ലക്ഷദ്വീപില്‍ കോണ്‍ഗ്രസ് (ETV Bharat) കവരത്തി :വോട്ടെണ്ണല്‍ ദിനത്തിലെ ആദ്യ ഫലം ലക്ഷദ്വീപില്‍ നിന്ന്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹംദുല്ല സെയ്‌ദ് എന്‍സിപിയില്‍ നിന്ന് സീറ്റ് പിടിച്ചെടുത്തു. ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ സിറ്റിങ് എം പി മൊഹമ്മദ് ഫൈസല്‍ പിപിയെയാണ് 3210 വോട്ടുകൾക്ക് ഹംദുല്ല സെയ്‌ദ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് തവണയും എന്‍സിപി സ്ഥാനാര്‍ഥിയായിരുന്നു ദ്വീപില്‍ നിന്ന് ജയിച്ചത്. ലക്ഷദ്വീപിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്.
ആകെ 48468 വോട്ടര്‍മാര്‍ മാത്രമുണ്ടായിരുന്ന ലക്ഷദ്വീപില്‍ ആറ് റൗണ്ടുകളായിട്ടായിരുന്നു വോട്ടെണ്ണിയത്. ആദ്യ റൗണ്ട് മുതല്‍ ലീഡ് നിലനിര്‍ത്തിപ്പോന്ന ഹംദുല്ല സെയ്‌ദ് 3210 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പിക്കുകയായിരുന്നു. ഏറെക്കാലം ലക്ഷദ്വീപ് എംപിയും ലോക്‌സഭ ഡെപ്യൂട്ടി സ്‌പീക്കറും ആയിരുന്ന പിഎം സെയ്‌ദിന്‍റെ മകനായ ഹംദുല്ല സെയ്‌ദ് 2009ല്‍ ലക്ഷദ്വീപില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു.
ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപ് സ്വദേശിയായ ഹംദുല്ല സെയ്‌ദിന് ഇത് മധുര പ്രതികാരം കൂടിയാണ്. 2019 ല്‍ വെറും 823 വോട്ടുകള്‍ക്ക് പരാജയം വഴങ്ങിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹംദുല്ല സെയ്‌ദ് 2014ല്‍ 1535 വോട്ടുകള്‍ക്ക് മൊഹമ്മദ് ഫൈസലിനോട് പരാജയപ്പെടുകയായിരുന്നു. എന്‍സിപിയിലെ പിളര്‍പ്പിനെത്തുടര്‍ന്ന് ശരദ് പവാര്‍ വിഭാഗത്തിനൊപ്പം നിന്ന മൊഹമ്മദ് ഫൈസലിന് പാര്‍ട്ടി ഔദ്യോഗിക ചിഹ്നമായ ക്ലോക്ക് ലഭിച്ചിരുന്നില്ല.
എന്‍സിപി അജിത് പവാര്‍ വിഭാഗത്തിനായിരുന്നു ക്ലോക്ക് ചിഹ്നം ലഭിച്ചത്. എന്‍സിപിയിലെ പിളര്‍പ്പ് ദ്വീപില്‍ ഇത്തവണ വിജയത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷ കോണ്‍ഗ്രസ് ക്യാമ്പുകളിലുണ്ടായിരുന്നു. എന്‍സിപി അജിത് പവാര്‍ വിഭാഗത്തിനായിരുന്നു ബിജെപി പിന്തുണ.
ലക്ഷദ്വീപില്‍ അറിയപ്പെടുന്ന മത പണ്ഡിതനും സുന്നി സംഘടന നേതാവും ജാമിയത്ത് ശുബനുസുന്നിയ സംഘടനയുടെ സ്ഥാപക നേതാവും കടമത്ത് ദ്വീപിലെ ഇമാമും മദ്രസ അധ്യാപകനുമൊക്കെയായ യൂസഫ് ടി പിയെ രംഗത്തിറക്കിയിട്ടും എന്‍സിപി അജിത് പവാര്‍ വിഭാഗത്തിന് ദ്വീപില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.