ന്യൂഡൽഹി:വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പുകളിലും കാഹളം മുഴക്കുന്ന മനുഷ്യൻ എന്ന ചിഹ്നം ഉപയോഗിക്കാൻ ശരദ് പവാർ വിഭാഗത്തിന് സുപ്രീം കോടതിയുടെ അനുമതി. ശരദ് പവാർ വിഭാഗത്തിന് അനുവദിച്ച് ചഹ്നം മറ്റാർക്കും നൽകരുതെന്ന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകി. കൂടാതെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ 'നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി- ശരദ് ചന്ദ്ര പവാർ' എന്ന പേര് ഉപയോഗിക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്.
കേസിൽ സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വരുന്നവരെ ശരദ് പവാർ വിഭാഗത്തിന് കാഹളം മുഴക്കുന്ന മനുഷ്യൻ എന്ന ചിഹ്നം ഉപയോഗിക്കാൻ കഴിയും. സുപ്രീം കോടതി ഈ താത്‌കാലിക ഉത്തരവ് പുറപ്പെടുവിച്ചത് വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ്.
അജിത് പവാർ വിഭാഗം ക്ലോക്ക് ചിഹ്നം പരസ്യമായി പ്രഖ്യാപിക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്‌റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. ഫെബ്രുവരിയിലായിരുന്നു നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടിയിലെ ശരദ് പവാർ വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മിഷൻ പുതിയ ചിഹ്നം അനുവദിച്ചത്.
യഥാർഥ നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടിയായി (എൻസിപി) അജിത് പവാർ വിഭാഗത്തെ ഔദ്യോഗികമായി അംഗീകരിച്ച തെരഞ്ഞെടുപ്പ് സമിതിയുടെ ഉത്തരവിനെതിരെ ശരദ് പവാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് 'നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി- ശരദ് ചന്ദ്ര പവാർ' എന്ന പേര് ഉപയോഗിക്കാൻ അനുവദിച്ച ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഇടക്കാല ഉത്തരവ് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ തുടരുമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്.
ജസ്‌റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ശരദ് പവാറിനോട് ചിഹ്നം അനുവദിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാൻ നിർദേശിച്ചു. അപേക്ഷ സമർപ്പിച്ച് ഒരാഴ്‌ചയ്ക്കുള്ളിൽ ചിഹ്നം അനുവദിക്കണമെന്നും ഉത്തരവിട്ടിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനത്തിനെതിരെ ശരദ് പവാർ ഗ്രൂപ്പ് നൽകിയ ഹർജിക്കെതിരെയായിരുന്നു കോടതി വിധി വന്നത്.
Also read : 'കാഹളം മുഴക്കുന്ന മനുഷ്യൻ'; നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി-ശരദ് ചന്ദ്ര പവാർ വിഭാഗത്തിന് പുതിയ ചിഹ്നം
അജിത് പവാർ വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച 'ക്ലോക്ക്' ചിഹ്നം തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിൽ നിന്ന് അജിത് പവാർ വിഭാഗത്തെ തടയണമെന്ന് ആവശ്യപ്പെട്ടാണ് ശരദ് പവാർ ഗ്രൂപ്പ് ഹർജി നൽകിയത്. ശരദ് പവാർ സ്ഥാപിച്ച എൻസിപിയുടെ പിളർപ്പിന് മുമ്പ് തെരഞ്ഞെടുപ്പ് ചിഹ്നമായി 'ക്ലോക്ക്' ഉണ്ടായിരുന്നെവെങ്കിലും ചിഹ്നം ഇപ്പോൾ അജിത് പവാർ പക്ഷത്തിനൊപ്പമാണ്.