കേരളം

kerala

ETV Bharat / state

പ്രധാനമന്ത്രിയുടേത് വിലകുറഞ്ഞ രാഷ്ട്രീയം ; നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മല്ലികാർജുൻ ഖാർഗെ - Mallikarjun Kharge Against Modi - MALLIKARJUN KHARGE AGAINST MODI

നരേന്ദ്ര മോദിയുടേത് വിലകുറഞ്ഞ രാഷ്ട്രീയമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജനങ്ങള്‍ക്ക് കുട്ടികളുണ്ടാകുന്നത് കുറ്റമാകുന്നതെങ്ങനെ എന്നും അദ്ദേഹം ചേദിച്ചു. മോദിയുടെ പ്രസ്‌താവന മതസ്‌പര്‍ധ വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണെന്നും ഖാര്‍ഗെ.

MALLIKARJUN KHARGE  PM NARENDRA MODI  LOK SABHA ELECTION 2024  തിരുവനന്തപുരം
പ്രധാനമന്ത്രിയുടേത് വിലകുറഞ്ഞ രാഷ്ട്രീയമെന്ന് മല്ലികാർജുൻ ഖാർഗെ

By ETV Bharat Kerala Team

Published : Apr 24, 2024, 1:25 PM IST

പ്രധാനമന്ത്രിയുടേത് വിലകുറഞ്ഞ രാഷ്ട്രീയമെന്ന് മല്ലികാർജുൻ ഖാർഗെ

തിരുവനന്തപുരം :രാജസ്ഥാനില്‍ ഒരു സമുദായത്തെ അധിക്ഷേപിച്ച് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി തികച്ചും വില കുറഞ്ഞ രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് കോണ്‍ഗ്രസ് സ്വത്ത് പിടിച്ചെടുത്ത് നല്‍കുമെന്ന മോദിയുടെ പ്രസ്‌താവന വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ്. ഒരു തരം താണ രാഷ്ട്രീയക്കാരന് മാത്രമേ അങ്ങനെ പറയാനാകൂ എന്ന് ഖാർഗെ വിമർശിച്ചു.

കുട്ടികളുണ്ടാകുന്നതിനെ എങ്ങനെ കുറ്റപ്പെടുത്താനാകും. ഭരണഘടന ശില്‍പ്പിയായ ഡോ ബി ആര്‍ അംബേദ്‌കർ അദ്ദേഹത്തിന്‍റെ മാതാപിതാക്കളുടെ 14 ആമത്തെ പുത്രനായിരുന്നു. ലാലു പ്രസാദ് യാദവിന് 9 മക്കളുണ്ട്. ഗാന്ധിജിക്കും മക്കളുണ്ടായിരുന്നു. വ്യക്തിപരമായി പറഞ്ഞാല്‍ തനിക്ക് 5 മക്കളുണ്ട്. അതെന്‍റെ കുറ്റമാണോ. മോദിയുടെ പ്രസ്‌താവന മതസ്‌പര്‍ധ വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ്. 55 വര്‍ഷം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് സ്ത്രീകളുടെ മംഗല്യ സൂത്രമെടുത്ത് ഏതെങ്കിലും മതങ്ങള്‍ക്ക് കൊടുത്തിട്ടുണ്ടോ.

ഈ രാജ്യത്ത് ജനക്ഷേമകരമായ നിയമങ്ങളും നയങ്ങളും നടപ്പാക്കുകയാണ് കോണ്‍ഗ്രസ് ചെയ്‌തത്. മോദി ഇന്ത്യയുടെ ചരിത്രം പഠിക്കണം. തങ്ങളുടെ വ്യക്തിപരമായ സമ്പത്ത് ഈ രാജ്യത്തിന് സംഭാവന ചെയ്‌ത പാരമ്പര്യമാണ് നെഹ്‌റു കുടുംബത്തിനുള്ളത്. ബിജെപി ഈ രാജ്യത്തിനു നല്‍കിയ ത്യാഗമെന്താണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ഒരു ബിജെപി നേതാവിന്‍റെ പേര് പറയാമോ. 400 സീറ്റു നേടി അധികാരത്തിലെത്തുമെന്നു പറയുന്ന മോദി പിന്നെ എന്തിനാണ് രാജ്യത്തെ അഴിമതിക്കാരെ മുഴുവന്‍ കൂടെക്കൂട്ടുന്നതെന്നും അദ്ദേഹം ചോദിച്ചു.

