALSO READ:കറുമുറാ തിന്നാൻ 'ചറുമുറു'; കാസർകോട് വന്നാൽ കഴിക്കാതെ പോകരുതേ ഈ സ്‌പെഷ്യൽ ഐറ്റം...