തിരുവനന്തപുരം:ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് കേരള സർക്കാർ തടഞ്ഞില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മിഷനും കേരള ഹൈക്കോടതിയും സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസറോട് (എസ്‌പിഐഒ) ചില ഭാഗങ്ങൾ മാത്രം തിരുത്തി റിപ്പോർട്ട് പുറത്തുവിടാനാണ് നിർദേശിച്ചതെന്നും മന്ത്രി.
റിപ്പോർട്ട് പുറത്തുവിടാൻ എസ്‌പിഐഒയ്ക്ക് അധികാരമുണ്ട്. ഉദ്യോഗസ്ഥർ നിശ്ചിത സമയത്തിനുള്ളിൽ അത് പുറത്തുവിടും. നല്‍കിയിരിക്കുന്ന സമയത്തിനുളളിൽ ചെയ്‌തില്ലെങ്കിൽ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാവുന്നതാണെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്‌ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാത്തതിൽ സംസ്ഥാന സർക്കാരിനോ സാംസ്‌കാരിക വകുപ്പിനോ സിനിമ വ്യവസായത്തിനോ ഒരു പങ്കുമില്ലെന്ന് മന്ത്രി വ്യക്തമാക്കി.
റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാർ ഒരിക്കലും എതിരല്ല. റിപ്പോർട്ട് പുറത്ത് വിടുന്നതിനെതിരായി നടി നൽകിയ ഹർജിയെത്തുടർന്ന് കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് വീണ്ടും വൈകിയെന്ന വാർത്ത റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് മന്ത്രി പ്രതികരിച്ചത്.
കമ്മറ്റിക്ക് മുമ്പിൽ മൊഴി നൽകിയ രഞ്ജിനി, റിപ്പോർട്ടിൻ്റെ ഉള്ളടക്കത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ജൂലൈ 24ന് പുറത്തുവിടാനിരുന്ന റിപ്പോർട്ടിൻ്റെ പകർപ്പ് കേരള ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ചലച്ചിത്ര നിർമാതാവ് നൽകിയ ഹർജിയെത്തുടർന്നാണ് കോടതി റിപ്പോർട്ട് പുറത്തുവിടുന്നത് മരവിപ്പിച്ചത്.