കേരളം

kerala

ETV Bharat / state

മാസപ്പടി വിവാദം: ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജി വിധി പറയാൻ മാറ്റി - Monthly Quota Case Update - MONTHLY QUOTA CASE UPDATE

മാസപ്പടി വിവാദത്തിലെ അന്വേഷണത്തിന്‍റെ പേരിൽ ഇഡി ബുദ്ധിമുട്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ട് സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. അതേസമയം കേസിൽ അന്വേഷണം അനിവാര്യമാണെന്ന നിലപാടിലുറച്ച് ഇഡി.

മാസപ്പടി വിവാദം  CMRL AGAINST ED PROBE  CM PINARAYI VIJAYAN  VEENA VIJAYAN MONTHLY QUOTA CASE
CMRL Company Against ED In High Court (ETV Bharat)

By ETV Bharat Kerala Team

Published : Aug 7, 2024, 8:43 PM IST

എറണാകുളം: മാസപ്പടി ഇടപാടിലെ ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. അന്വേഷണത്തിന്‍റെ പേരിൽ ഇഡി ബുദ്ധിമുട്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സിഎംആർഎൽ ജീവനക്കാരാണ് കോടതിയെ സമീപിച്ചത്.

സിഎംആർഎൽ കമ്പനി ചെലവ് കണക്കുകൾ പെരുപ്പിച്ച് കാട്ടിയെന്നും അന്വേഷണം അനിവാര്യമെന്നും ഇഡി വാദത്തിനിടെ ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വീണാ വിജയന്‍റെ എക്‌സലോജിക് സൊല്യൂഷൻസിന് നൽകിയ പണത്തിന്‍റെ ഉറവിടം കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നാണ് ഇഡിയുടെ നിലപാട്.

സിഎംആർഎൽ കമ്പനിയ്‌ക്കെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. രഹസ്യ സ്വഭാവമുള്ളത് കൊണ്ട് പരാതിയുടെ വിശദാംശങ്ങൾ പുറത്ത് വിടാനാകില്ലെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം മാസപ്പടിയിൽ വിജിലൻസ് അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി വീണ്ടും വാദത്തിനായി മാറ്റി. അന്തരിച്ച വിവരാവകാശ പ്രവർത്തകൻ ഗിരീഷ് ബാബുവിന്‍റെ ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി.

മാസപ്പടി വിവാദം ഇങ്ങനെ: കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനി, മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനിക്ക് നല്‍കാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ കണ്ടെത്തലാണ് മാസപ്പടിവിവാദത്തിന് തിരികൊളുത്തത്.

സിഎംആര്‍എല്ലില്‍ നിന്ന് എക്‌സാലോജിക് സൊല്യൂഷന്‍സ് 1.72 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്‍. ഇത് വീണാ വിജയനെയും പിണറായി വിജയനെയും പാര്‍ട്ടിയെയും ഒരുപോലെ വെട്ടിലാക്കി. 2017 മുതല്‍ 2020 കാലയളവിലാണ് സിഎംആര്‍എല്‍ വീണയുടെ കമ്പനിക്ക് പണം നല്‍കിയതെന്നും ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ കണ്ടെത്തലിലുണ്ടായിരുന്നു.

ഈ വെളിപ്പെടുത്തലിന് പിന്നാലെ, വീണയ്ക്കും പിണറായി വിജയനും സര്‍ക്കാരിനും സിപിഎമ്മിനുമെതിരേ പ്രതിപക്ഷം ആക്രമണം കടുപ്പിച്ചു. മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ ഈ വിഷയം സഭയിലും ഉന്നയിച്ചിരുന്നു. അതോടെ മാസപ്പടി ആരോപണം കത്തിപ്പടര്‍ന്നു.

എന്നാല്‍ അതിനിടെ സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ പണത്തിന് വീണ ഐജിഎസ്‌ടി അടച്ചതായി നികുതി വകുപ്പ് കണ്ടെത്തുകയും അതിന്‍റെ റിപ്പോര്‍ട്ട് പുറത്തെത്തുകയും ചെയ്‌തു. വീണയെ തുണയ്ക്കുന്ന നിലപാടായിരുന്നു സിപിഎം സ്വീകരിച്ചത്.

2019 ജനുവരി 25 നാണ് സിഎംആർഎല്ലിന്‍റെ ഓഫിസിലും ഫാക്‌ടറിയിലും എംഡിയുടെയും പ്രധാന ഉദ്യോഗസ്ഥരുടെയും വീടുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. പരിശോധനയിൽ കമ്പനിയുടെ ചെലവുകൾ പെരുപ്പിച്ചുകാട്ടി വൻതോതിൽ നികുതിവെട്ടിച്ചതായി കണ്ടെത്തിയിരുന്നു.

കൂടാതെ നിയമ വിരുദ്ധമായി കോടിക്കണക്കിന് രൂപ ചില പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും ട്രേഡ് യൂണിയൻ നേതാക്കൾക്കും നൽകിയതിന്‍റെ തെളിവുകളും പരിശോധനയിൽ ലഭിച്ചു. വീണയും എക്‌സാ ലോജിക് കമ്പനിയും സിഎംആർഎല്ലുമായി ഉണ്ടാക്കിയ കരാറും ആദായ നികുതി വകുപ്പ് കണ്ടെത്തുകയായിരുന്നു.

Also Read:മാസപ്പടി വിവാദം: സിഎംആർഎല്‍ ഫോറൻസിക് ഓഡിറ്റ്; കെഎസ്ഐഡിസിയുടെ ആവശ്യം മുഖം രക്ഷിക്കാനുള്ള നടപടിയെന്ന് ആര്‍ഒസി

ABOUT THE AUTHOR

...view details