കാസർകോട് :മംഗളൂരു-രാമേശ്വരം പ്രതിവാര എക്‌സ്‌പ്രസ് ഒക്ടോബറിൽ സർവീസ് ആരംഭിച്ചേക്കും. പാമ്പൻ പാലത്തിന്‍റെ പ്രവൃത്തി പൂർത്തിയായാൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. പാമ്പൻ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ രണ്ടിന് ഉദ്ഘാടനം ചെയ്യും. ഇതിനു ശേഷം രാമേശ്വരത്തേക്കുള്ള ട്രെയിൻ സർവീസുകൾ പുനരാരംഭിക്കും.
ആ സമയത്ത് തന്നെ മംഗളൂരു-രാമേശ്വരം പ്രതിവാര ട്രെയിൻ സർവീസ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. മംഗളൂരു-രാമേശ്വരം പ്രതിവാര എക്‌സ്‌പ്രസ് ശനിയാഴ്‌ചകളിൽ രാത്രി 7.30 ന് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് ഞായറാഴ്‌ച പകൽ 11.45 ന് രാമേശ്വരത്ത് എത്തിച്ചേരുന്ന വിധത്തിൽ ആയിരുന്നു ക്രമീകരണം. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ഒഡൻചത്രം, ഡിണ്ടിഗൽ, മധുരൈ, മൻമദുരൈ, രാമനാഥപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. തിരിച്ചുള്ള ട്രെയിൻ ഞായറാഴ്‌ചകളിൽ ഉച്ചയ്ക്ക് രണ്ടിന് രാമേശ്വരത്ത് നിന്ന് പുറപ്പെടും. തിങ്കളാഴ്‌ച പുലർച്ചെ 5.50ന് മംഗളൂരുവിലെത്തും.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മലബാറില്‍ നിന്നും രാമേശ്വരത്തേയ്ക്കു ട്രെയിനില്‍ നേരിട്ടു ട്രെയിൻ വേണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. ക്ഷേത്ര നഗരമായ രാമേശ്വരം മാത്രമല്ല രാമേശ്വരത്തിന്‍റെ തെക്കു കിഴക്കേ അറ്റത്തുള്ള പ്രേത നഗരമെന്ന വിശേഷണമുള്ള ധനുഷ്‌കോടിയിലേക്കുമുള്ള യാത്രകളാണ് ഈ ട്രെയിന്‍ യാഥാര്‍ഥ്യമായാല്‍ സുഗമമാവുക. രാമേശ്വരം മാത്രമല്ല പഴനിയിലേക്കുള്ള തീര്‍ഥാടകര്‍ക്കും കൊടൈക്കനാലിലേയ്ക്കുള്ള വിനോദ സഞ്ചാരികള്‍ക്കും ഈ ട്രെയിന്‍ വലിയ അനുഗ്രഹമാകും.
തികച്ചും വ്യത്യസ്‌തമാണ് രാമേശ്വരത്തെയും ധനുഷ്‌കോടിയിലെയും കാഴ്‌ചകള്‍. ഇന്ത്യന്‍ ഉപദ്വീപില്‍ നിന്നും മാറി കടലിലുള്ള പാമ്പന്‍ ദ്വീപിലാണ് തമിഴ്‌നാട്ടിലെ രാമേശ്വരം പട്ടണമുള്ളത്. ശ്രീലങ്കയിലെ മന്നാര്‍ ദ്വീപില്‍ നിന്നും അമ്പതു കിലോമീറ്റര്‍ അകലെയാണ് പാമ്പന്‍ ദ്വീപ്. പാമ്പന്‍ പാലമാണ് രാമേശ്വരത്തെ ഇന്ത്യയുടെ മുഖ്യ ഭൂമിയുമായി ബന്ധിപ്പിക്കുന്നത്.
ഒരു കാലത്തു കേരളത്തില്‍ നിന്നും സിലോണിലേക്ക് (ഇന്നത്തെ ശ്രീലങ്ക) ടിക്കറ്റെടുത്ത് യാത്ര ചെയ്യാമായിരുന്നു. മലയാളിയുടെ ട്രെയിന്‍ യാത്ര ധനുഷ്‌കോടിയിലാണ് അവസാനിച്ചിരുന്നത്. ഇവിടെനിന്നും ബോട്ടുകളില്‍ ശ്രീലങ്കയിലേക്കു പോവുകയും ചെയ്യുമായിരുന്നു.
1964 ഡിസംബര്‍ 22 ന് ആഞ്ഞടിച്ച ചുഴലിക്കാറ്റിലും കടല്‍ക്ഷോഭത്തിലും ധനുഷ്‌കോടിയെന്ന ചെറു തുറമുഖ നഗരം പൂര്‍ണമായും തകര്‍ന്നടിഞ്ഞു. അന്ന് ധനുഷ്‌കോടിയിലുണ്ടായിരുന്ന 1800ഓളം പേര്‍ക്ക് ജീവന്‍ നഷ്‌ടമാവുകയും പാമ്പന്‍ – ധനുഷ്‌കോടി പാസഞ്ചര്‍ ട്രെയിനും അതിലെ 115 യാത്രക്കാരും ഒലിച്ചു പോവുകയും ചെയ്‌തു. ഇന്ത്യയുടെ ഭൂപടത്തില്‍ ശ്രീലങ്കയിലേക്കു വരച്ചിട്ടും എത്താതെ പോയ പോലെ കിടക്കുന്ന ഭൂമിശാസ്ത്ര അത്ഭുതമായ ധനുഷ്‌കോടി ഇന്ന് ഒരു പ്രേത നഗരമാണ്.
രാമേശ്വരത്തു നിന്നും 18 കിലോമീറ്റര്‍ ദൂരമുണ്ട് ധനുഷ്‌കോടിയിലേക്ക്. ഇത് കൂടാതെ ഹൈന്ദവ വിശ്വാസികളുടെ നാല് ഹിന്ദു മഹാക്ഷേത്രങ്ങളില്‍ ഒന്നായ ശ്രീ രാമനാഥ സ്വാമി ക്ഷേത്രം രാമേശ്വരത്താണ്. ഇന്ത്യയിലെ ഏറ്റവും നീളമേറിയ ഇടനാഴിയുള്ളതും രാമനാഥപുരം ക്ഷേത്രത്തിലാണ്. നമ്മുടെ മുന്‍ രാഷ്ട്രപതിയും ഡോ. എപിജെ അബ്‌ദുല്‍ കലാം ജനിച്ചു വളര്‍ന്നതും രാമേശ്വരത്താണ്. പുതിയ ട്രെയിൻ എത്തുന്നത്തോടെ കുറച്ചു സമയത്തിൽ കൂടുതൽ സ്ഥലങ്ങൾ കണ്ട് മടങ്ങുകയും ചെയ്യാം.
Also Read : യാത്രക്കാര്‍ക്ക് ദക്ഷിണ റെയില്‍വേയുടെ ഓണസമ്മാനം; സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍, സ്റ്റോപ്പുകള്‍ അടക്കം അറിയാം... - ONAM SPECIAL TRAIN