ബിജെപിയുടെ സസ്പെൻസ് സ്ഥാനാർഥിയായി ഡോ. ടി എൻ സരസു കൂടി വന്നതോടെ കേരളത്തിൽ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന നിയോജക മണ്ഡലങ്ങളിലൊന്നാകുകയാണ് ആലത്തൂർ. 2019 ൽ പാട്ടും പാടി ജയിച്ച രമ്യ ഹരിദാസിനെ നേരിടാൻ മന്ത്രി കെ രാധാകൃഷ്‌ണനെ നിയോഗിച്ചതുമുതൽ മണ്ഡലത്തിൽ മത്സരം കടുക്കുമെന്ന് ഉറപ്പായിരുന്നു. 2019 ല്‍ 'കൈയ്ക്ക് വിട്ട' മണ്ഡലം തിരിച്ചുപിടിക്കാൻ രാധാകൃഷ്‌ണനും, സീറ്റ് നിലനിർത്താൻ കളത്തിലിറങ്ങുന്ന രമ്യ ഹരിദാസിനുമൊപ്പം എസ്എഫ്ഐ പ്രവർത്തകർ പ്രതീകാത്മക ചിതയൊരുക്കി യാത്രയപ്പ് നൽകിയ പ്രിൻസിപ്പൽ ഡോ. ടി എൻ സരസുകൂടി എത്തുമ്പോൾ മത്സരത്തിന് ചൂടേറുകയാണ്.
പാലക്കാട് ജില്ലയിലെ ചിറ്റൂർ, നെന്മാറ, തരൂർ, ആലത്തൂർ നിയമസഭാ മണ്ഡലങ്ങളും തൃശ്ശൂർ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി നിയമസഭാ മണ്ഡലങ്ങളും ചേർന്നതാണ് ആലത്തൂർ ലോകസഭാ നിയോജകമണ്ഡലം. 2008-ലെ മണ്ഡലം പുനഃക്രമീകരണത്തിലൂടെയാണ് ആലത്തൂർ ലോക്‌സഭ മണ്ഡലം രൂപം കൊള്ളുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 80.47 ശതമാനം, വോട്ടു രേഖപ്പെടുത്തിയ ആലത്തൂർ മണ്ഡലത്തിൽ 533,815 (52.4 %). വോട്ടുകളാണ് യുഡിഎഫ് നേടിയത്. രണ്ടാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ട എല്‍ഡിഎഫ് 3,74,847 (36.8 %) വോട്ടുകളും മൂന്നാം സ്ഥാനത്തെത്തിയ ബിഡിജെഎസ് 89,837 (8.82 %) വോട്ടുകളും നേടി.
എൽഡിഎഫ് കോട്ട: പിറവികൊണ്ട കാലം മുതൽ ഇടത്തിനോടാണ് മണ്ഡലം കൂറ് പുലർത്തിയിരുന്നത്. എൽഡിഎഫിന്‍റെ ശകതമായ കോട്ടയായാണ് ആലത്തൂർ അറിയപ്പെടുന്നത്. മണ്ഡലത്തിൽ ഉൾപ്പെട്ട ഏഴ് നിയമസഭാ മണ്ഡലങ്ങളും നിലവിൽ എൽഡിഎഫിനൊപ്പമാണ്. അവയിൽ ഒരു മണ്ഡലമായ ചേലക്കരയിലെ സിറ്റിങ് എംഎൽഎ കൂടിയാണ് കെ രാധാകൃഷ്‌ണൻ. സിപിഎമ്മിന്‍റെ ശക്തമായ സംഘടന ശക്തി തന്നെയാണ് എല്‍ഡിഎഫിന്‍റെ അനുകൂല ഘടകം. മണ്ഡലത്തിൽ കെ രാധാകൃഷ്‌ണനുള്ള വ്യക്തി ബന്ധങ്ങളും മികച്ച മന്ത്രി എന്ന പ്രതിച്‌ഛായയും വോട്ടർമാർക്കിടയിൽ സ്വാധീനം ചെലുത്തുമെന്ന് എൽഡിഎഫ് കണക്ക് കൂട്ടുന്നു.
