ഉള്ളുലച്ച ദുരന്തങ്ങൾ, കത്തികയറിയ വിവാദങ്ങൾ, കളം നിറഞ്ഞ രാഷ്ട്രീയ പോരുകൾ, സാമൂഹിക സാംസ്‌കാരിക മുന്നേറ്റങ്ങൾ... സംഭവബഹുലമായിരുന്നു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം 2024. വലിയ ചലനങ്ങൾ ഒന്നും ഉണ്ടാക്കാതെയായിരുന്നു വർഷത്തിന്‍റെ തുടക്കമെങ്കിലും സർവ മേഖലകളെയും പിടിച്ചു കുലുക്കിയ സംഭവ വികാസങ്ങൾക്ക് പിന്നീട് സംസ്ഥാനം സാക്ഷിയായി. പ്രത്യേകിച്ചും വലിയ പൊട്ടിത്തെറികള്‍ക്കാണ് രാഷ്‌ട്രീയ മേഖല സാക്ഷ്യം വഹിച്ചത്.
നിലവിലുണ്ടായിരുന്ന സഖ്യ രാഷ്ട്രീയ സമവാക്യങ്ങളെ അപ്പാടെ മാറ്റിമറിച്ച രണ്ട് സുപ്രധാന തെരഞ്ഞെടുപ്പുകളിലൂടെയായിരുന്നു സംസ്ഥാനം ഈ വർഷം കടന്ന് പോയത്, ലോക്‌സഭാ തെരഞ്ഞെടുപ്പും, ഉപതെരഞ്ഞെടുപ്പും. കേന്ദ്രം ഭരിക്കുന്ന ബിജെപി ആദ്യമായി കേരളത്തിൽ അക്കൗണ്ട് തുറന്ന് 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനെ അടയാളപ്പെടുത്തി. സുരേഷ് ഗോപി കേരളത്തിൽ നിന്നുള്ള ആദ്യത്തെ ബിജെപി ലോക്‌സഭാ എംപി ആയി. ഇതോടെ ജോർജ് കുര്യനും സുരേഷ് ഗോപിക്കും ഉൾപ്പെടെ രണ്ട് കേന്ദ്രമന്ത്രി സ്ഥാനമാണ് ഇത്തവണ കേരളത്തിന് ലഭിച്ചത്.
18 സീറ്റുകളുമായി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മേൽക്കൈ നേടിയപ്പോൾ മന്ത്രിയായിരുന്ന കെ രാധാകൃഷ്‌ണൻ ജയിച്ച ആലത്തൂരിലെ ഒരേ ഒരു സീറ്റാണ് എൽഡിഫിന് നിലനിർത്താനായത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പരാജയപ്പെടുത്തി ശശി തരൂർ എംപിയും ആനി രാജയെ പരാജയപ്പെടുത്തി വമ്പിച്ച ഭൂരിപക്ഷത്തോടെ രാഹുൽ ഗാന്ധിയും ലോക്‌സഭാ പ്രാതിനിധ്യം നിലനിർത്തി. അമേഠിയിലും വിജയക്കൊടി പാറിച്ച രാഹുൽ ഗാന്ധി സീറ്റൊഴിഞ്ഞതോടെ വയനാട്ടിലും, മന്ത്രിയായിരുന്ന കെ രാധാകൃഷ്‌ണനൊപ്പം എംഎൽഎ ആയിരുന്ന ഷാഫി പറമ്പിലും ലോക്‌സഭയിലേക്ക് ചുവട് മാറ്റിയതോടെ പാലക്കാടും ചേലക്കരയിലും നിയമസഭാ ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിനും തിരശീല ഉയർന്നു.
വയനാട്ടിലും ചേലക്കരയിലും നവംബർ 13 നും കൽപ്പാത്തി രഥോത്സവത്തെ തുടർന്ന് പാലക്കാട് നവംബർ 20 നുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വയനാട്ടിൽ രാഹുലിന്‍റെ ഒഴിവിലേക്ക് പ്രിയങ്ക ഗാന്ധി തന്നെ തന്‍റെ കന്നിയങ്കം കുറിച്ച് എത്തിയപ്പോൾ ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ ആവേശം വാനോളം ഉയർന്നു. രാഹുൽ ഗാന്ധിയെയും മറികടന്ന ഭൂരിപക്ഷത്തിൽ പ്രിയങ്ക ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള തന്‍റെ ആദ്യ ചുവടുറപ്പിച്ചപ്പോൾ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിലൂടെ യുഡിഎഫും ചേലക്കരയിൽ യു ആർ പ്രദീപിലൂടെ എൽഡിഎഫും സീറ്റ് നിലനിർത്തി.
കളം മാറ്റി ചവിട്ടിയവരിൽ പ്രധാനികള്‍
പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും സ്ഥാനമോഹങ്ങളും എല്ലാം സ്വാഭാവികമായും ഈ തെരഞ്ഞെടുപ്പ് കാലത്തും മറനീക്കി വന്നു.പാലക്കാട്ടെ സ്ഥാനാർഥി നിർണയ ചർച്ചകൾക്കിടയിൽ നടന്ന അപ്രതീക്ഷിത ട്വിസ്‌റ്റ് ആയിരുന്നു സരിന്‍റെ വലത് മാറി ഇടം ചവിട്ടിയ അടവ്. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കാനുള്ള പാർട്ടിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് സരിൻ കോൺഗ്രസിൽ നിന്ന് രാജിവക്കുകയായിരുന്നു. സിപിഐ എം നേതൃത്വത്തിലുള്ള സഖ്യത്തിൽ ചേർന്ന് സ്വതന്ത്ര സ്ഥാനാർഥിയായി ആണ് ഇടത് സഹയാത്ര ആരംഭിച്ചതെങ്കിലും ആദ്യ പോരാട്ടത്തിൽ പരാജയം അറിയേണ്ടിവന്നു.
പാലക്കാട് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വക്താവ് സന്ദീപ് വാര്യർ നടത്തിയ കൂടുമാറ്റം ആയിരുന്നു മറ്റൊരു ട്വിസ്റ്റ്. ഇടതുപക്ഷത്തോടൊപ്പം ചേരുമെന്ന് സൂചനകൾ വന്നിരുന്നെങ്കിലും അപ്രതീക്ഷിതമായായിരുന്നു സന്ദീപ് വാര്യരുടെ കോൺഗ്രസ് എൻട്രി. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പ്രചാരണ വേദികളിലും സന്ദീപ് വാര്യർ സജീവമായി. പ്രതിസന്ധിഘട്ടങ്ങളിൽ പാർട്ടിയെ പ്രതിരോധിക്കാന്‍ സന്ദീപ് വാര്യർ ഇപ്പോള്‍ മുന്‍നിരയിലുണ്ട്.
വിവാദങ്ങള്‍ കൊണ്ട് എന്നും ചർച്ചകളിൽ ഇടംപിടിച്ചിരുന്ന പിസി ജോർജിന്‍റെ ബിജെപി പ്രവേശനവും കോൺഗ്രസ് നേതാവ് കരുണാകരന്‍റെ മകൾ പത്മജ ബിജെപിയിലേക്ക് ചേക്കേറിയതും ഈ വർഷമായിരുന്നു. പാർട്ടിയിൽ നിന്നും അർഹിച്ച പരിഗണന ലഭിച്ചില്ലെന്നും നേതാക്കളുമായുള്ള പ്രശ്‌നങ്ങൾ കാരണമാണ് പാർട്ടി വിടുന്നതെന്നുമായിരുന്നു പത്മജയുടെ പ്രതികരണം. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് മുരളീധരനും ഉടക്കിട്ട് നിൽക്കുന്ന സാഹചര്യത്തിലായിരുന്നു പത്മജയുടെ അരങ്ങുമാറ്റം.
കത്തിക്കയറിയ വിവാദങ്ങൾ
തെരഞ്ഞെടുപ്പുകളുടെ കാലമായത് കൊണ്ട് തന്നെ വിവാദങ്ങൾക്ക് ഒട്ടും പഞ്ഞമില്ലായിരുന്നു ഈ വർഷം. കുതികാൽ വെട്ടും കൂറുമാറ്റവുമെല്ലാം കളം നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണം പലപ്പോഴും അതിനാടകീയ വഴിത്തിരിവുകൾക്ക് വഴിയൊരുക്കി.
പൂരനഗരിയിലെ കോലാഹലങ്ങള്‍
തെരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്തിയെന്ന് വിലയിരുത്തപ്പെടുന്ന വലിയ കോളിളക്കം സൃഷ്‌ടിച്ച വിവാദമായിരുന്നു തൃശൂർ പൂരം. പൂരത്തിനിടെ പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിടുന്നത്. ഏപ്രിൽ 21ന് പുലർച്ചെ മൂന്നിന് നടക്കാനിരുന്ന കരിമരുന്ന് പ്രയോഗത്തിന് തിരക്ക് നിയന്ത്രിക്കാനെന്ന പേരിൽ രാത്രി 10ന് സ്വരാജ് റൗണ്ടിൽ പൊലീസ് ബാരിക്കേഡ് വെച്ചടാണ് പ്രശ്‌നങ്ങളുടെ തുടക്കം. സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനത്തും പൂരനഗരിയിലേക്കുള്ള പ്രവേശനം പോലീസ് തടഞ്ഞു.
തിരുവമ്പാടി ഭഗവതിയുടെ ഘോഷയാത്രയും പഞ്ചവാദ്യവും ഇതോടെ തടസപ്പെട്ടു. ഒൻപത് ആനകൾ അണിനിരക്കേണ്ട ഘോഷയാത്ര ഒരു ആനയെ മാത്രം അണിനിരത്തി നടത്തി. പുലർച്ചെ മൂന്ന് മണിക്ക് നടക്കേണ്ടിയിരുന്ന കരിമരുന്ന് പ്രയോഗവും അനിശ്ചിതത്വത്തിലായി. അന്ന് തൃശൂർ സിറ്റി പോലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകൻ പൂരം കമ്മിറ്റിക്കാരെ വെടിക്കെട്ട് മൈതാനത്ത് നിന്ന് മാറ്റാൻ ശ്രമിച്ചത് തർക്കത്തിലേക്ക് നയിച്ചു. 4 മണിക്കൂർ വൈകി 7.15നാണ് കരിമരുന്ന് പ്രയോഗം ആരംഭിച്ചത്. രാവിലെ കണിമംഗലം ശാസ്‌താവിൻ്റെ ഘോഷയാത്ര ക്രമീകരിക്കാത്തത് ഗതാഗതക്കുരുക്കിന് കാരണമായി.
സംഭവസ്ഥലത്തേക്ക് സേവാഭാരതിയുടെ ആംബുലൻസിൽ സുരേഷ് ഗോപി എത്തിയതോടെയാണ് പ്രശ്‌നം രാഷ്‌ട്രീയവത്കരിക്കപ്പെട്ടു തുടങ്ങുന്നത്. പൂരം അടുത്ത വർഷം മികച്ച രീതിയിൽ നടത്തുമെന്ന് പ്രഖ്യാപിക്കുക കൂടി ചെയ്‌തതോടെ സംഭവം തെരഞ്ഞെടുപ്പ് സ്റ്റണ്ടായി വ്യാഖ്യാനിക്കപ്പെട്ടു. ഗതാഗതം നിയന്ത്രിക്കപ്പെട്ട ഒരു സ്ഥലത്തേക്ക് സുരേഷ് ഗോപിക്ക് മാത്രം എങ്ങനെ അനുമതി ലഭിച്ചു എന്ന ചോദ്യങ്ങളുയർന്നു. സംഭവം വിവാദമായതോടെ പൊലീസ് നിയന്ത്രണം ലംഘിച്ചുവെന്ന പേരിൽ സുരേഷ് ഗോപിക്കെതിരെ കേസെടുത്തു. ആദ്യം ആബുലന്‍സിൽ എത്തിയെന്ന് നിഷേധിച്ച സുരേഷ് ഗോപി പിന്നീട് ആംബുലന്‍സിൽ എത്തിയെന്ന് സമ്മതിച്ചു. പലപ്പോഴും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് അസഹിഷ്‌ണുത പ്രകടിപ്പിക്കുന്ന സന്ദർഭങ്ങളും ഉണ്ടായി.
തൃശൂർ പൂരം അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമം സംസ്ഥാനത്തിൻ്റെ സാമൂഹിക ഘടനയെ തകർക്കുക എന്ന ലക്ഷ്യത്തോടെ നടന്നതായി ഔദ്യോഗികമായി അംഗീകരിച്ച സംസ്ഥാന സർക്കാർ വിഷയത്തിൽ ത്രിതല അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ പുരോഗതി അറിയിക്കണമെന്ന് അടുത്തിടെ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി അവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് എഡിജിപി എംആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ടിൽ പൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വത്തിന് പങ്കുണ്ടെന്നാണ് പറയുന്നത്. ഇതോടെ കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം രംഗത്തെത്തിയിരിക്കുകയാണ്.
എഡിജിപി - ആർഎസ്‌എസ് കൂടിക്കാഴ്‌ച്ച
'പൂരം കലക്കൽ' പൊലീസിന്‍റെ തിരക്കഥയാണെന്ന് ആക്ഷേപങ്ങളുയരുന്ന സന്ദർഭത്തിലായിരുന്നു എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്‌ചയുടെ രഹസ്യ വിവരങ്ങൾ കൂടി പുറത്തു വരുന്നത്. ആർഎസ്എസ് നേതാക്കളായ ദത്താത്രേയ ഹൊസബലെ, രാം മാധവ് എന്നിവരുമായാണ് അജിത് കുമാർ കൂടിക്കാഴ്‌ച നടത്തിയത്. എന്നാൽ എഡിജിപിക്കെതിരെ നടപടിയെടുക്കാൻ സർക്കാർ അന്ന് തയ്യാറായില്ല.
പാർട്ടിക്കുള്ളിൽ നിന്നുൾപ്പെടെ പ്രതിഷേധങ്ങള്‍ ശക്തമായതോടെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ സ്ഥാനത്ത് നിന്ന് സായുധ പൊലീസ് ബറ്റാലിയനിലേക്ക് അജിത് കുമാറിനെ മാറ്റി. ഇതോടെ തൃശൂർ ബിജെപിക്ക് നൽകാനുള്ള ഇടതുപക്ഷത്തിന്‍റെ അറിവോട് കൂടിയുള്ള തിരക്കഥയായിരുന്നു പൂരം കലക്കലെന്ന ആരോപണം ശക്തമായി. ആർഎസ്എസ് എൽഡിഎഫ് അന്തർധാരയാണ് ഇതോടെ മറനീക്കി പുറത്തു വന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. കഴിഞ്ഞ ദിവസം ഡിജിപിയായി സ്ഥാന കയറ്റം നൽകാനുള്ള തീരുമാനം മന്ത്രിസഭ അംഗീകരിച്ചതോടെ ഈ ആരോപണം വീണ്ടും സജീവമായിരിക്കുകയാണ്.
അന്‍'വാർ'
ഈ ആരോപണങ്ങളെ ശരിവക്കുന്ന തരത്തിലായിരുന്നു ഇടതു സ്വതന്ത്ര എംഎൽഎ ആയിരുന്ന അന്‍വർ മുഖ്യമന്ത്രിയുമായി പ്രത്യക്ഷ യുദ്ധം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. മേലും കീഴും നോക്കാതെ തുടരെ തുടരെ അന്‍വർ എയ്‌ത വിമർശന ശരങ്ങള്‍ പാർട്ടിയെയും മുഖ്യമന്തിയെയും തെല്ലൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. എസ്‌പി സുജിത് ദാസുമായുള്ള ഫോൺ സംഭാഷണം റെക്കോഡ് ചെയ്‌ത് പുറത്ത് വിട്ടായിരുന്നു അൻവറിന്‍റെ വെളിപ്പെടുത്തലുകളുടെ തുടക്കം.
എഡിജിപി എംആർ അജിത് കുമാറിനെതിരെയും ഗുരുതര ആരോപണങ്ങളാണ് അൻവർ തൊടുത്തുവിട്ടത്. കരിപ്പൂർ കേന്ദ്രീകരിച്ച് സ്വർണക്കടത്ത് നടത്തുന്ന സംഘവുമായി എഡിജിപിക്ക് ബന്ധമുണ്ടെന്ന് അൻവർ പറഞ്ഞു. വെളിപ്പെടുത്തലുകള്‍ക്ക് പുറകെ സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്‌തിട്ടും അജിത് കുമാറിനെതിരെ നടപടി ഉണ്ടാകാത്തത് അന്‍വറിനെ ചൊടുപ്പിച്ചു.
മുഖ്യമന്ത്രിയെ ചതിയനെന്നും ആർഎസ്‌എസ് പ്രീണകനെന്നും വിളിച്ച അന്‍വർ ഇടതുമായി എല്ലാ ബന്ധവും അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. സ്വന്തമായി പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം അതുണ്ടായില്ല. പകരം ഡിഎംകെ എന്ന കൂട്ടായ്‌മ രൂപീകരിച്ചു ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചു.
മുഖ്യമന്ത്രിയുടെ പിആർ വിവാദം
ആരോപണങ്ങളും പ്രത്യാരോപണങ്ങളും കൊഴുക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ദ ഹിന്ദുവിന് നൽകിയ അഭിമുഖവും കൈവിട്ടുപോകുന്നത്. സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ എന്നിവയെകുറിച്ച് നടത്തിയ പരാമർശം മുഖ്യമന്ത്രിയെ വീണ്ടും വെട്ടിലാക്കി. മലപ്പുറത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് രൂക്ഷ വിമർശനം ഉയർന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് ആരോപണങ്ങളോട് പ്രതികരിക്കാതെ വിട്ടുനിൽക്കാൻ ശ്രമിച്ചെങ്കിലും പിആർ ഏജൻസികളുടെ പങ്ക് സൂചിപ്പിക്കുന്ന തരത്തിൽ ഹിന്ദു പുറത്തിറക്കിയ വാർത്താ കുറിപ്പ് വിവാദത്തിന് ആഴം കൂട്ടി.
മലപ്പുറത്തിന് തീവ്രവാദ ബന്ധം ഉണ്ടെന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെട്ട പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ഉൾപ്പെടെ രംഗത്തെത്തി. വിവാദം കടുത്തതോടെ അഭിമുഖത്തിലെ പരാമർശങ്ങൾ മുഖ്യമന്ത്രിയുടെയോ സംസ്ഥാന സർക്കാരിൻ്റെയോ അഭിപ്രായമല്ലെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു.
നീല ട്രോളിയും പാതിരാ റെയ്‌ഡും
പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ വനിതാ നേതാക്കളുടെ ഉൾപ്പെടെ ഹോട്ടൽ റൂമുകളിൽ പാതിരാത്രി നടന്ന പൊലീസ് റെയ്‌ഡ് വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. കള്ളപ്പണം എത്തിച്ചെന്ന സംശയത്തിന്‍റെ പേരിൽ നവംബർ അഞ്ചിന് രാത്രി ബിന്ദു കൃഷ്‌ണ, ഷാനിമോൾ ഉസ്‌മാൻ തുടങ്ങിയ പ്രമുഖ കോൺഗ്രസ് വനിതാ രാഷ്ട്രീയ നേതാക്കളുടെ ഹോട്ടൽ മുറികളിൽ പൊലീസ് പരിശോധന നടത്തി. എന്നാൽ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയായിരുന്നു പൊലീസിന്‍റെ പരിശോധന.