എറണാകുളം :മൂവാറ്റുപുഴയിൽ ആള്‍ക്കൂട്ട ആക്രമണത്തിനിരയായ അതിഥിതൊഴിലാളി മരിച്ചു. അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് (24) ആണ് മരിച്ചത്. സംഭവത്തിൽ പത്തു പേരെ പൊലീസ് അറസ്റ്റു ചെയ്‌തു. വ്യാഴാഴ്‌ച രാത്രി പതിനൊന്നരയോടെ വാളകം ആയുര്‍വേദ ആശുപത്രിക്ക് സമീപം അശോക് ദാസിനെ സംശയകരമായ സാഹചര്യത്തിൽ കണ്ടതോടെയാണ് നാട്ടുകാർ തടഞ്ഞുവച്ച് ചോദ്യം ചെയ്‌തത്.
ഇതിനിടെ പൊലീസിൽ വിവരമറിയിച്ചു. പിന്നാലെ അശോക് ദാസ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇതോടെയാണ് ഒരു സംഘമാളുകൾ ചേർന്ന് അശോക് ദാസിനെ കെട്ടിയിടുകയും മർദിക്കുകയും ചെയ്‌തത്. അവശനായ ഇയാളെ പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ആദ്യം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്‌ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വാളകത്തെ ഹോട്ടലില്‍ ജോലി ചെയ്‌തു വരുകയായിരുന്നു മരിച്ച അശോക് ദാസ്. പെൺസുഹൃത്തിനെ കാണാനായിരുന്നു ഇയാൾ വാളകത്ത് എത്തിയതെന്നാണ് സൂചന.
Also read:ദയാവധം; മാനസിക രോഗം മൂലം കഷ്‌ടപ്പെടുന്നവരെയും മരിക്കാന്‍ അനുവദിക്കാമോ? - Euthanasia For Mental Illness
നെഞ്ചിലും തലയ്ക്കുമേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കൾ എത്തിയ ശേഷം വിട്ടുനൽകും. അതിഥി തൊഴിലാളിയെ മർദിച്ചവർക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തത്.