എറണാകുളം :മൂവാറ്റുപുഴയിൽ ആള്‍ക്കൂട്ട ആക്രമണത്തിനിരയായ അതിഥിതൊഴിലാളി മരിച്ച സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. നിലവിൽ റിമാൻഡിലായ പത്തു പ്രതികൾക്ക് പുറമെ കൂടുതൽ പേരുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംശയമുള്ളവരുടെ ഫോണുകൾ ഉൾപ്പെടെ പരിശോധിക്കും.
റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നാളെ കോടതിയെ സമീപിക്കും. പ്രതികളിൽ അഞ്ചുപേരെ സംഭവ സ്ഥലത്ത് എത്തിച്ച് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
അതേസമയം സംഭവത്തിൽ പങ്കില്ലാത്ത തങ്ങളെ കേസിൽ കുടുക്കിയെന്ന ആരോപണവുമായി പ്രതികളിൽ ചിലർ രംഗത്ത് വന്നു. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തിയെന്ന സംശയത്തിൽ ഫോണുകൾ ശാസ്ത്രീയമായ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ആൾക്കൂട്ട ആക്രമണത്തിന് ഇരയായി അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് കൊല്ലപ്പെട്ടത് വ്യാഴാഴ്‌ച രാത്രി വൈകിയായിരുന്നു. സംഭവത്തിൽ പ്രദേശ വാസികളായ വിജീഷ്, അനീഷ്, സത്യന്‍, സൂരജ്, കേശവ്, ഏലിയാസ് കെ പോള്‍, അമല്‍, അതുല്‍ കൃഷ്‌ണ, എമില്‍, സനല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്‌തത്.
വ്യാഴാഴ്‌ച രാത്രി പതിനൊന്നരയോടെ വാളകം ആയുര്‍വേദ ആശുപത്രിക്ക് സമീപം പെൺ സുഹൃത്തിൻ്റെ വീട്ടിലെത്തിയ അശോക് ദാസിനെ നാട്ടുകാർ മർദിക്കുകയായിരുന്നു. ഇതിനിടെ പൊലീസിൽ വിവരമറിയിച്ചതോടെ അശോക് ദാസ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെയാണ് ഒരു സംഘമാളുകൾ ചേർന്ന് അശോക് ദാസിനെ കെട്ടിയിടുകയും വീണ്ടും ക്രൂരമായി മർദിക്കുകയും ചെയ്‌തത്.
അവശനായ അശോക് ദാസിനെ പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്‌ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വാളകത്തെ ഹോട്ടലില്‍ ജോലി ചെയ്‌തു വരുകയായിരുന്നു മരിച്ച അശോക് ദാസ്.
നെഞ്ചിലും തലയ്ക്കുമേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കൾ എത്തിയ ശേഷം വിട്ടുനൽകും. അതിഥി തൊഴിലാളിയെ മർദിച്ചവർക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തത്.
Also Read:അതിഥി തൊഴിലാളിക്ക് ആള്‍ക്കൂട്ടാക്രമണത്തില്‍ ദാരുണാന്ത്യം, പത്ത് പേര്‍ കസ്റ്റഡിയില്‍