വിജയം ആവർത്തിക്കാൻ രമ്യ: യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് കഴിഞ്ഞ തവണത്തെ വമ്പിച്ച ജയം ആവർത്തിക്കാനാണ് കളത്തിലിറങ്ങുന്നത്. രാഹുൽ ഗാന്ധിയുടെ ടാലന്‍റ് ഹണ്ടിലൂടെ യൂത്ത് കോൺഗ്രസ് നേതൃ നിരയിൽ എത്തിയ നേതാവാണ് രമ്യ. കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂര്‍ സ്വദേശിനിയായ രമ്യ 2015 ല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പാട്ടുപാടിയും വോട്ടർമാർക്ക് ഒപ്പം നടന്നും പ്രചാരണം തുടങ്ങിയ രമ്യ നാട്ടിലെ താരമാണ്.
സസ്‌പെൻസ് സ്ഥാനാർഥിയായി സരസു ടീച്ചർ: അതേസമയം ബിജെപി ഇക്കുറി അപ്രതീക്ഷിത സ്ഥാനാർഥിയെയാണ് മണ്ഡലത്തിലിറക്കിയത്. പാലക്കാട് വിക്ടോറിയ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ പ്രതീകാത്മക ചിതയൊരുക്കി യാത്രയപ്പ് നൽകിയ പ്രിൻസിപ്പലാണ് ഡോ. ടി എൻ സരസു. എസ്‌എഫ്ഐ പല വിഷയങ്ങളിലും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സമകാലിക രാഷ്‌ട്രീയ സാഹചര്യത്തിൽ ഡോ. സരസുവിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിന് പല മാനങ്ങളുണ്ട്. പൂക്കോട് വെറ്റിനറി സര്‍വകലാശാല കാമ്പസിലെ സിദ്ധാർത്ഥന്‍റെ മരണത്തെത്തുടർന്ന് എസ്എഫ്ഐക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയരുന്ന സമയത്താണ് അതേ സംഘടനയുടെ പ്രവര്‍ത്തിക്ക് ഇരയായ അധ്യാപികയെ ബിജെപി സ്ഥാനാർഥിയാക്കുന്നത്.
ഡോ. സരസു വിരമിച്ച വേളയില്‍ എസ്‌എഫ്ഐയിലെ വിദ്യാർഥികൾ കോളേജില്‍ പ്രതീകാത്മക ശവക്കല്ലറയൊരുക്കി റീത്ത് വെച്ചിരുന്നു. ഈ സംഭവം കേരളമാകെ അന്ന് ചർച്ചാവിഷമയായിരുന്നു. 'എന്‍റെ കുഴിമാടമല്ല ഇവർ വെട്ടിയിരിക്കുന്നത്. വിക്ടോറിയ കോളേജിന്‍റെ 127 വര്‍ഷത്തെ അഭിമാനവും യശസ്സുമാണ് ഇവർ കുഴിമാടം വെട്ടി മൂടിയത്. ഇവിടെ ഇതുവരെ പഠിപ്പിച്ച അധ്യാപകരേയും പ്രിൻസിപ്പൽമാരേയും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളേയും ആണ് കുഴിമാടം വെട്ടി അതിനകത്ത് ഇവർ അടക്കിയത്. കേരളത്തിലെ ഏറ്റവും അന്തസ്സുള്ള കലാലയങ്ങളിലൊന്നാണിത്. അനേകം പ്രമുഖരാണ് ഇവിടെ നിന്ന് പഠിച്ചിറങ്ങിയിരിക്കുന്നത്. അവരെയെല്ലാമാണ് ഇവർ അപമാനിച്ചിരിക്കുന്നത്‘ എന്ന് കരഞ്ഞുകൊണ്ടാണ് അന്ന് ഡോ. ടി എൻ സരസു വിക്ടോറിയ കോളേജിൻ്റെ പടിയിറങ്ങിയത്.