കേരളം

kerala

ETV Bharat / state

ശബരിമല തീര്‍ഥാടനം: 'സന്നിധാനത്ത് സംവിധാനങ്ങള്‍ സുസജ്ജം': മന്ത്രി വിഎൻ വാസവന്‍ - VN VASAVAN ON SABARIMALA PILGRIMAGE

അവസാനഘട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.

SABARIMALA FACILITIES  മന്ത്രി വിഎൻ വാസവന്‍ ശബരിമല  DEVASWOM MINISTER VN VASAVAN  ശബരിമല തീര്‍ഥാടനം
Sabarimala Review meeting (ETV Bharat)

By ETV Bharat Kerala Team

Published : Oct 29, 2024, 9:45 PM IST

Updated : Oct 29, 2024, 10:45 PM IST

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിനായി സര്‍ക്കാര്‍ സുസജ്ജ സംവിധാനങ്ങൾ ഉറപ്പാക്കിയെന്ന് ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവന്‍. അവസാനഘട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് പമ്പ ശ്രീരാമ സാകേതം ഹാളില്‍ ചേര്‍ന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ്.

മണ്ണാറക്കുളഞ്ഞി, ചെത്തോങ്കര, ഉതിമൂട് തുടങ്ങിയ അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ കെഎസ്‌ടിപി, എന്‍എച്ച് വിഭാഗങ്ങള്‍ തീര്‍ഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം. കോന്നി മെഡിക്കല്‍ കോളജില്‍ തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തും.

വാട്ടര്‍ അതോറിറ്റിയുടെ അവശേഷിക്കുന്ന പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം. കാനനപാതയിലൂടെ എത്തുന്നവര്‍ക്ക് പാമ്പുകടിയേറ്റാല്‍ നല്‍കാനുള്ള ആന്‍റി വെനം ആരോഗ്യ വകുപ്പ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി വിഎൻ വാസവന്‍ (ETV Bharat)

സന്നിധാനത്ത് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ താമസ സൗകര്യം ഒരുക്കുന്നതിന് അയ്യപ്പ സേവാ സംഘത്തിന്‍റെ കെട്ടിടം തുറന്ന് കൊടുക്കുന്നതിന് പരിശ്രമം നടത്തും. തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് വേഗത്തില്‍ ലഭ്യമാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്‍റെ ശേഷിക്കുന്ന അറ്റകുറ്റപണികള്‍ നവംബര്‍ 10ന് അകം പൂര്‍ത്തിയാക്കണം.

പൊലീസ്, എക്‌സൈസ്, വനം വകുപ്പുകള്‍ എകോപനത്തോടെ പ്രവര്‍ത്തിക്കണം, പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് സംയുക്ത പരിശോധനകളും നടത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുവായ ഏകോപനത്തിന് ശബരിമല എഡിഎം ആയി അരുണ്‍ എസ്. നായരെ ചുമതലപ്പെടുത്തി. ശബരിമലയിലും പമ്പയിലും പരിസരപ്രദേശങ്ങളിലും ഭക്ഷ്യസുരക്ഷ വകുപ്പ് ലീഗല്‍ മെട്രോളജിയുമായി ചേര്‍ന്ന് പ്രത്യേക പരിശോധന നടത്തി ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കണം. കുപ്പിവെള്ളം, പാക്കറ്റ് ഉത്‌പന്നങ്ങള്‍, അച്ചാറുകള്‍ തുടങ്ങിയവ പരിശോധിക്കണം. ഭക്ഷണ സാധനങ്ങളുടെ അളവും വിലയും പരിശോധിക്കണം.

അവലോകന യോഗം ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു (ETV Bharat)

നിലയ്ക്കലില്‍ നിലവിലുള്ളതിന് പുറമേ 2000 വാഹനങ്ങള്‍ അധികമായി പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. എരുമേലിയില്‍ ഭവന നിര്‍മാണ ബോര്‍ഡിന്‍റെ ആറ് ഏക്കര്‍ സ്ഥലത്തും പാര്‍ക്കിങ് സൗകര്യം ഒരുക്കും. 100 വിദഗ്‌ധ ഡോക്‌ടര്‍മാരുടെ സേവനം അധികമായി സന്നിധാനത്തും പരിസരത്തും ലഭ്യമാക്കും. തീര്‍ഥാടകര്‍ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് പോകുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുമെന്നതിനാല്‍ ഇത് സംബന്ധിച്ചുള്ള ബോധവത്കരണ സന്ദേശം വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ നല്‍കണം.

കെഎസ്ഇബി തടസരഹിത വൈദ്യുതി ഉറപ്പാക്കണം. വാട്ടര്‍ അതോറിറ്റി ജല ലഭ്യതയും ഉറപ്പ് വരുത്തണം. ദര്‍ശനത്തിന് എത്തുന്ന ഇതര സംസ്ഥാന തീര്‍ഥാടകരോടും ഉദ്യോഗസ്ഥര്‍ ആതിഥ്യ മര്യാദ പുലര്‍ത്തണം. എല്ലാ വകുപ്പുകളും പരസ്‌പര സഹകരണത്തോടെ പ്രവര്‍ത്തിച്ച് തീര്‍ഥാടനം സുഗമമാക്കണം. ജനപ്രതിനിധകളേയും ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്ന് ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

അവലോകന യോഗം (ETV Bharat)

തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്‍റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി വനം വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. വിവിധ യോഗങ്ങളിലായി ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ മിക്കതും പരിഹരിച്ചു. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്‍റെ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

യോഗത്തില്‍ ദേവസ്വം വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടിവി അനുപമ അധ്യക്ഷയായി. എംഎല്‍എമാരായ പ്രമോദ് നാരായാണ്‍, കെയു ജനീഷ് കുമാര്‍, വാഴൂര്‍ സോമന്‍, സെബാസ്റ്റിയന്‍ കുളത്തുങ്കല്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്, പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് രാജി പി രാജപ്പന്‍, ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെറ്റി ബിനു, കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെവി ബിന്ദു, എഡിജിപി എസ് ശ്രീജിത്ത്, പത്തനംതിട്ട ജില്ല കലക്‌ടര്‍ എസ് പ്രേം കൃഷ്‌ണന്‍, കോട്ടയം ജില്ല കലക്‌ടര്‍ ജോണ്‍ വി. സാമുവല്‍, ജനപ്രതിനിധികള്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, ജില്ലാതല- ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Also Read:ചിത്തിര ആട്ട വിശേഷത്തിനൊരുങ്ങി ശബരിമല; നാളെ നട തുറക്കും

Last Updated : Oct 29, 2024, 10:45 PM IST

ABOUT THE AUTHOR

...view details