ഇടുക്കി: മാങ്കുളത്തു നിന്നും വിവിധ മേഖലകളിലേക്ക് നടന്നു വന്നിരുന്നതും പിന്നീട് നിലച്ചതുമായ കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തം (Mankulam KSRTC Bus Services). തിരുവല്ല, കോട്ടയം, എറണാകുളം ഭാഗങ്ങളിലേക്ക് നടന്നു വന്നിരുന്ന കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ നിലച്ചിട്ട് നാളുകളേറെയായി.
അരഡസനിലധികം കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്ന മാങ്കുളത്തേക്കിപ്പോള്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. ആദിവാസി മേഖലകളടങ്ങുന്ന മാങ്കുളത്തോട് കെഎസ്ആര്‍ടിസി അവഗണന പുലര്‍ത്തുന്നുവെന്നാണ് പരാതി.
പുലര്‍ച്ചെ പുറപ്പെട്ട് ഉച്ചക്ക് മുമ്പായി തിരുവല്ലയിലും കോട്ടയത്തുമൊക്കെ എത്തുന്ന രീതിയിലായിരുന്നു മുമ്പ് മാങ്കുളത്തു നിന്നും ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടന്നു വന്നിരുന്നത്. കോട്ടയം മെഡിക്കല്‍ കോളേജ്, മഹാത്മാഗാന്ധി സര്‍വ്വകലാശാല തുടങ്ങിയ ഇടങ്ങളിലേക്കൊക്കെ വിവിധ ആവശ്യങ്ങള്‍ക്ക് പോയിരുന്ന ആളുകള്‍ക്ക് ഈ ദീര്‍ഘദൂര സര്‍വ്വീസുകള്‍ സഹായകരമായിരുന്നു. അയല്‍ ജില്ലകളില്‍ പോകുന്നയാളുകള്‍ക്ക് ഉച്ചക്ക് ശേഷമുള്ള മടക്കയാത്രക്കും ഈ ദീര്‍ഘദൂര സര്‍വ്വീസുകള്‍ പ്രയോജനം ചെയ്‌തിരുന്നു.
രാവിലെ പതിനൊന്നിന് മാങ്കുളത്തു നിന്നും എറണാകുളത്തേക്ക് നടന്നു വന്നിരുന്ന ദീര്‍ഘദൂര സര്‍വ്വീസും നിലച്ചിട്ട് നാളുകളേറെയായി. വൈകിട്ട് നാലിന് അടിമാലിയില്‍ നിന്നും മാങ്കുളത്തേക്ക് നടന്നു വന്നിരുന്ന കെഎസ്ആര്‍ടിസി സര്‍വ്വീസും ഇല്ലാതായി. മുമ്പ് രാവിലെയും വൈകുന്നേരവും മാങ്കുളത്തു നിന്ന് മൂന്നാറിലേക്കും ഓരോ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു.