എറണാകുളം:സഹകരണ മേഖല ജനങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. കുന്നുകര സർവീസ് സഹകരണ ബാങ്കിന്‍റെ അഗ്രി പ്രൊഡക്റ്റ്സ് ആന്‍റ് മാര്‍ക്കറ്റിംഗ് യൂണിറ്റിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം (Cooperative sector has become indispensable for the people).
ജീവിതത്തിന്‍റെ നാനാ മേഖലയിലേയും വിശാല സാധ്യതകൾ പ്രയോജനപ്പെടുത്തി ജനോപകാരപ്രദമായ കാര്യങ്ങളാണ് സഹകരണ മേഖല ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു (Minister V.N. Vasavan).
കുന്നുകര സർവീസ് സഹകരണ ബാങ്ക് പുറത്തിറക്കിയ വാക്വം ഫ്രൈഡ് ചിപ്‌സ് യൂണിറ്റ് ചിപ് കോപ് സഹകരണ മേഖലയ്ക്ക് മുതൽക്കൂട്ടാണ്. ഏത്തക്കായ, മരച്ചീനി എന്നിവയുടെ മൂല്യ വർദ്ധിത ഉത്പന്നങ്ങളാണ് നബാർഡിന്‍റെ അഗ്രികൾച്ചറൽ ഇൻഫ്രാ സ്ട്രക്‌ചർ ഫണ്ട് ഉപയോഗിച്ച് വിപണിയിൽ എത്തിച്ചിരിക്കുന്നത്.
കാർഷിക, സഹകരണ മേഖലയിൽ വലിയ മുന്നേറ്റം സൃഷ്‌ടിക്കാൻ ഇതിന് സാധിക്കും. ഭാവിയിൽ രണ്ടു മേഖലകളും പരസ്‌പര പൂരകങ്ങളായി പ്രവർത്തിച്ചാൽ കർഷകർക്ക് വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എറണാകുളം ജില്ലയിൽ പൊക്കാളി, മരച്ചീനി തുടങ്ങിയവ ഉത്പാദിപ്പിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന സഹകരണ സംഘങ്ങളുണ്ട്. ഇതിനൊപ്പം ചിപ്പ് കോപ് കൂടിയെത്തുന്നതോടെ ജില്ലയ്ക്ക് വലിയ മുതൽക്കൂട്ടാവും. ഈ നേട്ടത്തിന് പിന്നിൽ നേതൃപരമായ പങ്ക് വഹിച്ച ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.
കൂടാതെ കേരളത്തിലെ ദുരന്ത മുഖങ്ങളിൽ കൈത്താങ്ങായി നിൽക്കാനും സഹകരണ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡ് കാലത്തും പ്രളയ സമയത്തും ജനങ്ങൾക്ക് ആശ്വാസമായി സഹകരണ പ്രസ്ഥാനങ്ങൾ മാറിയെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കർഷകർക്ക് വരുമാനം നൽകുന്ന പദ്ധതി ഏവർക്കും അഭിമാനകരമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ജില്ലയിലെ രണ്ടാമത്തെ മൂല്യ വർദ്ധിത ഫാക്റ്ററിയാണിത്. മാഞ്ഞാലി സഹകരണ ബാങ്ക് കൂവ കൊണ്ടുള്ള ഉത്പന്നങ്ങളാണ് വിപണിയിൽ ഇറക്കിയത് (Minister P. Rajeev).
അടുത്തതായി വെളിയത്തുനാട് സഹകരണ ബാങ്ക് കൂൺ കൊണ്ടുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇവയെല്ലാം കാർഷിക മേഖലയെ ഉത്തേജിപ്പിക്കുമെന്നും പി. രാജീവ് കൂട്ടിച്ചേര്‍ത്തു.