കോട്ടയം :വൈക്കത്ത് വിൽപനയ്ക്കായി കൊണ്ടുവന്ന രാസലഹരിയുമായി യുവാവ് എക്സൈസിന്‍റെ പിടിയിലായി. ഉദയനാപുരം വൈക്കപ്രയാർ കൊച്ചു കണിയാന്തറ താഴ്‌ചയിൽ വിഷ്‌ണു വി. ഗോപാലാണ് എക്സൈസിന്‍റെ പിടിയിലായത്.
അഞ്ചുലക്ഷത്തിലധികം രൂപ വില വരുന്ന 40 ഗ്രാമിലധികം രാസലഹരിയുമായി വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ ബി.ആർ. സ്വരൂപിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത് (A young man was arrested in kottayam vaikkam with drugs).
ഇയാളുടെ പക്കൽ നിന്ന് 25000ത്തോളം രൂപയും എക്സൈസ് കണ്ടെടുത്തിട്ടുണ്ട്. വിഷ്‌ണു വി. ഗോപാൽ ബാംഗ്ലൂരിൽ നിന്ന് രാസലഹരി വാങ്ങി വൈക്കത്തും, സമീപ പ്രദേശങ്ങളിലും വിറ്റുവരുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇയാൾ ബാംഗ്ലൂരിൽ പോയി രാസലഹരി വാങ്ങി ബാഗിൽ ഒളിപ്പിച്ച് വോൾവോ ബസിൽ എറണാകുളത്തെത്തിയ ശേഷം, കെഎസ്ആർടിസി ബസിൽ വൈക്കത്ത് വന്നു. മയക്കുമരുന്നുമായി വല്ലകം പാലത്തിന് വടക്ക് ഭാഗത്തുള്ള സുഹൃത്തിൻ്റെ വീട്ടിലേക്ക് ഇയാൾ വൈകുന്നേരം നടന്നുവരുമ്പോൾ എക്സൈസ് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയുടെ കൂട്ടാളികളായ അഞ്ച് യുവാക്കളെയും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്‌തുവരികയാണ്.
അന്വേഷണത്തിൽ ഇവരുടെ പങ്ക് വ്യക്തമായാൽ ഇവരെയും പ്രതിചേർക്കുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. വിഷ്‌ണു വി. ഗോപാലിനെ മുമ്പ് ഹാഷിഷ് ഓയിൽ കൈവശം വച്ച കേസിൽ ബാംഗ്ലൂർ പൊലീസ് പ്രതിയാക്കി കേസെടുത്തിരുന്നു (A young man was arrested in kottayam vaikkam with drugs).
പ്രതിയെ പിടികൂടുന്നതിന് എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർക്കൊപ്പം അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്‌ടർമാരായ പി. ജെ. സുനിൽ, ആർ. സന്തോഷ്, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് കെ. സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ പി. വേണു, വനിത സിവിൽ എക്സൈസ് ഓഫീസർ ആര്യ , ഡ്രൈവർ ലിജേഷ് എന്നിവരും ഉണ്ടായിരുന്നു.