ന്യൂഡല്‍ഹി: കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. വയനാട് ലോക്‌സഭ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേയും ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13 ന്.
ജാര്‍ഖണ്ഡ്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് 2 ഘട്ടങ്ങളിലായാണ് നടക്കുക. നവംബർ 13, 20 തീയതികളിലാണ് തെരഞ്ഞെടുപ്പ്.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് നവംബർ 20-നാണ്. ഒറ്റ ഘട്ടമായാണ് മഹാരാഷ്‌ട്രയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ നവംബർ 23-ന് പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
സമയക്രമം ഇങ്ങിനെ :
കേരളത്തിലെ രണ്ട് നിയമസഭ ഉപതെരഞ്ഞെടുപ്പും വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പും നവംബര്‍ 13 നാണ്. വെള്ളിയാഴ്‌ച(18-10-2024) തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും.ഈ മാസം 25 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന ഒക്‌ടോബര്‍ 28 ന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്‌ടോബര്‍ മുപ്പതാണ്. വോട്ടെടുപ്പ് നവംബര്‍ 13 നും വോട്ടെണ്ണല്‍ നവംബര്‍ 23 നും നടക്കും. ഝാര്‍ഖണ്ഡ് നിയമസഭയിലെ 43 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടവും ഇതേ ഷെഡ്യൂളനുസരിച്ച് നടക്കും.ഇതിനു പുറമേ മറ്റ് നാല്‍പത്തഞ്ച് നിയസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതേ സമയക്രമമനുസരിച്ച് നടക്കും.
288 അംഗ മഹാരാഷ്‌ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞടുപ്പും ഝാര്‍ഖണ്ഡ് നിയമസഭയിലെ 38 സീറ്റുകളിലേക്കുള്ള രണ്ടാം വട്ട പോളിങ്ങും നവംബര്‍ 20 നാണ്. ഇതിനുള്ള വിജ്ഞാപനം ഒക്‌ടോബര്‍ 22 ന് ഇറങ്ങും. ഈ മാസം 29 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. ഒക്‌ടോബര്‍ 30 ന് സൂക്ഷ്‌മ പരിശോധന നടക്കും. നവംബര്‍ ഒന്നു വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ഉത്തരാഖണ്ഡിലെ ഒരു നിയസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും മഹാരാഷ്‌ട്രയിലെ ഒരു ലോക് സഭാമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും ഇതേ ഷെക്യൂളനുസരിച്ച് നടക്കും.എല്ലാ വോട്ടെണ്ണലും നവംബര്‍ 23 ന് നടക്കും.
പത്രികാ സമര്‍പ്പണത്തിന് പത്തുനാള്‍ :
കേരളത്തിലെ ഉപ തെരഞ്ഞെടുപ്പ് വിജ്ഞാപനം വെള്ളിയാഴ്‌ചയാകും ഇറങ്ങുകയെങ്കിലും അന്നു തൊട്ട് ഒരാഴ്‌ചയാണ് നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുക.ഉപതെരഞ്ഞെടുപ്പ് മുന്‍കൂട്ടിക്കണ്ട് മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥികളെക്കുറിച്ച് നേരത്തേ ധാരണയിലെത്തിയതിനാല്‍ അക്കാര്യത്തില്‍ വലിയ ആശയക്കുഴപ്പം ഉണ്ടാകാനിടയില്ല. എത്രയും വേഗം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചാല്‍ത്തന്നെയും കഷ്‌ടിച്ച് 29 നാള്‍ മാത്രമാകും പ്രചാരണത്തിന് ലഭിക്കുക. നവംബര്‍ 13 ന് വോട്ടെടുപ്പ് കഴിഞ്ഞാല്‍ വോട്ടെണ്ണി ഫലമറിയാന്‍ കേരളം 10 നാള്‍ കാത്തിരിക്കണം.