കേരളം

kerala

ETV Bharat / state

കേരള ബിജെപിക്ക് കനത്ത തിരിച്ചടി;അവകാശ വാദങ്ങള്‍ പൊളിഞ്ഞു, വോട്ട് ലക്ഷ്യമാക്കി ഒന്നും പ്രഖ്യാപിക്കാതെ മോദി മടങ്ങി

കേരളത്തെ നിരാശപ്പെടുത്തി പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കേരളത്തിന് വേണ്ടി യാതൊരു പ്രഖ്യാപനവും നടത്താതെ മോദി.

No Declarations  Modi in Trivandrum speech  കേരള പദയാത്ര  കെ സുരേന്ദ്രന്‍  സമാപന യോഗം
No Declarations by Modi in Trivandrum speech

By ETV Bharat Kerala Team

Published : Feb 27, 2024, 6:27 PM IST

തിരുവനന്തപുരം: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവന്തപുരവും തൃശൂരുമുള്‍പ്പെടെ പിടിക്കാന്‍ ബിജെപി മനസുകൊണ്ട് ആഗ്രഹിക്കുന്നുണ്ടെങ്കിലും ഈ മണ്ഡലത്തിലെ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന പ്രഖ്യാപനങ്ങളൊന്നും പ്രധനമന്ത്രിയുടെ തലസ്ഥാന സന്ദര്‍ശനത്തില്‍ ഉണ്ടായില്ല. റബ്ബര്‍ വിലയിടിവ്, ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കല്‍, രൂക്ഷമായ യാത്രാക്ലേശം അനുഭവിക്കുന്ന തിരുവനന്തപുരം-കാസര്‍ഗോഡ് റെയില്‍ യാത്രാ ദുരിതങ്ങള്‍, മറ്റ് പുതിയ വികസന പാക്കേജുകള്‍, വികസന പദ്ധതികള്‍ എന്നിവയൊന്നും കെ സുരേന്ദ്രന്‍ നയിച്ച കേരള പദയാത്രയുടെ സമാപന യോഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചില്ല(Modi Trivandrum speech).

പ്രധാനമന്ത്രിയുടെ തലസ്ഥാന സന്ദര്‍ശനത്തില്‍ കോടികളുടെ പ്രഖ്യാപനമുണ്ടാകുമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ അവകാശവാദത്തില്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു തലസ്ഥാനവും കേരളവും. പ്രത്യേകിച്ചും സുരേഷ് ഗോപിയെ വളരെ നേരത്തേ ഇറക്കി തൃശൂര്‍ പിടിക്കാന്‍ തയ്യാറെടുക്കുന്ന ബിജെപി കേരള ഘടകം തൃശൂരിന് പ്രത്യേക പദ്ധതി പ്രഖ്യാപിക്കുമെന്നും കരുതിയിരുന്നു. മാത്രമല്ല, മദ്ധ്യ തിരുവിതാംകൂറിലെ ക്രിസ്ത്യന്‍ വിഭാഗത്തെയും വടക്കന്‍ കേരളത്തിലെ മലയോര കുടിയേറ്റ മേഖലയിലെ ക്രിസ്ത്യാനികളെയും ഈ തെരഞ്ഞെടുപ്പില്‍ ഒപ്പം കൂട്ടാന്‍ സഹായിക്കുന്ന റബ്ബര്‍ വിലയിടിവിലും പ്രഖ്യാപനമില്ലാത്തത് പൊതുവില്‍ നിരാശപ്പെടുത്തുന്നതായി(No Declarations).

വന്ദേഭാരത് തീവണ്ടികളനുവദിച്ചപ്പോള്‍ സമയക്രമീകരണം നടത്തിയതു മൂലം സംസ്ഥാനത്തെ പതിവു തീവണ്ടി യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതത്തിനു പരിഹാരമായി പുതിയ വണ്ടികളുടെ പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. മാത്രമല്ല, ഏതു നിമിഷവും തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നിരിക്കെ പ്രഖ്യാപനങ്ങള്‍ ഇപ്പോഴില്ലെങ്കില്‍ പിന്നീട് ഒരിക്കലുമുണ്ടാകില്ലെന്നു കരുതുന്നവര്‍ കുറവല്ല. അതേ സമയം കേരളത്തെ കേന്ദ്രം സാമ്പത്തികമായി ഉപരോധിക്കുന്നു എന്ന കേരളത്തിലെ എല്‍ഡിഫിന്‍റെ പ്രചാരണവും നിലവില്‍ സുപ്രീംകോടതിയിലെ ഹര്‍ജിയും കുറച്ചെങ്കിലും കേന്ദ്രത്തിനെതിരെ കേരളം ചിന്തിക്കുന്നതിനു കാരണമാകുമോ എന്ന ഭയം ബിജെപിക്കുണ്ടെന്ന് മോദിയുടെ ഇന്നത്തെ വാക്കുകള്‍ വ്യക്തമാക്കുന്നു( k Surendran Padayathra).

ബിജെപിക്ക് വോട്ടില്ലെന്നു കരുതി കേരളത്തോട് കേന്ദ്രം വിവേചനം കാട്ടുന്നില്ലെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന അതേ പരിഗണന കേരളത്തിനും നല്‍കുന്നുണ്ടെന്നുമുള്ള പ്രധാനമന്ത്രിയുടെ പരമാര്‍ശം ഇതിന്‍റെ ഭാഗമാണെന്നു വേണം കരുതാന്‍. പതിവുപോലെ മലയാളത്തിലായിരുന്നു ബിജപി യോഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചത്. കേരളത്തിലെ എന്‍റെ സഹോദരീ സഹോദരന്‍മാരെ, എല്ലാവര്‍ക്കും എന്‍റെ നമസ്‌കാരം എന്നു പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇന്ത്യയുടെ തുടര്‍ന്നുള്ള പുരോഗതിക്ക് അന്തപത്മനാഭന്‍റെ അനുഗ്രഹത്തിനായി താന്‍ പ്രാര്‍ത്ഥിക്കുന്നു. തിരുവനന്തപുരം സ്‌നേഹധനരായ ആളുകളുടെ നഗരമാണെന്നും കേരളത്തില്‍ ഇത്തവണ ജനങ്ങള്‍ പ്രത്യേക ഉത്സാഹത്തിലാണെന്നും മോദി പറഞ്ഞു. നേരത്തെ തൃശൂരിലേതു പോലെ മലയാളത്തിലാണ് 'മോദിയുടെ ഗാരന്‍റി' എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

Also Read: കേരളത്തില്‍ ഇത്തവണ ബിജെപി രണ്ടക്കം കടക്കും, വോട്ടും സീറ്റും കുറഞ്ഞതിന്‍റെ പേരില്‍ വിവേചനം കാട്ടിയിട്ടില്ല : മോദി

ABOUT THE AUTHOR

...view details