കോഴിക്കോട്:മലയാളികൾക്ക് കഥയുടെ സർഗവസന്തം തീർത്ത ഇതിഹാസ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. വിദഗ്‌ധ ഡോക്‌ടര്‍മാരുടെ പരിചരണത്തിലായിരുന്നു എംടി.
നാളെ വൈകിട്ട് അഞ്ച് മണിക്ക് മാവൂര്‍ റോഡ് ശ്‌മശാനത്തിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍. വൈകിട്ട് നാല് വരെ സ്വവസതിയില്‍ പൊതുദര്‍ശനമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ എംടിയുടെ വിയോഗത്തില്‍ അനുശോചിച്ചു. സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെ നിശ്ചയിച്ചിരുന്ന മന്ത്രിസഭായോഗം മാറ്റി വച്ചു.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 15നാണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ തുടരവെയാണ് ഹൃദയാഘാതം ഉണ്ടായത്. എംടിയുടെ വിടവാങ്ങല്‍ മലയാള സാഹിത്യത്തിനും മലയാള സിനിമയ്‌ക്കും നികത്താനാകാത്ത നഷ്‌ടമാണ്.
1933 ജൂലൈ 15 കർക്കിടക മാസത്തിൽ ഉത്രട്ടാതി നാളിൽ രാത്രിയിലായിരുന്നു മലയാളത്തിന്‍റെ മഹാപ്രതിഭ ജനിച്ചത്. അച്ഛൻ പുന്നയൂർക്കുളം ടി നാരായണൻ നായർ അമ്മ ശ്രീമതി അമ്മാളു. നാലു മക്കളിൽ ഏറ്റവും ഇളയ ആൾ ആയിരുന്നു എം.ടി വാസുദേവൻ നായർ.
അദ്ദേഹത്തിന്‍റെ കൃതികളിലും സിനിമകളിലും മലയാളി വായിച്ചറിഞ്ഞത് പോലുള്ള ഇല്ലായ്‌മകൾ നിറഞ്ഞുള്ള ജീവിതം തന്നെയായിരുന്നു കുട്ടിക്കാലത്ത്. മാമല കാവ് കുമാരനല്ലൂർ തുടങ്ങിയ സ്‌കൂളുകളിലെ പഠനത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് 1953ൽ ബിരുദം നേടി. പഠനശേഷം അധ്യാപകനായിട്ടായിരുന്നു എം.ടി യുടെ തുടക്കം. തുടർന്ന് 1957ൽ മാതൃഭൂമി ദിനപത്രത്തിൽ സബ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ചു.
സ്‌കൂള്‍ കാലം മുതൽക്ക് തന്നെ സാഹിത്യ രചനയിൽ എംടി വാസുദേവൻ നായർക്ക് നൈപുണ്യം ഉണ്ടായിരുന്നു. കോളേജിൽ പഠിക്കുന്ന കാലത്ത് 'രക്തംപുരണ്ട മൺതരികൾ' എന്ന ചെറുകഥ എഴുതി പബ്ലിഷ് ചെയ്യുന്നു. 1958ല്‍ പ്രസിദ്ധീകരിച്ച 'നാലുകെട്ട്' എന്ന നോവലാണ് എം ടിഎഴുതി പുസതക രൂപത്തിൽ ആദ്യം പുറത്തുവരുന്നത്. പക്ഷേ 'പാതിരാവും പകൽ വെളിച്ചവും' എന്നൊരു നോവൽ 'നാലുകെട്ടി'നും മുൻപ് ആഴ്‌ചപ്പതിപ്പിലൂടെ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.
നായർ തറവാടുകളുടെ തകർച്ചയും വൈകാരിക പ്രക്ഷുബ്ധതയും മരുമക്കത്തായ വ്യവസ്ഥക്കെതിരെ പ്രതികരിക്കുന്ന യൗവനങ്ങളുടെ കഥയും പറഞ്ഞ 'നാലുകെട്ട്' എന്ന നോവൽ 1959 ലെ സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് യോഗ്യമായി. തുടർന്ന് കാലം 'അസുരവിത്ത്', 'മഞ്ഞ്', 'വിലാപയാത്ര', 'രണ്ടാമൂഴം' തുടങ്ങിയ നോവലുകൾ മലയാളിയെ സാഹിത്യ മേഖലയുടെ നെറുകയിലേക്ക് എം ടി കൈപിടിച്ചു കൊണ്ടുപോയി.
എംടിയുടെ ഏറ്റവും പ്രശസ്‌തമായ ;രണ്ടാമൂഴം' 1984 ലാണ് പ്രസിദ്ധീകരിക്കുന്നത്. മഹാഭാരതകഥ ഭീമന്‍റെ വീക്ഷണ കോണിലൂടെ പറയുന്ന 'രണ്ടാമൂഴം' എം ടി യുടെ കൃതികളിൽ മലയാളി ഏറെ നെഞ്ചോട് ചേർത്ത ഒന്നാണ്. 'രണ്ടാമൂഴ'ത്തിന് ശേഷം എം ടി എഴുതിയ നോവൽ ആയിരുന്നു 'വാരണാസി'. 1957 മുതൽ 1981 വരെ എം ടി മാധ്യമപ്രവർത്തനവും തുടർന്നിരുന്നു. പിൽക്കാലത്ത് കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും തുഞ്ചൻ സ്‌മാരക സമിതിയുടെ അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചു.