കാസർകോട് :പട്ടികജാതി പട്ടികവർഗ കുടുംബങ്ങൾ അധിവസിക്കുന്ന മേഖലയിൽ പേര് മാറ്റുന്നതിൽ തർക്കവും പ്രശ്‌നവുമുണ്ടെന്ന് പട്ടികവർഗ വികസന, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒആർ കേളു. പേരുമാറ്റത്തിൽ നിയമവും ചട്ടവും ഭേദഗതി ചെയ്യേണ്ടതുണ്ട്, ഇതിൽ ചില നിയമപ്രശ്‌നങ്ങൾ ഉണ്ട്. അത് പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
അതേ സമയം പട്ടികജാതി 'പട്ടികവർഗ' പിന്നോക്ക വിഭാഗമേഖലയിൽ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് സമഗ്രമായ പദ്ധതി ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. പട്ടികവർഗ പട്ടികജാതി മേഖലകളിലെ വിദ്യാർഥികൾ സ്‌കൂളുകളിൽ നിന്ന് കൊഴിഞ്ഞു പോകുന്നത് തടയാൻ പ്രത്യേക നടപടി സ്വീകരിക്കും.
ഇത് സംബന്ധിച്ച് പരിശോധിക്കാൻ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. എസ്‌സി, എസ്‌ടി പ്രൊമോട്ടർമാർ വീടുകൾ സന്ദർശിച്ച് കുട്ടികൾ കൊഴിഞ്ഞുപോകുന്നതിന്‍റെ കാരണം പരിശോധിച്ച് റിപ്പോർട്ട് നൽകാനും നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു. പ്രൊമോട്ടർമാർ ആഴ്‌ചയിൽ നാലുദിവസം കോളനികൾ സന്ദർശിക്കണം എന്ന് നിർദേശിച്ചിട്ടുണ്ട്.
തിങ്കൾ, വെള്ളി ദിവസങ്ങളിൽ ഓഫിസുകളിൽ എത്തിയാൽ മതി. ഭൂരഹിത ഭവനരഹിത പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ കുടുംബങ്ങൾക്ക് എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എന്ന സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി രേഖകൾ ലഭ്യമാക്കണം പ്രൊമോട്ടർമാർ മുഖേന ഭൂമിക്ക് രേഖയില്ലാത്ത മുഴുവൻ ആളുകൾക്കും വില്ലേജ് ഓഫിസിൽ അപേക്ഷ നൽകാൻ നടപടി സ്വീകരിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലും പിഎസ്‌സി പരിശീലനത്തിനും പ്രത്യേക കോച്ചിങ് സെന്‍റർ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.