കേരളം

kerala

ETV Bharat / state

കൊച്ചി ബാര്‍ വെടിവയ്‌പ്പ് കേസ് : മുഖ്യപ്രതി വിനീതിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചിയിലെ ബാറില്‍ ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത കേസിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. കോമ്പാറ സ്വദേശിയായ വിനീതാണ് കേസിലെ മുഖ്യപ്രതി. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

By ETV Bharat Kerala Team

Published : Feb 21, 2024, 3:06 PM IST

ബാര്‍ വെടിവയ്‌പ്പ് കേസ്  കൊച്ചി ബാര്‍ വെടിവയ്‌പ്പ്  Kochi Bar Shooting Case  Bar Shooting Case
Kochi Bar Shooting Case; Accused vineet Produced Court Today

എറണാകുളം :കൊച്ചി ബാര്‍ വെടിവയ്‌പ്പ് കേസിലെ മുഖ്യപ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോമ്പാറ സ്വദേശിയായ വിനീതിനെയാണ് ഇന്ന് (ഫെബ്രുവരി 21) കോടതിയിൽ ഹാജരാക്കുക. ശേഷം ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം.

ചൊവ്വാഴ്‌ചയാണ് (ഫെബ്രുവരി 20) കേസില്‍ പ്രതിയായ വിനീതിനെ എറണാകുളം നോര്‍ത്ത് പൊലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്താനുള്ള വ്യാപകമായ തെരച്ചിലിനിടെയാണ് വിനീത് പൊലീസ് വലയിലായത്. കതൃക്കടവിന് സമീപം ഇടശ്ശേരി ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത് വിനീതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. വിനീത് ഉള്‍പ്പടെ ബാറിലെത്തിയ അഞ്ചംഗ സംഘം വെടിവയ്പ്പി‌ന് ശേഷം കാറില്‍ കടന്നുകളയുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ സംഘത്തിലെ നാലുപേരെയും ഇവര്‍ക്ക് ഒളിത്താവളമൊരുക്കിയവരെയും പൊലീസ് അറസ്റ്റ് ചെയ്‌തു. ഗുണ്ടാസംഘത്തില്‍പ്പെട്ട വിനീതിനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്.

കഴിഞ്ഞ 11ന് രാത്രി11 മണിക്ക് ശേഷമായിരുന്നു ബാറിൽ വെടിവയ്‌പ്പ് നടന്നത്. മദ്യം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഒരു സംഘം ബാർ മാനേജരെ ക്രൂരമായി മർദ്ദിക്കുകയും തടയാൻ ശ്രമിച്ച ജീവനക്കാർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. 7.62 എംഎം പിസ്റ്റൾ ഉയോഗിച്ചായിരുന്നു വെടിയുതിർത്തത്. ബാർ ജീവനക്കാരായ
സുജിൻ ജോൺസൺ, അഖിൽനാഥ് എന്നിവർക്കാണ് വെടിയേറ്റത്.

ഇതിനുശേഷം പ്രതികൾ കാറിൽ കയറി കടന്നുകളയുകയായിരുന്നു. വെടിയേറ്റവരിൽ ഒരാളെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഒരാൾക്ക് വയറിനും രണ്ടാമത്തെയാൾക്ക് കാലിനുമാണ് പരിക്കേറ്റത്. ബാറിൻ്റെ പ്രവർത്തന സമയം കഴിഞ്ഞതിന് ശേഷമെത്തിയാണ് സംഘം മദ്യം ആവശ്യപ്പെടുകയും തുടർന്ന് ബാറിന് പുറത്തുവച്ച് മാനേജരുമായി വാക്ക് തർക്കത്തിലേർപ്പെടുകയും ചെയ്‌തത്. ഇതിനിടെയാണ് സംഘം വെടിയുതിര്‍ത്തത്.

ABOUT THE AUTHOR

...view details