ഇടുക്കി:കുമളിയിൽ മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് പൊലീസെത്തി ആശുപത്രിയിലാക്കിയ വയോധിക മരിച്ചു. കുമളി അട്ടപ്പള്ളം സ്വദേശി അന്നക്കുട്ടി മാത്യു ആണ് ആരുടെയും കനിവിന് കാത്തുനിൽക്കാതെ മരണത്തിന് കീഴടങ്ങിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അന്നക്കുട്ടി. (An elderly woman who was taken to the hospital by the police died after her children abandoned her in Kumali)
കുമളിയിൽ വാടക വീട്ടിൽ ഒറ്റക്ക് കഴിഞ്ഞു വരികയായിരുന്നു അന്നക്കുട്ടി മാത്യു. ശാരീരികമായ ഒരുപാട് അസ്വസ്ഥതകളുണ്ടായിരുന്ന അന്നക്കുട്ടി കഴിഞ്ഞ ദിവസം വീണ് വലതു കൈ ഒടിഞ്ഞിരുന്നു. വയോധികയെ മക്കൾ സംരക്ഷിക്കുന്നില്ലെന്ന നാട്ടുകാരുടെയും, പഞ്ചായത്തംഗങ്ങളുടെയും പരാതിയെ തുടര്‍ന്നാണ് കുമളി ഇൻസ്പെക്ടർ ജോബിൻ ആന്‍റണിയും സംഘവും അന്നക്കുട്ടിക്ക് സഹായവുമായി എത്തിയത്.
ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയിലായിരുന്ന അന്നക്കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. അന്നക്കുട്ടിയെ പരിചരിക്കാനായി വനിത പൊലീസിനെ ഉൾപ്പെടെ നിയോഗിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ ആയതിനാൽ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും, തുടർന്ന് ആരോഗ്യ സ്ഥിതി വഷളായതോടെ ഇവിടെ നിന്നും വയോധികയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.