തിരുവനന്തപുരം: മലപ്പുറം ജില്ലയില്‍ പ്ലസ്‌വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങള്‍ രാഷ്ട്രീയ ദുഷ്‌ടലാക്കോടെയാണെന്നാരോപിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മലബാര്‍ മേഖലയില്‍ പൊതുവിലും മലപ്പുറം ജില്ലയില്‍ പ്രത്യേകിച്ചും പ്ലസ് വണ്‍ പ്രവേശനത്തില്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടി, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ നിയമസഭയില്‍ അവതരിപ്പിച്ച സബ്‌മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ഹയര്‍സെക്കന്‍ഡറി സമ്പ്രദായം ആരംഭിച്ച ശേഷം മലപ്പുറം ജില്ലയില്‍ ഏറ്റവുമധികം സീറ്റുകള്‍ അനുവദിച്ചത് ഇടതു മുന്നണിയുടെ കാലത്താണെന്ന് മന്ത്രി പറഞ്ഞു.
2024 ല്‍ മലപ്പുറം ജില്ലയില്‍ 79,748 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയതില്‍ 12,525 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുകയും ചെയ്‌തു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിജയവും എ പ്ലസും നേടുന്നത് മലപ്പുറം ജില്ലയാണ്. കഴിഞ്ഞ അദ്ധ്യയന വര്‍ഷം സീറ്റ് ക്ഷാമമില്ലാതെ മലപ്പുറത്ത് പ്ലസ് വണ്‍ പ്രവേശനം അനുവദിക്കാന്‍ കഴിഞ്ഞു.
ഈ വര്‍ഷം ഹയര്‍സെക്കന്‍ഡറി മേഖലയില്‍ 71,456 സീറ്റുകളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 2080 സീറ്റുകളും ഐടിഐ മേഖലയില്‍ 5484 സീറ്റുകളും പോളിടെക്‌നിക് മേഖലയില്‍ 880 സീറ്റുകളും ഉള്‍പ്പെടെ 80,680 സീറ്റുകള്‍ ജില്ലയില്‍ എസ്എസ്എല്‍സി പാസായവര്‍ക്ക് ഉപരി പഠനത്തിനായി ഉണ്ട്. ഇതിന് പുറമേ ഓപ്പണ്‍ സ്‌കൂളില്‍ പ്രവേശനം നേടുന്നവര്‍ കഴിഞ്ഞ വര്‍ഷം 12,983 ആയിരുന്നു. ഈ വസ്‌തുതകള്‍ അംഗീകരിക്കാതെയാണ് ഒന്നാം അലോട്ട്‌മെന്‍റ് തുടങ്ങുന്നതിന് മുന്‍പുതന്നെ ചില കേന്ദ്രങ്ങള്‍ സമരം ആരംഭിക്കാൻ തയ്യാറായത്. അതിനാലാണ് ഇതിന് പിന്നില്‍ ചില രാഷ്ട്രീയ ദുഷ്‌ടലാക്കുണ്ടെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നത്.