എറണാകുളം: മാസപ്പടി വിവാദത്തിലെ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി ജൂണ്‍ 18ന് ഹൈക്കോടതി പരിഗണിക്കും. സമാന ആവശ്യം ഉന്നയിച്ചുള്ള ഗിരീഷ് ബാബുവിന്‍റെ ഹർജിക്കൊപ്പമാകും എംഎല്‍എയുടെ ഹര്‍ജിയും പരിഗണിക്കുക. എംഎല്‍എയുടെ ഹർജിയിൽ സർക്കാരിനെ കക്ഷിയാക്കിയിട്ടില്ല.
അതിന് പിന്നിലെ താത്‌പര്യം എന്തെന്ന് അറിയാമെന്ന് ഡയറക്‌ടര്‍ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഹർജിയിൽ നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് ഡിജിപി വ്യക്തമാക്കി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം നിരസിച്ച വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മാത്യു കുഴൽനാടന്‍ എംഎല്‍എ റിവിഷൻ ഹർജി നല്‍കിയത്.
താൻ നൽകിയ തെളിവുകൾ വിശദമായി പരിശോധിക്കാതെയാണ് വിജിലൻസ് കോടതി ഉത്തരവ്. മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചത് കൊണ്ട് പരാതി രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് തള്ളാനാവില്ലെന്നും മാത്യു കുഴൽ നാടൻ ഹർജിയിൽ പറഞ്ഞു. പരാതി വീണ്ടും പുതിയതായി പരിഗണിക്കാന്‍ ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ALSO READ:മാസപ്പടി വിവാദം : 'വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണം' ; റിവിഷന്‍ ഹര്‍ജിയുമായി മാത്യു കുഴല്‍നാടന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍, മകൾ വീണ വിജയന്‍, സിഎംആർഎൽ, എക്‌സാലോജിക് എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കുഴൽ നാടൻ നൽകിയ ഹർജി ഇക്കഴിഞ്ഞ മെയ് 6ന് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയിരുന്നു. ആരോപണം തെളിയിക്കത്തക്ക തെളിവുകൾ ഇല്ലെന്ന് വ്യക്തമാക്കിയായിരുന്നു ഹർജി വിജിലൻസ് കോടതി തള്ളിയത്. ഇതിന് പിന്നാലെയാണ് എംഎല്‍എ റിവിഷന്‍ ഹര്‍ജി നല്‍കിയത്.