തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് ചരക്കു ഗതാഗതം ആരംഭിക്കുന്നതോടെ ഇവിടെനിന്ന് സംസ്ഥാനത്തെ മറ്റ് തുറമുഖങ്ങളിലേക്കും ചരക്കു ഗതാഗതം തുടങ്ങുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. വിഴിഞ്ഞത്ത് പ്രവർത്തനം ആരംഭിക്കുന്നതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തീരദേശ ചരക്ക് ഗതാഗതം ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തീരദേശ ചരക്ക് ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള മാരിടൈം ബോർഡ് സ്വകാര്യ ഷിപ്പിങ് കമ്പനികളുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്. നിലവിൽ, അടിസ്ഥാന സൗകര്യങ്ങളുള്ള കൊല്ലം, ബേപ്പൂർ, അഴീക്കോട് തുറമുഖങ്ങളിലേക്ക് സർവീസ് ആരംഭിക്കാൻ കഴിയുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.