കോഴിക്കോട്: നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ വടകര ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് തെല്ലൊന്നാശ്വാസം. വിമത സ്ഥാനാർത്ഥിയായി രംഗത്തെത്തിയ കോൺഗ്രസ് നരിപ്പറ്റ മണ്ഡലം മുൻ ഭാരവാഹി അബ്‌ദുൾ റഹീം തന്‍റെ നാമനിർദ്ദേശ പത്രിക പിൻവലിച്ചു.
വടകരയിൽ മത്സരിക്കാൻ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച കോൺഗ്രസ് നരിപ്പറ്റ മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു റഹീമിനെ ജില്ല കോൺഗ്രസ് കമ്മറ്റി തള്ളിപ്പറഞ്ഞിരുന്നു. രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിലടക്കം പങ്കെടുത്ത റഹീമിനെ പിന്നീട് സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയായിരുന്നു. പാർട്ടിയെ വെല്ലുവിളിച്ച് മത്സര രംഗത്തിറങ്ങിയ റഹീമിനെ കോണ്‍ഗ്രസ് നേതൃത്വം അനുനയിപ്പിച്ച് ഒടുവിൽ പത്രിക പിൻവലിപ്പിക്കുകയായിരുന്നു.
ഇതോടെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിലെ മത്സര ചിത്രം തെളിഞ്ഞു. അന്തിമ പട്ടിക പുറത്തുവന്നപ്പോൾ 10 സ്ഥാനാർഥികളാണ് മത്സര രംഗത്ത് ഉള്ളത്. വടകര മണ്ഡലത്തിലേക്ക് ബിഎസ്‌പി സ്ഥാനാർഥിയാകാന്‍ പവിത്രൻ ഇ നൽകിയ പത്രിക നേരത്തേ സൂക്ഷ്‌മ പരിശോധനയിൽ തള്ളപ്പെട്ടിരുന്നു.