പുഴയ്‌ക്ക് കുറുകെ പാലം വേണമെന്ന് പ്രദേശവാസികൾ (ETV Bharat) ഇടുക്കി:നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആദിവാസി ഇടങ്ങളില്‍ ഒന്നാണ് മാങ്ങാപ്പാറക്കുടി. മാങ്ങാപ്പാറക്കുടിയിലേക്ക് വാഹനങ്ങള്‍ എത്തണമെങ്കില്‍ പുഴ മുറിച്ച് കടക്കണം. പുഴയ്‌ക്ക് കുറുകെ പാലം വേണമെന്ന ആദിവാസി കുടുംബങ്ങളുടെ ആവശ്യം ഇനിയും അധികൃതതരുടെ ചെവികളില്‍ എത്തിയിട്ടില്ല.
കോളനിയിലേക്കുള്ള യാത്രാ മധ്യേയുള്ള പുഴയ്‌ക്ക് കുറുകെ ഗതാഗതം സാധ്യമാകും വിധമൊരു പാലം നിര്‍മ്മിക്കണമെന്നാണ് പ്രദേശവാസികളുടെ കഴിഞ്ഞ കുറേ നാളുകളായുള്ള ആവശ്യം. പാലം നിര്‍മ്മിക്കണമെന്ന് ആവശ്യമുയരുന്ന പുഴയ്‌ക്ക് കുറുകെ കാല്‍നട യാത്ര മാത്രം സാധ്യമാകുന്ന ഒരു നടപ്പാലമുണ്ട്. വേനല്‍ക്കാലത്ത് വാഹനങ്ങള്‍ പുഴയിലൂടെ അക്കരയിക്കരെ കടക്കും.
എന്നാല്‍ മഴക്കാലത്ത് യാത്ര പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തിലാണ് വാഹന ഗതാഗതം സാധ്യമാകും വിധം പുഴയ്‌ക്ക് കുറുകെ പാലം നിര്‍മ്മിക്കണമെന്ന ആവശ്യമുയരുന്നത്. കുടിയില്‍ നിന്നും ആനക്കുളത്തെത്തിയാണ് കുടി നിവാസികളുടെ പുറംലോകത്തേക്കുള്ള യാത്ര. ആനക്കുളത്ത് നിന്നും പരിമിതമായ യാത്രാ സൗകര്യമെ മാങ്ങാപ്പാറയിലേക്കുള്ളു.
മഴക്കാലത്താണ് പാലമില്ലാത്തതിന്‍റെ കുറവ് ആദിവാസി കുടുംബങ്ങളെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്. മഴ കനത്താല്‍ കുട്ടികളുടെ സ്‌കൂള്‍ യാത്രയും ആശുപത്രിയിലെത്താനുള്ള രോഗികളുടെ യാത്രയുമൊക്കെ ക്ലേശകരമാകും. മഴക്കാലത്തെ തങ്ങളുടെ യാത്രാ ക്ലേശത്തിന് പരിഹാരം കാണാന്‍ പുഴക്ക് കുറുകെ വാഹനം കയറും വിധമൊരു പാലം നിര്‍മ്മിക്കണമെന്ന ആവശ്യം കുടി നിവാസികള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്.
Also Read:ഇനിയും വയ്യ ഈ ദുരിത യാത്ര; കല്ലാര്‍കുട്ടിക്ക് കുറുകെ തൂക്കുപാലം വേണം, നടപടിയുണ്ടാകണമെന്ന് നാട്ടുകാര്‍