കോഴിക്കോട് :റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്‍റെ (മാമി) തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ അദ്ദേഹത്തിന്‍റെ ഡ്രൈവറെയും ഭാര്യയേയും കാണാതായതായി പരാത്രി. ഡ്രൈവര്‍ രജിത് കുമാറിനെയും ഭാര്യ തുഷാരയേയും കാണാനില്ലെന്ന് കാണിച്ച് തുഷാരയുടെ സഹോദരൻ സുമൽജിത്താണ് കോഴിക്കോട് നടക്കാവ് പൊലീസിൽ പരാതി നൽകിയത്. ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ആണെന്നും പരാതിയിൽ പറഞ്ഞു.
ഇരുവരും കോഴിക്കോട് കെഎസ്‌ആർടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്‌ജിൽ മുറിയെടുത്ത് താമസിച്ചതായി വിവരമുണ്ട്. വ്യാഴാഴ്‌ച മുറി വെക്കേറ്റ് ചെയ്‌ത് ലോഡ്‌ജിൽ നിന്നും പോയെന്നും പിന്നീട് ഇരുവരെക്കുറിച്ചും യാതൊരു വിവരവുമില്ലെന്നുമാണ് പരാതി. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഇരുവരും വീട്ടിൽ നിന്നും പോയത്.
സിസിടിവി ദൃശ്യം (ETV Bharat) ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം നോട്ടിസ് നൽകിയിരുന്നുവെന്നുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും ഒരു ഓട്ടോറിക്ഷയിൽ കയറി പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ഓട്ടോറിക്ഷ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2023 ഓഗസ്റ്റ് 21നാണ് റിയൽ എസ്റ്റേറ്റ് വ്യാപാരിയായ മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണാതായത്. സിറ്റി പൊലീസ് കമിഷണർ ആയിരുന്ന രാജ്പാൽ മീണയുടെ നേതൃത്വത്തിൽ രണ്ടുമാസം പൊലീസ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. കഴിഞ്ഞ ജൂലൈ 10ന് എഡിജിപി എംആര്‍ അജിത് കുമാർ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടും തുമ്പുണ്ടാക്കാനായില്ല.
പിന്നാലെ എഡിജിപി എംആര്‍ അജിത് കുമാറിനെയും, സ്വര്‍ണക്കടത്തു സംഘങ്ങളുടെയും പേരില്‍ പി വി അന്‍വര്‍ എംഎല്‍എ ആരോപണം ഉന്നയിച്ചതിലൂടെ മാമി തിരോധാന കേസില്‍ ദുരൂഹത വർധിച്ചു. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. നേരത്തേ സിബിഐക്ക് കേസ് കൈമാറണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനിടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് കോഴിക്കോട് റെയ്ഞ്ച് ഐജി പി പ്രകാശിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി യു പ്രേമനാണ് അന്വേഷണച്ചുമതല.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 22ന് ഉച്ചവരെ മാമി അത്തോളി പറമ്പത്ത്, തലക്കുളത്തൂർ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇതുവരെ 147 പേരെ ചോദ്യം ചെയ്‌തു. ആയിരത്തിലേറെ ഫോൺ കോളുകൾ പരിശോധിച്ചു. അതിനിടയിലാണ് ഇപ്പോൾ ഡ്രൈവറെയും ഭാര്യയേയും കാണാതായത്.
Also Read: 'മുഖ്യമന്ത്രിക്ക് ആർഎസ്എസ് മനസ്; മാമി കേസിൽ നിലവിലെ അന്വേഷണത്തിൽ ഒരു ചുക്കും നടക്കില്ലെന്നും അന്‍വര്‍