പത്തനംതിട്ട:മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഡിസംബർ 30 ന് വൈകിട്ട് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്‌ഠരര് രാജീവരുടെയും കണ്‌ഠര് ബ്രഹ്മദത്തന്‍റെയും സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ആഴിയില്‍ അഗ്‌നി പകരും. തുടർന്ന് ഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കും.
ജനുവരി 12 ന് പന്തളം വലിയകോയിക്കല്‍ ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. 12ന് ഉച്ചയ്ക്ക് പന്തളം രാജപ്രതിനിധിയുടെ നേതൃത്വത്തില്‍ ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷമാകും തിരുവാഭരണ ഘോഷയാത്ര പുറപ്പെടുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
14നാണ് മകരവിളക്ക്. അന്ന് വൈകിട്ട് 5നാകും നട തുറക്കുക. തുടർന്ന് സംക്രമ സന്ധ്യയില്‍ തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയും മകരവിളക്ക് ദർശനവും നടക്കും.
19 വരെ തീർഥാടകർക്ക് ദർശനം ഉണ്ടായിരിക്കും. 19ന് രാത്രി ഹരിവരാസനം പാടിയ ശേഷം മാളികപ്പുറത്ത് വലിയഗുരുതി നടക്കും. 20ന് രാവിലെ പന്തളം രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം തിരു നട അടയ്ക്കും.
60 വയസ് പൂര്‍ത്തിയായവര്‍ക്ക് പ്രത്യേക കൗണ്ടര്‍; സ്പോട് ബുക്കിങ് കൗണ്ടറുകളുടെ എണ്ണം കൂട്ടും
ശബരിമല തീർഥാടനം സുഗമമാക്കാൻ പമ്പയിലെ സ്പോട് ബുക്കിങ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കും. നിലവിലുള്ള ഏഴ് കൗണ്ടറുകള്‍ പത്താക്കും. മന്ത്രി വി എൻ വാസവന്‍റെ അധ്യക്ഷതയില്‍ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. 60 വയസ് പൂർത്തിയായവർക്ക് മാത്രമായി പ്രത്യേക കൗണ്ടർ തുറക്കാനും തീരുമാനിച്ചു.
മകരവിളക്ക് മഹോത്സവം സുഗമമാക്കാൻ കൂടുതല്‍ കെഎസ്‌ആർടിസി ബസുകള്‍ പമ്പയിലേക്ക് സർവീസ് നടത്തും. ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതല്‍ പൊലീസിനെ നിയോഗിക്കാനും അവലോകന യോഗത്തില്‍ തീരുമാനിച്ചു. മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഇടതടവില്ലാതെ വൈദ്യുതി ഉറപ്പാക്കുമെന്ന് കെഎസ്ഇബി.
മണ്ഡലകാല തീർഥാടനം കഴിഞ്ഞ് ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്ര നടയടച്ച ശേഷം പമ്പ മുതൽ സന്നിധാനം വരെയുള്ള ലൈനുകളും ട്രാൻസ്ഫോർമറുകളും പരിശോധിച്ച് അറ്റകുറ്റപ്പണികൾ നടത്തി മുടക്കം വരാതെ വൈദ്യുതി നൽകാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് കെഎസ്ഇബി. ഡിസംബർ 29ന് അറ്റകുറ്റപ്പണികളെല്ലാം പൂർത്തിയാക്കും.