കണ്ണൂർ:സ്‌ഫടികത്തിലെ ചാക്കോ മാഷേ പോലെ അത്ര വലിയ ബോഡി ഇക്വേഷൻ ഒന്നും അല്ല ബാലകൃഷ്‌ണൻ മാഷിൻ്റേത്. പക്ഷെ കുട്ടികളുടെ മനസിലിരിപ്പിൻ്റെ കണക്ക് മാഷിന് വ്യക്തമായറിയാം. ജോലിയിൽ നിന്ന് വിരമിച്ച ശേഷവും കണക്കിലെ സമവാക്യങ്ങൾ രാകി മിനുക്കുകയാണ് പഠിച്ചിട്ടും പഠിച്ചിട്ടും പഠിച്ചു പൂർത്തിയായിട്ടില്ലെന്ന് പറയുന്ന കണ്ണൂരിലെ ഒരു അധ്യാപകൻ.
കൗതുകം എന്ന് തോന്നുമെങ്കിലും അങ്ങനെ ഒരു അധ്യാപകനാണ് കണ്ണൂർ കൊട്ടിലയിലെ റിട്ടയേർഡ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ പയ്യരട്ട ബാലകൃഷ്‌ണൻ. 62 വയസാണ് മാഷിൻ്റെ പ്രായം. കുട്ടിക്കാലത്ത് താൻ അനുഭവിച്ച വിഷമതകൾ ഇനിയൊരു കുട്ടികൾക്കും ഉണ്ടാവരുതെന്ന ആഗ്രഹമാണ് ബാലകൃഷ്‌ണൻ മാഷിനെ പഠിക്കാനും പഠിപ്പിക്കാനും പ്രചോദിപ്പിക്കുന്നത്.
മക്കൾ പഠിക്കട്ടെ അവർ വളരട്ടെ എന്നതാണ് മാഷിൻ്റെ പ്രാധാന സമവാക്യം. ഇതിനുവേണ്ടി അറിവ് നേടാനുള്ള അടങ്ങാത്ത ആവേശത്തിൽ 10 ബിരുദാനന്തര ബിരുദമാണ് ഇതിനകം ബാലകൃഷ്‌ണൻ മാഷ് സ്വന്തമാക്കിയിട്ടുള്ളത്. 1977ൽ കൊട്ടില ഗവൺമെൻ്റ് ഹൈസ്‌കൂളിൽ നിന്ന് പത്താംതരം പൂർത്തിയാക്കിയ ഈ അധ്യാപകൻ, 1979 - 84 കാലത്താണ് പയ്യന്നൂർ കോളജിൽ നിന്ന് പ്രീഡിഗ്രിയും ഡിഗ്രിയും പൂർത്തിയാക്കിയത്. പിന്നീട് തൃശൂരിൽ നിന്ന് ബിഎഡും പാലക്കാട് നിന്നും ഗണിതത്തിൽ എംഎസ്‌സിയും പൂർത്തിയാക്കി.
ഗണിതത്തിൽ എംഫില്ലും പൂർത്തിയാക്കിയ ആദ്ദേഹം 1987ലാണ് ഗണിത അധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നത്. 1988- 89, 89 -90, 90 -91 കാലയളവിൽ കണ്ണൂർ, മാങ്ങാട്ടുപറമ്പ് ഇലക്ട്രോൺ നഗർ കേന്ദ്രീയ വിദ്യാലയത്തിൽ മൂന്നുവർഷം അധ്യാപകനായി പ്രവർത്തിച്ചു. 91- 92 കാലയളവിൽ കോറോം ഗവൺമെന്‍റ് ഹയർ സെക്കൻഡറിയിലും ജോലി ചെയ്‌ത ബാലകൃഷ്‌ണൻ മാസ്റ്റർ 1992ലാണ് സർക്കാർ സർവീസിൽ കയറുന്നത്.