തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുകള്‍ പല രൂപത്തിലും ഭാവത്തിലുമാണ് അടുത്തിടെ നമ്മുടെ നാട്ടില്‍ പ്രത്യക്ഷപ്പെടുന്നത്. ജാഗ്രതാ നിര്‍ദേശങ്ങളുമായി പൊലീസ് സംവിധാനങ്ങള്‍ നട്ടം തിരിയുന്നതിനിടെയാണ് തലസ്ഥാനത്തെ സിഇടി കോളജിലെ വിദ്യാര്‍ത്ഥികളെയും സൈബര്‍ സംഘം കുരുക്കിലാക്കിയത്.
രാജ്യം മുഴുവനുള്ള എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന കോയമ്പത്തൂര്‍ നടക്കുന്ന ഗോ കാര്‍ട്ട് ഡിസൈന്‍ ചലഞ്ചില്‍ പങ്കെടുക്കാനായി പരിസ്ഥിതി സൗഹൃദ ഇ-ഗോ കാര്‍ട്ട് നിര്‍മാണത്തിനായിരുന്നു വിദ്യാര്‍ത്ഥികള്‍ ഉത്തര്‍പ്രദേശിലുള്ള ക്രോസ്‌ഹെഡ് എന്‍ജിനീയറിങ് എന്ന സ്ഥാപനത്തില്‍ നിന്ന് ഉപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്‌തത്. ഗോ കാര്‍ട്ട് നിര്‍മാണത്തിന് ആവശ്യമായ ബാറ്ററി മോട്ടോറും മറ്റു മെക്കാനിക്കല്‍ ഉപകരണങ്ങള്‍ക്കുമായി 47,000 രൂപ പല തവണയായി കൊടുത്തുവെന്ന് സി ഇ ടി കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി എല്‍ദോസ് ഇടിവി ഭാരതിനോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എക്‌സലറേറ്റര്‍ ക്ലബ് എന്ന കോളേജിലെ 40 വിദ്യാര്‍ത്ഥികളുടെ കൂട്ടായ്‌മ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നുമാണ് ഇതിനായി പണം കണ്ടെത്തിയത്. ഡിസംബര്‍ 15 ന് ഓര്‍ഡര്‍ ചെയ്‌ത സാധനങ്ങള്‍ എത്തുന്ന മുറയ്ക്ക് ഗോ കാര്‍ട്ട് നിര്‍മാണം ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഡിസംബര്‍ 15 മുതല്‍ ഉത്തരേന്ത്യന്‍ സ്ഥാപനത്തിന്‍റെ പ്രതിനിധികളുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നുവെന്ന് എല്‍ദോസ് പറഞ്ഞു. പിന്നീട് ഡിസംബര്‍ 26ന് പാഴ്‌സല്‍ വന്നപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ ഞെട്ടിയത്. യാതൊരുപയോഗവുമില്ലാത്ത ഒരൊറ്റ ഇരുമ്പ് കഷ്‌ണമാണ് കമ്പനി കോളേജിലേക്ക് അയച്ചത്.
