ഇടുക്കി:ദുബായ്യില് കടലില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. വാഗമണ്‍ ഏലപ്പാറ സ്വദേശി ഹാബേല്‍ അനില്‍ ദേശായ്യാണ് (30) മരിച്ചത്. ഞായറാഴ്ച (ഓഗസ്റ്റ് 18) പുലർച്ചെ അഞ്ച് മണിയോടെ ജുമൈറ ബീച്ചിലാണ് അപകടമുണ്ടായത്.
ദുബായ്യില് ഒരു സ്വകാര്യ കമ്പനിയില്‍ ടെക്നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ഹാബേല്‍. അവധി ദിനമായതിനാല്‍ ഞായറാഴ്ച രണ്ട് കൂട്ടുകാർക്കൊപ്പം കുളിക്കാനായാണ് ബീച്ചില്‍ പോയത്. നീന്തല്‍ അറിയാത്തതിനാല്‍ ഹാബേല്‍ വെള്ളത്തില്‍ ഇറങ്ങിയിരുന്നില്ല.
കരയില്‍ ഇരിക്കുകയായിരുന്ന ഹാബേലിനെ പിന്നീട് കാണാതായി. തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കടലില്‍ മുങ്ങിപ്പോയതായി സംശയം തോന്നിയതിനെ തുടർന്ന് കൂട്ടുകാർ ദുബായ് സിവില്‍ ഡിഫൻസില്‍ വിവരം അറിയിക്കുകയായിരുന്നു.