മോദി കൂടെക്കൂട്ടിയ അഴിമതിക്കാരില്‍ ചിലര്‍ മുഖ്യമന്ത്രിമാരായി, മറ്റ് ചിലര്‍ മന്ത്രിമാരും മറ്റ് ചിലര്‍ ഉന്നത സ്ഥാനത്തുമെത്തി. 2014 നും 2024 നും ഇടയില്‍ 444 എംഎല്‍എമാരെ മോദി പണം കൊടുത്തു വാങ്ങി. 23 വന്‍കിട വ്യാപാരികള്‍ ബിജെപിയിലെത്തിയതോടെ അഴിമതിക്കാരല്ലാതായി മാറി. 13 വര്‍ഷം മുഖ്യമന്ത്രിയും 10 വര്‍ഷം പ്രധാനമന്ത്രിയുമായിരുന്ന ഒരാളില്‍ നിന്നുണ്ടാകേണ്ട പ്രവര്‍ത്തനമല്ല നരേന്ദ്ര മോദിയില്‍ നിന്നുണ്ടാകുന്നത്.

2014 ലും 2019 ലും മോദി ജനങ്ങള്‍ക്കു നല്‍കിയ വാഗ്‌ദാനങ്ങളെവിടെ. പ്രതിവര്‍ഷം 2 കോടി യുവാക്കള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ തൊഴിലെവിടെ, വിദേശ രാജ്യങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിക്ഷേപിച്ച കള്ളപ്പണം ഇന്ത്യയില്‍ കൊണ്ടുവന്ന് 15 ലക്ഷം ജനങ്ങളുടെ അക്കൗണ്ടിലിട്ടോ. എത്ര കള്ളപ്പണം വിദേശത്തു നിന്ന് ഇന്ത്യയിലെത്തിച്ചു.

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു പറഞ്ഞത് നടപ്പാക്കിയോ. പെട്രോളിനും ഡീസലിനും 50 രൂപയാക്കിയോ. ഗാസ് സിലിണ്ടറിന് 500 രൂപയാക്കിയോ. ഇപ്പോള്‍ ഇതിനെക്കുറിച്ചൊന്നും മിണ്ടാതെ കോണ്‍ഗ്രസ് ഹിമാചല്‍ പ്രദേശിലും കര്‍ണാടകത്തിലും തെലങ്കാനയിലും പ്രഖ്യാപിച്ച് നടപ്പാക്കി ജനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഗാരന്‍റി അടിച്ചു മാറ്റി മോദി ഗാരന്‍റി എന്നു പറഞ്ഞു നടക്കുകയാണെന്ന് ഖാര്‍ഗെ ആരോപിച്ചു.

മോദിയുടെ വിദ്വേഷ പരാമര്‍ശത്തില്‍ നടപടിയെടുക്കാതെ ഒളിച്ചു കളിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടിയെ ഖാര്‍ഗെ പരിഹസിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കുന്നതും മോദിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നതും മോദിയാണ്. എല്ലാ ഭരണഘടന സ്ഥാപനങ്ങളും ഇന്ന് അവരുടെ കൈപ്പിടിയിലാണ്. തെരഞ്ഞെടുപ്പ് അതിനൊരു പരിഹാരമുണ്ടാക്കും.

ഇന്ത്യയിലെ ഒരേയൊരു പട്ടിക വര്‍ഗ മുഖ്യമന്ത്രിയെ നരേന്ദ്ര മോദി ജയിലിലടച്ചിരിക്കുന്നു. ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്നുണ്ടാകുന്നത്. അടിയൊഴുക്കുകള്‍ ശക്തമാണ്. ഇത് മോദിയെ വല്ലാതെ ഭയപ്പെടുത്തുന്നു. ഈ ഭയം കാരണമാണ് അദ്ദേഹം നിരന്തരം കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷൻ.

ALSO READ : 'യുദ്ധകാലത്ത് മുത്തശ്ശി സ്വര്‍ണം മുഴുവന്‍ നല്‍കി, അമ്മയുടെ താലി ബലിയര്‍പ്പിക്കപ്പെട്ടതുമാണ്' ; മോദിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക

ABOUT THE AUTHOR

...view details