കേരളം

kerala

കൂട്ടിരിപ്പുകാരില്ല ; ആശുപത്രി പരിസരത്ത് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം - Migrant Worker Died Kannur

By ETV Bharat Kerala Team

Published : May 11, 2024, 11:14 AM IST

കണ്ണൂര്‍ ജില്ല ആശുപത്രിക്ക് സമീപം അതിഥി തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കാലില്‍ പരിക്കേറ്റ രോഗിയെ ആശുപത്രിയിലെത്തിച്ചത് അഗ്നി രക്ഷാസേന. കൂട്ടിരിപ്പുകാരില്ലാതിരുന്ന രോഗിയെ കയറ്റാന്‍ വിസമ്മതിച്ചതായി ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ ആരോപണം

MIGRANT WORKER DIED IN KANNUR  LEG INJURED MIGRANT WORKER DIED  കണ്ണൂരില്‍ അതിഥി തൊഴിലാളി മരിച്ചു  കണ്ണൂര്‍ ജില്ല ആശുപത്രി
MIGRANT WORKER DIED (Source: ETV Bharat Reporter)

കണ്ണൂര്‍ :കൂട്ടിരിപ്പുകാരില്ലാതിരുന്ന അതിഥി തൊഴിലാളിക്ക് കണ്ണൂര്‍ ജില്ല ആശുപത്രിയ്‌ക്ക് സമീപം ദാരുണാന്ത്യം. ജില്ല ആശുപത്രിയില്‍ നിന്ന് കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്‌ത അതിഥി തൊഴിലാളിയാണ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് കുഴഞ്ഞുവീണ് മരിച്ചത്. ഇന്നലെ (മെയ്‌ 10) വൈകിട്ടാണ് സംഭവം. ഇയാള്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു.

കാലില്‍ പരിക്കേറ്റ അതിഥി തൊഴിലാളിയെ ഇന്നലെയാണ് ജില്ല ആശുപത്രിയിലെത്തിയത്. ബസ് സ്റ്റാന്‍ഡ് പരിസരത്ത് അവശനിലയില്‍ കണ്ടെത്തിയ ഇയാളെ അഗ്നി രക്ഷാസേനയാണ് ജില്ല ആശുപത്രിയില്‍ എത്തിച്ചത്. ഡോക്‌ടറെ സമീപിച്ച് പരിശോധനയ്ക്ക്‌ വിധേയനായതോടെ മികച്ച ചികിത്സയ്‌ക്കായി കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്‌തു.

ജില്ല ആശുപത്രിയില്‍ ആംബുലന്‍സില്ലാത്തതിനാല്‍ 108ല്‍ വിളിച്ചു. എന്നാല്‍ കൂട്ടിരിപ്പുകാരില്ലാത്തതിനാല്‍ രോഗിയെ ആംബുലന്‍സില്‍ കയറ്റാന്‍ ഡ്രൈവര്‍ വിസമ്മതിച്ചുവെന്ന് ആരോപണമുണ്ട്. ഇതോടെ ജില്ല ആശുപത്രിയില്‍ തന്നെ തുടരാമെന്ന് കരുതിയ അതിഥി തൊഴിലാളിയെ സുരക്ഷ ജീവനക്കാരന്‍ തടഞ്ഞതായും പറയുന്നു. മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്‌ത രോഗിയെ അകത്തേക്ക് കടത്തിവിടാന്‍ കഴിയില്ലെന്ന് സുരക്ഷ ജീവനക്കാര്‍ നിലപാടെടുത്തെന്നാണ് ആക്ഷേപം. മാത്രമല്ല തൊഴിലാളിയിരുന്ന വീല്‍ ചെയറില്‍ നിന്നും നിര്‍ബന്ധിച്ച് ഇറക്കിവിട്ടെന്നും ആരോപണമുണ്ട്.

നടക്കാന്‍ ബുദ്ധിമുട്ടുള്ള രോഗി ഇതോടെ ആശുപത്രിയുടെ ഒരു ഭാഗത്ത് ഇരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ പുറത്തിറങ്ങി നടന്ന തൊഴിലാളി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിഷയത്തില്‍ ആശുപത്രി അധികൃതര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ABOUT THE AUTHOR

...view details