ഗോ കാര്‍ട്ട് നിര്‍മ്മാണത്തിനായി സ്വരൂപിച്ച പണത്തിന്‍റെ ഭൂരിഭാഗവും ഇതിനായി വിദ്യാര്‍ത്ഥികള്‍ ചെലവഴിച്ചു. ഉപകരണങ്ങള്‍ കണ്ടെത്തിയാല്‍ തന്നെയും ഫെബ്രുവരി 19ന് കോയമ്പത്തൂര്‍ നടക്കുന്ന മത്സരത്തിന് മുന്‍പ് തങ്ങളുടെ ഗോ കാര്‍ട്ട് മോഡല്‍ തയ്യാറാക്കാന്‍ കഴിയില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. സംഭവത്തില്‍ സൈബര്‍ പൊലീസിന് പരാതി നല്‍കിയപ്പോഴാണ് തങ്ങള്‍ തട്ടിപ്പിന് ഇരയായ വിവരം വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയുന്നത്. ഇതേ സ്ഥാപനത്തിന്‍റെ പേരില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗത്തു സാമാന്തര വിഷയങ്ങളില്‍ കേസ് നിലനില്‍ക്കുന്നതായി സൈബര്‍ പൊലീസ് അറിയിച്ചെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കേരളത്തിലും നിരവധി എന്‍ജിനീയറിങ് കോളേജുകളില്‍ തട്ടിപ്പ് സംഘം സൈബര്‍ കെണിയൊരുക്കിയിട്ടുണ്ട്. കോയമ്പത്തൂരിൽ നടക്കുന്ന ഗോ കാര്‍ട്ട് ഡിസൈന്‍ ചലഞ്ചില്‍ വര്‍ഷങ്ങളായി ഏറ്റവും മികച്ച ആദ്യ 15 കോളജുകളുടെ പട്ടികയില്‍ സിഇടി എന്‍ജിനീയറിംഗ് കോളജ് സ്ഥാനം പിടിക്കാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
പണം കൈമാറിയാലും ഉപകരണങ്ങള്‍ ലഭിക്കില്ല... ലക്ഷ്യം എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍
പണം കൈമാറിയാലും ഉപകരണം സമയത്തു നല്‍കാതിരിക്കുന്നതാണ് തട്ടിപ്പിന്‍റെ തുടക്കം. കാലതാമസം കാരണം വിദ്യാര്‍ത്ഥികള്‍ നിയമനടപടിക്ക് ഒരുങ്ങുമ്പോള്‍ ഓര്‍ഡര്‍ ചെയ്‌ത സാധനങ്ങളില്‍ ചിലത് മാത്രം കമ്പനി അയക്കും. സമയം വൈകിയെന്ന് കണ്ടാല്‍ കമ്പനി പ്രതിനിധികള്‍ വിദ്യാര്‍ത്ഥികളുടെ പ്രൊജക്‌ട് പൂര്‍ത്തിയാക്കാന്‍ സഹായിക്കാനെത്തുമെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കോട്ടയത്തെ ഒരു സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥി ഇടിവി ഭാരതിനോട് പറഞ്ഞു. സമാനമായി പണി കിട്ടിയ മറ്റൊരു കോളേജ് വിദ്യാര്‍ഥി സംഘത്തിനോടൊപ്പം കണ്ട കമ്പനി പ്രതിനിധികളെ തടഞ്ഞു വച്ചതോടെയാണ് ഞങ്ങളുടെ കോളേജ് രണ്ട് ലക്ഷം രൂപ നല്‍കി ഓര്‍ഡര്‍ നല്‍കിയ സാധനങ്ങളില്‍ ചിലത് ലഭിച്ചതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
പണം കൊടുത്താലും കാലങ്ങളോളം ഇവരുടെ പിന്നാലെ നടക്കണം. ചിലപ്പോള്‍ വിളിച്ചാലും കിട്ടില്ല. ഉത്തരേന്ത്യയില്‍ നിന്നാണ് ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള പ്രോട്ടോ ടൈപ്പ് നിര്‍മ്മാണത്തിനായുള്ള ഉപകരണങ്ങള്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ വാങ്ങുക. തങ്ങൾ ഓഡർ ചെയ്‌ത ഉപകരണം വൈകിയാല്‍ കോളേജ് അധികൃതരെ സമീപിച്ച് നിയമനടപടിക്ക് ഒരുങ്ങാനാണ് തീരുമാനമെന്നും കോട്ടയത്തെ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥി വ്യക്തമാക്കി.
Also Read: പുതുവത്സരം 'ആഘോഷി'ക്കാന്‍ സൈബർ കുറ്റവാളികൾ; ശ്രദ്ധിച്ചില്ലെങ്കില്‍ പതിയിരിക്കുന്നത് വന്‍ അപകടം