കണ്ണൂര്‍:ഫ്രഞ്ച് പാര്‍ലമെന്‍റിന്‍റെ ദേശീയ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മാഹിക്കാര്‍ക്ക് താത്പര്യം കുറഞ്ഞു വരികയാണോ? ദേശീയ അസംബ്ലിയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 70 ഓളം പേര്‍ക്കാണ് മാഹിയില്‍ വോട്ടവകാശം ഉളളത്. എന്നാല്‍ പുതിയ തലമുറ വോട്ടിങ്ങില്‍ കാര്യമായി പങ്കെടുത്തില്ലെന്നാണ് സൂചന.
വോട്ട് ചെയ്യാന്‍ പോണ്ടിച്ചേരിയില്‍ പോകണം എന്നതിനാലാണ് വോട്ട് ചെയ്യാതിരുന്നതെന്ന് ഇവിടുത്തെ വോട്ടറായ വൈശാഖ് ഇടിവി ഭാരതിനോട് പറഞ്ഞു. ജോലി സംബന്ധമായ തിരക്കുള്ളതിനാലാണ് വോട്ട് ചെയ്യാന്‍ കഴിയാതിരുന്നത് എന്നാണ് സരോഷ് എന്ന വോട്ടര്‍ പ്രതികരിച്ചത്. ആരോഗ്യപ്രശ്‌നങ്ങളാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമെന്ന് വോട്ടറായ കനകനും പ്രതികരിച്ചു. ഇവരടക്കം ഒട്ടേറെ പേർ വോട്ടെടുപ്പിൽ പങ്കെടുത്തിട്ടില്ല.
ഈ മാസം 9-ന് നടന്ന യൂറോപ്യന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മരിന്‍ലെ പെന്നിന്‍റെ തീവ്ര വലത് കക്ഷിയായ നാഷണല്‍ റാലി വന്‍ വിജയം നേടിയതോടെയാണ് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ പാര്‍ലമെന്‍റ് പിരിച്ചു വിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 1954 ല്‍ മാഹിയുടെ മോചനം നടന്ന് ഫ്രഞ്ചുകാര്‍ ഇന്ത്യ വിടുമ്പോള്‍ നടപ്പാക്കിയ ഉടമ്പടി പ്രകാരം 120 മയ്യഴിക്കാര്‍ക്ക് ഫ്രഞ്ച് പൗരത്വം നല്‍കപ്പെട്ടിരുന്നു.
ഇവരെല്ലാം അക്കാലത്ത് ഫ്രഞ്ച് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്താറുണ്ട്. മാഹിയിലെ ഫ്രഞ്ച് പൗരന്‍മാരില്‍ ഏറ്റവും പ്രായം ചെന്നത് പനക്കാടന്‍ ബാലനാണ്. ഫ്രാന്‍സിനുവേണ്ടി യുദ്ധത്തിനണിനിരന്ന കരസേനയിലായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.
ഇദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും മരുമക്കളുമൊക്കെ ഫ്രഞ്ച് പൗരന്‍മാരാണ്. മാഹിയിലെ വോട്ടര്‍മാരിലേറേയും മാക്രോണെ പിന്തുണയ്ക്കുന്നവരാണ്. എന്നാല്‍ ഇക്കാര്യം ആരും തുറന്ന് പറയാറില്ല. മുതിര്‍ന്ന പൗരന്‍മാര്‍ വോട്ടെടുപ്പില്‍ ആവേശം കാണിക്കുന്നുണ്ടെങ്കിലും പുതിയ തലമുറയിലെ പലരും വോട്ടവകാശം വിനിയോഗിക്കുന്നില്ല.