കണ്ണൂര്‍ :മതേതര മഹോത്സവമായി മാറി മാഹി സെൻ്റ് തെരേസാസ് ബസിലിക്കയിലെ തിരുനാള്‍ മഹോത്സവം. ജാതിമത വര്‍ഗ വ്യത്യാസമില്ലാതെ മയ്യഴി മാതാവിൻ്റെ തിരുസ്വരൂപത്തില്‍ പൂമാലയും പീഠത്തില്‍ മെഴുകുതിരിയും അര്‍പ്പിച്ച് ആത്മനിര്‍വൃതി നേടി മടങ്ങുകയാണ് ഭക്തജനങ്ങള്‍. ഈ മാസം 5-ാം തീയതി ആരംഭിച്ച മഹോത്സവത്തിൻ്റെ സുപ്രധാന ചടങ്ങ് തിരുനാള്‍ ദിനമായ ഒക്ടോബര്‍ 15നാണ്. തിരുനാള്‍ ഉത്സവം 22-ാം തീയതി സമാപിക്കും.
മാഹിയില്‍ മഹാഭൂരിപക്ഷവും ഹൈന്ദവരും പിന്നെയുള്ള മുസ്ലീങ്ങളുമാണ്. മൂന്നാം സ്ഥാനത്തുളള ക്രൈസ്‌തവരുടെ ആരാധന മൂര്‍ത്തിയെങ്കിലും മയ്യഴിമാതാവിനെ വന്ദിക്കുന്നതില്‍ ജനങ്ങള്‍ക്ക് ഒരേ മനസാണ്. ജന്മം കൊണ്ട് സ്‌പെയിന്‍കാരിയായ തെരേസാ പുണ്യവതി ഫ്രഞ്ച് ഭരണകാലത്താണ് മാഹിയിലെത്തിയത്. ശക്തരായ ഗ്രാമദൈവങ്ങള്‍ മാഹിയിലുളളപ്പോഴും ത്രേസ്യാമ്മയെ പ്രതിഷ്‌ഠിക്കാനും പള്ളി പണിയാനും ജാതിമതഭേദമെന്യേ ഇറങ്ങിയവരാണ് മയ്യഴിക്കാര്‍.
മാഹി പെരുന്നാൾ 2024 (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
1936ല്‍ മാഹിയില്‍ ഓലമേഞ്ഞ ഒരു ദേവാലയമായിരുന്നു പണിതീര്‍ത്തത്. വിദേശ ശക്തിയായ ഫ്രഞ്ചുകാര്‍ക്കെതിരെ സമരം ശക്തമായപ്പോഴും മയ്യഴിപള്ളിയോടും ത്രേസ്യാമ്മയോടുമുള്ള ആദരവിന് കോട്ടം തട്ടിയില്ല. 1948ല്‍ മാഹിയില്‍ ഫ്രഞ്ചുകാര്‍ക്കെതിരെ ജനകീയ പ്രതിരോധം ശക്തമായപ്പോള്‍ ഫ്രഞ്ചുകാര്‍ കൊണ്ടുവന്ന വിശുദ്ധ മാതാവ് മാഹിക്കാര്‍ക്ക് ആപല്‍ സൂചന നല്‍കി പള്ളി മണി മുഴക്കി. സര്‍വ സന്നാഹത്തോടെ എത്തിയ ഫ്രഞ്ച് പട്ടാളത്തിൻ്റെ കണ്ണില്‍പ്പെടാതെ രക്ഷപ്പെടാനുള്ള മണിമുഴക്കമായിരുന്നു അത്.
ഗ്രാമങ്ങളിലേക്ക് പലായനം ചെയ്‌ത മാഹിക്കാര്‍ അന്ന് മുതല്‍ തിരുസ്വരൂപത്തിന് മുന്നില്‍ വണങ്ങുന്നു. മെഴുകുതിരി തെളിയിക്കുകയും പൂമാല അര്‍പ്പിക്കുകയും ചെയ്യുന്നു. തിരുസ്വരൂപവുമായി നടത്തുന്ന ഘോഷയാത്രയില്‍ ക്രൈസ്‌തവ പുരോഹിതര്‍ക്കൊപ്പം ഹൈന്ദവരും ഒപ്പം ചേരുന്നു. ഹിന്ദു ക്ഷേത്രത്തിൻ്റെ കവാടത്തിനു മുന്നില്‍ ഘോഷയാത്രയെ സ്വീകരിക്കുന്നു. മുസ്ലീം പള്ളിക്കു മുന്നില്‍ ആദരവ് നല്‍കുന്നു.
1954ല്‍ ഫ്രഞ്ചുകാര്‍ മയ്യഴി വിട്ടപ്പോഴും അവര്‍ കൊണ്ടു വന്ന വിശുദ്ധ മാതാവിനെ തിരികെ കൊണ്ടു പോകാനായില്ല. മയ്യഴിക്കാരുടെ ഹൃദയത്തില്‍ ഇഴുകി ചേര്‍ന്ന മാതാവാണ് തെരേസാമ്മ. മാഹിയും കേരളവും കടന്ന് ദക്ഷിണേന്ത്യയുടെ വിവധ ഭാഗങ്ങളില്‍ നിന്നു വരെ ഭക്തജനങ്ങള്‍ പള്ളിയിലേക്ക് ഒഴുകുകയാണ്.
Also Read:ഖാദി വസ്ത്രാലയം പുതുച്ചേരി സര്‍ക്കാർ അടച്ചു പൂട്ടി; ഖാദി വിപണനമേളയുമായി മാഹിക്കാർ