കേരളം

kerala

'ആൻ്റിബയോട്ടിക്കുകള്‍ ഇനി മുതല്‍ നീല കവറില്‍, പദ്ധതി നടപ്പിലാക്കുക ഘട്ടം ഘട്ടമായി': വീണ ജോര്‍ജ് - ANTIBIOTICS PROVIDED IN BLUE COVER

By ETV Bharat Kerala Team

Published : Sep 11, 2024, 7:27 PM IST

സംസ്ഥാനത്ത് ഇനി മുതൽ ആൻ്റി ബയോട്ടിക്കുകൾ നീലക്കവറിൽ നൽകുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഇതിനായി 50,000 കവറുകൾ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നൽകും. മരുന്നുകള്‍ സംബന്ധിച്ചുള്ള വിവരങ്ങളും കവറിന് പുറത്തുണ്ടാകും.

MINISTER VEENA GEORGE  VEENA GEORGE ABOUT ANTIBIOTICS  ആൻ്റിബയോട്ടിക്ക് നീല കവർ  LATEST MALAYALAM NEWS
MINISTER VEENA GEORGE (ETV Bharat)

തിരുവനന്തപുരം:സംസ്ഥാനത്ത് ആൻ്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി ഇനി മുതല്‍ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകള്‍ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നല്‍കും. പിന്നീട് അതേ മാതൃകയില്‍ അതത് മെഡിക്കല്‍ സ്റ്റോറുകള്‍ കവറുകള്‍ തയ്യാറാക്കി അതില്‍ ആൻ്റിബയോട്ടിക് നല്‍കണമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ തലത്തിലെ ഫാര്‍മസികള്‍ക്കും നീല കവറുകള്‍ നല്‍കുന്നതായിരിക്കും. പിന്നീട് അവരും നീല കവര്‍ തയ്യാറാക്കി അതില്‍ ആൻ്റിബയോട്ടിക് നല്‍കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. മരുന്നുകള്‍ കഴിക്കേണ്ട വിധത്തിന് പുറമേ നീല കവറില്‍ അവബോധ സന്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായിട്ടായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു.

ആൻ്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ കേരളം സുപ്രധാനമായ ചുവടുവയ്പ്പാണ് നടത്തുന്നത്. റേജ് ഓണ്‍ ആൻ്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് (Rage on Antimicrobial Resistance - ROAR) എന്ന പേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ലോഗോ പ്രകാശനവും പോസ്റ്റര്‍ പ്രകാശനവും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു.

ആരോഗ്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡോ സുജിത് കുമാര്‍, ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ സാജു ജോണ്‍, അസിസ്റ്റൻ്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഷാജി എം.വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

ആൻ്റിബയോട്ടിക് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ഡോക്‌ടറുടെ നിര്‍ദേശ പ്രകാരം, കുറിപ്പടിയോടുകൂടി മാത്രം ആൻ്റിബയോട്ടിക്കുകള്‍ വാങ്ങി ഉപയോഗിക്കുക.
  • ഒരു വ്യക്തിക്കായി ഡോക്‌ടര്‍ നല്‍കുന്ന കുറിപ്പടിയില്‍ മറ്റുള്ളവര്‍ മരുന്നുകള്‍ വാങ്ങി ഉപയോഗിക്കാതിരിക്കുക.
  • ഉപയോഗ ശൂന്യമായതോ കാലാവധി കഴിഞ്ഞതോ ആയ ആൻ്റിബയോട്ടിക്കുകള്‍ പരിസരങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.

അവബോധ പോസ്റ്ററുകള്‍:ഇനി മുതല്‍ എല്ലാ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് മുമ്പിലും ആൻ്റിബയോട്ടിക് അവബോധത്തെപ്പറ്റിയുള്ള പോസ്റ്റര്‍ പതിപ്പിക്കും. ആന്‍റി ബയോട്ടിക്ക് ഉപയോഗത്തെ കുറിച്ചുള്ള വിവരങ്ങളായിരിക്കും പോസ്റ്ററിലുണ്ടാകുക.

നിയമപരമായ മുന്നറിയിപ്പ്:ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ ആൻ്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള ഷെഡ്യൂള്‍ എച്ച് & എച്ച് 1 മരുന്നുകള്‍ വില്‍പന നടത്തുന്നത് ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ഡോക്‌ടറുടെ നിര്‍ദ്ദേശ പ്രകാരം കുറിപ്പടിയോടുകൂടി മാത്രം ആൻ്റിബയോട്ടിക്കുകള്‍ വാങ്ങി ഉപയോഗിക്കുക.

Also Read:ആന്‍റിബയോട്ടിക്കുകള്‍ അത്ര നിസാരക്കാരല്ല; ചെറുപ്പം മുതലുള്ള ഉപയോഗം ആസ്‌ത്മയുടെ സാധ്യത വര്‍ധിപ്പിക്കുെമന്ന് പഠനം

ABOUT THE AUTHOR

...view details