കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി മാമിയുടെ തിരോധാന കേസിൽ മുൻ മാനേജരുടെ മൊഴി രേഖപ്പെടുത്തി ക്രൈം ബ്രാഞ്ച്. മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണാതായി ഒരു മാസത്തിന് ശേഷം സ്ഥലക്കച്ചടവുമായി ബന്ധപ്പെട്ട് ഒരു എഗ്രിമെന്‍റ് അന്വേഷിച്ച് ആളുകൾ എത്തിയിരുന്നതായി മാനേജർ കെപി സോമസുന്ദരൻ മൊഴി നൽകി. മാമി ഇല്ലാത്തതിനാൽ ഈ കാര്യത്തിൽ സഹായിക്കാനാകില്ലെന്ന് അവരോട് പറഞ്ഞെന്നും മാനേജർ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
'തട്ടിക്കൊണ്ടുപോയാൽ പോലും പുറത്തുവരാൻ കഴിവുള്ള ആളാണ് മാമി. കാണാതാകുമ്പോൾ മാമിയുടെ കൂടെ പരിചയമുള്ള ഒരാൾ ഉണ്ടായിരുന്നു എന്നാണ് സംശയം. തിരിച്ച് വരും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് പേഴ്‌സും എടിഎം കാർഡും മാമി കാറിൽ തന്നെ വച്ചത്. മാമി ഒരിക്കലും നാട്ടിൽ നിന്ന് മാറി നിൽക്കില്ല. എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകാമെന്നും സോമസുന്ദരന്‍റെ മൊഴിയിൽ പറയുന്നു.
ക്രൈംബ്രാഞ്ച് ഐജി പി.പ്രകാശന്‍റെ മേൽനോട്ടത്തിലാണ് മാമി തിരോധാനക്കേസ് അന്വേഷിക്കുന്നത്. ഡിവൈഎസ്‍പി യു. പ്രേമനാണ് അന്വേഷണ ചുമതല. കോഴിക്കോട്ടെ വൻകിട വസ്‌തു ഇടപാടുകള്‍ നടത്തിയിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിനെ 2023 ഓഗസ്റ്റ് 21നാണ് കാണാതായത്.
കേരളത്തിനകത്തും പുറത്തുമുള്ള ഇടനിലക്കാരുമായി ബന്ധമുള്ള മാമി, അരയിടത്തുപാലത്തെ ഓഫിസില്‍ നിന്നും വീട്ടിലേക്ക് ഇറങ്ങിയതിന് ശേഷം തിരിച്ചെത്തിയിട്ടില്ല. നടക്കാവ് പൊലീസാണ് കേസ് ആദ്യം അന്വേഷിച്ചത്. ഇത് കാര്യക്ഷമമല്ലെന്ന ആക്ഷേപം കുടുംബം തുടക്കം മുതൽ ഉന്നയിച്ചിരുന്നു.
കോഴിക്കോട് കമ്മിഷണരുടെ മേല്‍നോട്ടത്തിലുള്ള സ്ക്വാഡും കേസ് അന്വേഷിച്ചിരുന്നു. പിന്നീടാണ് മലപ്പുറം എസ്‌പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കേസ് എഡിജിപി എംആര്‍ അജിത്കുമാര്‍ കൈമാറിയത്. ഒരു വർഷമായിട്ടും കേസിൽ ഒരു തുമ്പും ലഭിക്കാതിരുന്നപ്പോൾ എഡിജിപിയുടെ അറിവോടെ തന്നെ മാമിയെ കൊന്നതാവാം എന്ന പിവി അൻവര്‍ എംഎല്‍എയുടെ പരസ്യ പ്രതികരണമാണ് അന്വേഷണത്തെ ചൂടുപിടിപ്പിച്ചത്. പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
Also Read:എഡിജിപിക്കെതിരായ വിജിലന്‍സ് അന്വേഷണത്തിനുള്ള മുറവിളി; അതത്ര എളുപ്പമല്ലെന്ന് വിദഗ്‌ധര്‍