എറണാകുളം: മാസപ്പടി ഇടപാടിൽ അന്വേഷണ ആവശ്യം തള്ളിയ വിജിലൻസ് കോടതി ഉത്തരവ് പക്ഷപാതപരമെന്ന് മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെ മകളെന്ന നിലയിലാണ് വീണയുമായി സിഎംആർഎൽ കരാറുണ്ടാക്കിയതെന്നും കുഴൽനാടൻ ഹൈക്കോടതിയിൽ പറഞ്ഞു. സർക്കാരിനെ കക്ഷി ചേർത്തു കൊണ്ട് കുഴൽ നാടന്‍റെ ഹർജിയിൽ ഭേദഗതി വരുത്താനാവശ്യപ്പെട്ട കോടതി വിഷയം മറ്റന്നാളത്തേക്ക് മാറ്റി.
സേവനങ്ങൾ നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്നും പണം കൈപ്പറ്റിയത്. എക്‌സാലോജിക്കിനും സിഎംആർഎൽ കമ്പനിയ്ക്കുമെതിരെ ഇന്‍ററിം സെറ്റിൽമെന്‍റിന്‍റെ റിപ്പോർട്ടുണ്ട്. എക്‌സാലോജിക്കിന്‍റെ അക്കൗണ്ടിലേക്കും വീണയുടെ അക്കൗണ്ടിലേക്കും പണമെത്തി.
ഈ തെളിവുകൾ ഉണ്ടായിട്ടും വിജിലൻസ് കോടതി ഇടപെട്ടില്ല എന്നിങ്ങനെയായിരുന്നു മാസപ്പടി ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷൻ ഹർജിയിൽ മാത്യു കുഴൽനാടന്‍റെ വാദങ്ങൾ. കൂടാതെ വെളിപ്പെടുത്താത്ത വരുമാനമുണ്ടെന്ന് സിഎംആർഎൽ എംഡി സമ്മതിച്ചിട്ടുണ്ട്.