മോഹൻലാൽ മാധ്യമങ്ങളോട് (ETV Bharat) തിരുവനന്തപുരം: താന്‍ പവർ ഗ്രൂപ്പിൽപ്പെട്ട ആളല്ലെന്നും തനിക്കിതിനെ കുറിച്ച് അറിയില്ലെന്നും മുൻ അമ്മ പ്രസിഡന്‍റ് കൂടിയായ നടൻ മോഹൻലാൽ. തിരുവനന്തപുരത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എവിടെക്കും ഒളിച്ചോടി പോയിട്ടില്ല.
നാളുകളായി കേരളത്തിൽ ഉണ്ടായിരുന്നില്ലെന്നും 'ബറോസി'ന്‍റെ തിരക്കുകള്‍ ഉണ്ടായിരുന്നെന്നും നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. സിനിമ സമൂഹത്തിന്‍റെ ഭാഗം മാത്രമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്നത് സിനിമയിലും സംഭവിക്കും.
രണ്ട് തവണ ഹേമ കമ്മിറ്റിക്ക് മുന്നിൽ സംസാരിച്ചു. ട്രേഡ് യൂണിയൻ സ്വഭാവമുള്ള സംഘടനയല്ല 'എഎംഎംഎ'. ഇപ്പോഴത്തെ പ്രശ്‌നങ്ങളിൽ ഉത്തരം പറയേണ്ടത് മലയാള സിനിമ മുഴുവനാണെന്നും നടന്‍ വ്യക്തമാക്കി.
എന്തിനും ഏതിനും 'എഎംഎംഎ' എന്ന സംഘടനയെ കുറ്റപ്പെടുത്തുന്നു. 'എഎംഎംഎ' എന്ന സംഘടനയല്ല എല്ലാത്തിനും ഉത്തരവാദി. എല്ലാവരുടെയും അനുവാദത്തോടെയായിരുന്നു രാജി. കുറ്റം ചെയ്‌തുവെന്ന് പറയുന്നവർക്ക് പിന്നാലെ പൊലീസുണ്ടെന്നും നടന്‍ പറഞ്ഞു.
ഇത്തരത്തിൽ ആക്രമണം തുടർന്നാൽ സിനിമ നിശ്ചലമായിപ്പോകും. തോൽവിയൊ ഒളിച്ചോട്ടമൊ ഉണ്ടായിട്ടില്ല. ഹേമ കമ്മിറ്റി സംസ്ഥാന സർക്കാരിന്‍റെ നല്ല തീരുമാനമാണ്. സിനിമയിലുള്ള എല്ലാവരും ചർച്ച ചെയ്യാനുള്ള സന്ദർഭമാണിത്.
എല്ലാ മേഖലയിലും ഇതു പോലുള്ള കമ്മിറ്റികൾ വരണം. സിനിമ മേഖലയിലെ ഹേമ കമ്മിറ്റി ഇതിനൊരു തുടക്കമാകട്ടെയെന്നും നടൻ പറഞ്ഞു. ഇപ്പോഴത്തെ ആരോപണങ്ങളിൽ പെട്ടെന്നൊരു തീരുമാനമെടുക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: 'ഇത്ര ഭീരുക്കള്‍ ആയിരുന്നോ അവര്‍? ഓരോ സ്‌ത്രീയും രംഗത്ത് വരണം': പാര്‍വതി തിരുവോത്ത്