കോഴിക്കോട്:ഓണമെന്ന് കേൾക്കുമ്പോൾ പൂക്കളാണ് ആദ്യം മനസിലെത്തുക. ഓണപ്പൂക്കളിൽ പ്രധാനിയാണ് ചെണ്ടുമല്ലി. ഇത്തവണ കോഴിക്കോട്ടുകാർക്ക് ചെണ്ടുമല്ലി എത്തിക്കാൻ തയ്യാറെടുക്കുകയാണ് ഷീബ. നേരത്തെ പെരുമണ്ണ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ഷീബ കാലാവധി കഴിഞ്ഞതോടെ തൊഴിലുറപ്പ് ജോലിയിലേക്കിറങ്ങി. അങ്ങനെയിരിക്കെയാണ് കൊടുങ്ങല്ലൂരിലെ ബന്ധുവീട് സന്ദർശിച്ചത്.
അവിടെയെത്തിയപ്പോള്‍ ആദ്യം ഷീബയുടെ ശ്രദ്ധയില്‍പ്പെട്ടത് ചെണ്ടുമല്ലി കൃഷിയാണ്. പിന്നെ ഒട്ടും കാത്തിരുന്നില്ല. പെരുമണ്ണ കൃഷിഭവന്‍റെയും ഗ്രാമപഞ്ചായത്തിന്‍റെയും സഹായത്തോടെ ചെണ്ടുമല്ലി കൃഷിയിലേക്കിറങ്ങി.
വീടിനടുത്ത് ഒരേക്കർ സ്ഥലത്ത് രണ്ടുമാസം മുമ്പാണ് വിത്ത് പാകിയത്. ഇപ്പോൾ പന്തീരാങ്കാവിനടുത്ത നെടുംപറമ്പിലെ കൃഷിയിടത്തിൽ ചെണ്ടുമല്ലി പൂവിൻ്റെ സൗരഭ്യം പടരുന്നുണ്ട്. മഞ്ഞയും ഓറഞ്ച് നിറത്തിലുള്ള തുടുത്ത ചെണ്ടുമല്ലികളാണ് ഇവിടെ വിളയുന്നത്.