മാരാമൺ കൺവൻഷന്‍ ഉദ്ഘാടനം ചെയ്‌ത് ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ പത്തനംതിട്ട:ന്യുനപക്ഷങ്ങൾ ആശങ്കയോടെ കഴിയുന്ന കാലമാണിത്. ആശങ്ക അകറ്റാൻ ലോക്‌സഭാ സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഭരണാധികാരികളും ജനപ്രതിനിധികളും ശ്രദ്ധിക്കണമെന്ന് മാർത്തോമ്മാ സഭ പരമാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ. 129ാം മത് മാരാമൺ കൺവൻഷൻ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം (Theodosius marthoma metropolitan inagurate Maramon convention).
മത ന്യുനപക്ഷങ്ങളുടെ പ്രശനങ്ങൾ പഠിച്ച് ജസ്‌റ്റിസ് ജെ.ബി കോശി സമർപ്പിച്ച റിപ്പോർട്ട് ഇനിയും വെളിച്ചം കണ്ടിട്ടില്ല. ഇതിലെ ശുപാർശകൾ നടപ്പിലായിട്ടുമില്ല. ദളിത് ക്രൈസ്‌തവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്നും ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
ഇക്കാര്യങ്ങളിൽ ഭരണ ഘടനയുടെ പങ്ക് വലുതാണ്. കാര്യങ്ങൾ കൈവിട്ട് പോകുന്ന സംഭവങ്ങളാണ് പലയിടത്തും നടക്കുന്നത്. യുവജനങ്ങളെ ശേഷി ഉള്ളവരാക്കി തീർക്കാൻ നിലവിലെ സംവിധാനങ്ങൾക്ക് കഴിയുന്നില്ല. ഉന്നത വിദ്യാഭ്യാസ രംഗം തകർച്ച നേരിടുകയാണ്. ജീവിക്കാൻ മാർഗം ഇല്ലാതെ വരുന്നതോടെ പുതിയ തലമുറ രാജ്യം വിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവർ 16 ലക്ഷം കവിഞ്ഞു. നാട് നേരിടുന്ന പ്രശ്‌നങ്ങളുടെ നേർ ചിത്രമാണ് ഇവിടെ വെളിവാകുന്നത്. 2023 ൽ 45133 പേർ ഉപരി പഠനത്തിനായി കേരളം വിട്ടു എന്ന് കണക്കുകളിൽ കാണുന്നു. ഇവർ മടങ്ങിവരാനുള്ള സാധ്യത വിരളമാണ്. ഇതൊക്കെയും നാടിന്‍റെ അധപതനത്തിന് നിദാനമാകും. യുവജന കൂട്ടയ്‌മകളെയും ആൾക്കൂട്ടങ്ങളെയും നിയന്ത്രിക്കാൻ കഴിയണം. ഇതിന് അവർക്ക് സുരക്ഷിതമായ ജീവിതം ലഭിക്കണം.
കഴിഞ്ഞ ദിവസം മാനന്തവാടിയിൽ ഉണ്ടായ സംഭവം ഓർക്കേണ്ടതുണ്ട്. മനുഷ്യ ജീവനെ സംരക്ഷിക്കാൻ കഴിയാതെ വരുന്നതോടെ ഇവരുടെ വേദന ഒപ്പിയെടുക്കാൻ കഴിയാത്തതിലൂടെ പിന്നെ എന്താണ് നേതൃത്വങ്ങൾക്ക് നൽകാൻ കഴിയുക. ഇങ്ങനെ വരുമ്പോഴാണ് യുവജനത അസഹിഷ്‌ണ പ്രകടമാക്കുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
ദൈവസൃഷ്‌ടികളായ എല്ലാ മനുഷ്യരും സഹോദരങ്ങളാണെന്നും അവരുടെ ഇടയില്‍ വേര്‍തിരിവ് വരുത്താന്‍ ശ്രമിക്കരുത്. ഇത് ബലഹീനതയാണ് കാണിക്കുന്നത്. ക്ഷമ, സ്നേഹം, ദയ എന്നിവകൊണ്ടാണ് വേർതിരിവ് ഇല്ലാതാക്കേണ്ടത്. ഇതാണ് ക്രിസ്‌തുമതം പഠിപ്പിക്കുന്നത്. പരസ്‌പര ബഹുമാനത്തിന് ഇന്ന് തടസം സ്വാര്‍ത്ഥതയും അഹങ്കാരവും ദൈവവിശ്വാസം ഇല്ലായ്‌മയുമാണ്. മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്‍റ് ഡോ.ഐസക് മാർ പീലക്‌സിനോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റവ.എബി കെ ജോഷ്വ പ്രസംഗിച്ചു.