തൃശൂർ: സിപിഐയിൽ ഭിന്നത ഇല്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഭിന്നത ഉണ്ടെന്ന് പറയുന്നത് വെറും മാധ്യമസൃഷ്‌ടി മാത്രമാണ്. മാധ്യമങ്ങളെ അഭിപ്രായം പറയാൻ ആരും ചുമതലപ്പെടുത്തിയിട്ടില്ല. ഞങ്ങളുടെ പാർട്ടിയുടെ അഭിപ്രായം പാർട്ടി സെക്രട്ടറി പറയുന്നുണ്ട്. ആരെയാണോ പാർട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത് അവരും പറയുന്നുണ്ട്. ആര് പറഞ്ഞാലും അത് പാർട്ടിയുടെ നിലപാടായിരിക്കും. പാർട്ടി എന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് പത്രമാധ്യമങ്ങൾ വഴി ജനങ്ങളെ അറിയിക്കുമെന്നും മന്ത്രി തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
'ഞങ്ങളുടെ പാർട്ടി എക്‌സിക്യൂട്ടീവിൽ ഒരു തരത്തിലുളള ഭിന്നതയുമില്ല. സിപിഐ ഒരു ഭിന്നതയുടെ കേന്ദ്രമേയല്ല. ആരോഗ്യകരമായ ചർച്ചകൾ മാത്രമാണ് ഉണ്ടായത്. പുറത്ത് പറയേണ്ടതായ ഒരു തരത്തിലുളള ഭിന്നതയും ഇപ്പോൾ ഇല്ല. ഇപ്പോൾ എടുത്ത എല്ലാ നിലപാടും പാർട്ടി ഏകകണ്‌ഠമായി എടുത്ത നിലപാടാണ്.' -കെ രാജന്‍ വ്യക്‌തമാക്കി.