കേരളം

kerala

ETV Bharat / state

മസാല ബോണ്ട്; തോമസ് ഐസക്കിന്‍റെ മൊഴിയെടുക്കൽ അനിവാര്യമെന്ന് ഇഡി ഹൈക്കോടതിയിൽ - ED ON MASALA BOND CASE

നടപടികളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന ഐസക്ക് മാധ്യമങ്ങൾക്കു മുന്നിൽ കോടതിയേയും, അധികാരികളെയും വെല്ലുവിളിക്കുന്നുവെന്ന് ഇഡി. അന്വേഷണ നടപടികളിൽ സ്‌റ്റേ അനുവദിക്കാത്തതിനാലാണ് ഐസക്കിന് വീണ്ടും സമൻസ് അയച്ചതെന്നും ഇഡി.

ED SUMMONS  THOMAS ISAC  KERALA HIGH COURT  MASALA BOND
ED insists on questioning Isaac in masala bond case

By ETV Bharat Kerala Team

Published : Mar 26, 2024, 4:23 PM IST

എറണാകുളം:മസാല ബോണ്ട് ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കിൽ തോമസ് ഐസക്കിന്‍റെ മൊഴിയെടുക്കൽ അനിവാര്യമെന്ന് ഇഡ‍ി ഹൈക്കോടതിയില്‍. അന്വേഷണ നടപടികളിൽ കോടതി സ്‌റ്റേ അനുവദിച്ചിട്ടില്ല. അതിനാലാണ് ഐസക്കിന് വീണ്ടും സമൻസ് അയച്ചത്. മസാല ബോണ്ട് ഇടപാടുകളിൽ തീരുമാനം കൈക്കൊണ്ട വ്യക്തികളുടെ മൊഴിയെടുക്കുന്നതും പ്രധാനമാണെന്ന് ഹൈക്കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇഡി വ്യക്‌തമാക്കി.

ഇഡി നടപടികളിൽ നിന്നും ഒഴിഞ്ഞു മാറുന്ന ഐസക്ക് മാധ്യമങ്ങൾക്കു മുന്നിൽ കോടതിയെയും, അധികാരികളെയും വെല്ലുവിളിക്കുന്നു. അന്വേഷണം പൂർത്തിയാകണമെങ്കിൽ ഐസക്കിന്‍റെ മൊഴിയെടുക്കണമെന്നും ഇഡി വ്യക്തമാക്കി. മസാല ബോണ്ട് ഇടപാടിലെ ഇഡി സമൻസിനെതിരായ തോമസ് ഐസക്കിന്‍റെ ഹർജി നിലനിൽക്കവെ വീണ്ടും സമൻസ് അയച്ചതിൽ ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്‍റ് ഡയറകടറേറ്റ് മറുപടി സത്യവാങ്മൂലം സമർപ്പിച്ചത്.

മസാല ബോണ്ട് ഇടപാടിലെ ഫെമ നിയമ ലംഘനങ്ങൾ തോമസ് ഐസക്കിന് അറിവുണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായി ആവർത്തിച്ച ഇഡി, കിഫ്ബിയുടെ രേഖാമൂലമുള്ള മറുപടി ഇക്കാര്യം ശരിവയ്ക്കുന്നുവെന്നും കോടതിയെ അറിയിച്ചു. കൂടാതെ മസാല ബോണ്ട് ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കിൽ ഐസക്കിന്‍റെ മൊഴിയെടുക്കൽ അനിവാര്യമാണ്. കിഫ്ബി ഹാജരാക്കിയ എകസിക്യൂട്ടീവ് യോഗം, ജനറൽ ബോഡി യോഗം എന്നിവയുടെ മിനിറ്റ്സുകളിൽ തന്നെ പ്രസതുത കമ്മിറ്റികളുടെ ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങളിൽ ഐസക്കായിരുന്നുവെന്നു പരാമർശിച്ചിട്ടുണ്ട്. അതിനാൽ മസാല ബോണ്ട് ഇടപാട് സംബന്ധിച്ച് തീരുമാനമെടുത്ത പ്രധാന വ്യക്തി ഐസക്കാണ് (Masala bond case).

ഐസക്കിന്‍റെ മൊഴി എടുത്തെങ്കിൽ മാത്രമെ കിഫ്ബി - മസാല ബോണ്ട് ഇടപാടുകളിൽ തീരുമാനം കൈക്കൊണ്ട മറ്റ് വ്യക്തികൾക്ക് സമൻസ് അയച്ച് മൊഴിയെടുക്കാൻ സാധിക്കൂവെന്നും സത്യവാങ്മൂലത്തിൽ ഇഡി വ്യക്തമാക്കി. അന്വേഷണ നടപടികളിൽ കോടതി സ്‌റ്റേ അനുവദിച്ചിട്ടില്ലെന്ന് ബോധിപ്പിച്ച ഇഡി ഐസക്കിന്‍റെ പ്രസതാവനകളെയും വിമർശിച്ചു.

അതേ സമയം ഇഡി സമൻസിനെതിരായ ഐസക്കിന്‍റെയും കിഫ്ബിയുടെയും ഹർജികൾ ഹൈക്കോടതി മെയ് 22 ലേക്ക് മാറ്റി. ഇക്കാലയളവിൽ അടിയന്തര സാഹചര്യമുണ്ടായാൽ ഹർജിക്കാർക്ക് സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട് (Masala bond case).

Also Read: കിഫ്‌ബി മസാല ബോണ്ട് : തോമസ് ഐസക്കിന് ഇഡി അയച്ച പുതിയ സമൻസിന് സ്‌റ്റേ ഇല്ല

കേസ് ഇനി മെയ് 22ന് വീണ്ടും പരിഗണിക്കും. മസാല ബോണ്ട് ഇറക്കാൻ തീരുമാനിച്ച വ്യക്തി എന്ന നിലയിലും, കിഫ്ബി സമർപ്പിച്ച രേഖകൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലുമാണ് തോമസ് ഐസക്കിന് പുതിയ സമൻസ് നൽകിയതെന്നാണ് ഇഡി നിലപാട്. അതേസമയം ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമെന്നാണ് ഐസക്കിന്‍റെ വാദം.

ABOUT THE AUTHOR

...view details