പത്തനംതിട്ട: ജില്ലയിലെ പാർട്ടി യോഗത്തിനിടെ കയ്യാങ്കളിയുണ്ടായെന്ന പ്രചരണം തെറ്റാണെന്ന് മന്ത്രി വി എൻ വാസവൻ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മാധ്യമ വാർത്തകൾ ആണ് ഇത്. ജില്ല സെക്രട്ടേറിയറ്റ് യോഗത്തില്‍ താനും പങ്കെടുത്തിരുന്നു. തിരികെ പോകും വരെ ഒരു സംഭവവും ഉണ്ടായിട്ടില്ല എന്നും മന്ത്രി പറഞ്ഞു.
സമ്മേളനം സംബന്ധിച്ച് സെക്രട്ടേറിയറ്റിൽ ചർച്ചയുണ്ടായി. എന്നാൽ കയ്യാങ്കളിയും, തർക്കവും ഉണ്ടായി എന്നത് അടിസ്ഥാനരഹിതമാണ്. കമ്മിറ്റിയിൽ നടന്ന ചർച്ചയെ തർക്കമായി വ്യാഖ്യാനിക്കേണ്ടതില്ല. ഐസക്കിന്‍റെ സ്വീകാര്യതയെ പ്രതിരോധിക്കാനാണ് വ്യാജ വാർത്ത വരുന്നത്. നിയമപരമായി ഇതിനെ നേരിടുമെന്നും മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി (Minister VN Vasavan).
രാത്രി പത്തര വരെ അവിടെയുണ്ടായിരുന്നു. അവിടെ എന്തെങ്കിലും പ്രശ്‌നം ഉണ്ടായതായി തന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. കമ്മിറ്റിയില്‍ ഒരു വിഷയത്തില്‍ ഉച്ചത്തില്‍ സംസാരിച്ചാല്‍ അതെങ്ങനെയാണ് അടിപിടിയും കയ്യാങ്കളിയുമാകുന്നത്? ഇതൊരു അഭിപ്രായമുള്ള കമ്മിറ്റിയല്ലേ. അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചാല്‍ അതെങ്ങനെ ബഹളവും അടിപിടിയുമൊക്കെ ആകുന്നത്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. അങ്ങനെയെങ്കില്‍ അവിടെയുണ്ടായിരുന്ന ആരെങ്കിലും പറയട്ടെ. തെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടാക്കിയ അടിസ്ഥാനരഹിതമായ മാധ്യമ വാര്‍ത്തയാണിതെന്നും മന്ത്രി കുറ്റപ്പെടുത്തി.
സമ്മേളനം അവിടെ വേണം, ഇവിടെ വേണം എന്നെല്ലാം ചര്‍ച്ചയുണ്ടായിട്ടുണ്ട്. പത്മകുമാറിനെ മര്‍ദ്ദിച്ചതായി അദ്ദേഹം പറഞ്ഞിട്ടില്ല. കമ്മിറ്റി ചര്‍ച്ച ചെയ്‌ത് കണ്‍ക്ലൂഡ് ചെയ്‌ത് വിഷയമെല്ലാം തീരുമാനിച്ച് അവിടെ നിന്നും പോരുന്നതുവരെ ഒരു പ്രശ്‌നവും ആ കമ്മിറ്റിയ്ക്കകത്ത് ഉണ്ടായിട്ടില്ല. രാത്രി വല്ല വിഷയവും ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കും. പക്ഷെ താന്‍ പോരുന്നതിന് മുൻപ് തന്നെ ഹര്‍ഷകുമാര്‍ അവിടെ നിന്നും പോയിരുന്നു. അതുകൊണ്ടു തന്നെ അങ്ങനെയൊരു പ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയില്ലല്ലോ. തെരഞ്ഞെടുപ്പ് കാലത്ത് പൊടിപ്പും തൊങ്ങലും വെച്ച് വാര്‍ത്ത സൃഷ്‌ടിക്കാന്‍ ആളുകൾ നോക്കി നില്‍ക്കുകയാണ്. അതിന്‍റെ ഭാഗം മാത്രമാണ് ഇത്തരം വാര്‍ത്തകളെന്നും മന്ത്രി വാസവന്‍ പറഞ്ഞു.
അതേസമയം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായെന്ന വാര്‍ത്ത നിഷേധിച്ച് സിപിഎം ജില്ലാ നേതൃത്വവും രംഗത്തെത്തി. യോഗത്തില്‍ കയ്യാങ്കളിയും വാക്കേറ്റവും ഉണ്ടായിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മാധ്യമങ്ങളുടെ സൃഷ്‌ടിയാണ് ഈ വാര്‍ത്ത. അതിനെ നിയമപരമായി നേരിടുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.